ന്യൂഡൽഹി :
മുന്‍ കേന്ദ്രധനമന്ത്രിയും ബി.ജെ.പി. പ്രമുഖ നേതാവുമായ അരുണ്‍ ജെയ്റ്റലി (66) അന്തരിച്ചു. ഡൽഹി എയിംസിൽ ഇന്ന് ഉച്ചയ്ക്ക് 12:30തോടുകൂടിയായിരുന്നു അന്ത്യം. ശ്വാസ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന്, കഴിഞ്ഞ രണ്ടാഴ്ചായായി തീവ്ര പരിചരണ ചികിത്സയിൽ കഴിഞ്ഞുവരികയായിരുന്നു.
ആരോഗ്യനില തീർത്തും മോശമാണെന്ന് ഇന്നലെ എയിംസ് പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കിയിരുന്നു.
ഒന്നാം മോദി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റലി, വാജ്‌പേയി, മോദി സര്‍ക്കാരുകളില്‍ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അന്തരിച്ച മുൻ കേന്ദ്ര മന്ത്രി മനോഹര്‍ പരീക്കര്‍ക്ക് മുന്‍പ്, കേന്ദ്ര പ്രതിരോധമന്ത്രിയായും ജെയ്‌റ്റിലി പ്രവര്‍ത്തിച്ചിരുന്നു.
ആഗസറ്റ് ഒൻപതിനാണ്, ആരോഗ്യസ്ഥിതി മോശമായതിനെതുടർന്ന് ജെയ്റ്റ്ലിയെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് , പ്രധാനമന്ത്രി നരേന്ദ്രമോദി , ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ധനമന്ത്രി നിര്‍മല സീതാരാമന്‍ തുടങ്ങിയവരും ലോക്സഭാ സ്പീക്കറും കഴിഞ്ഞ ദിവസങ്ങളിൽ എയിംസിലെത്തി അദ്ദേഹത്തെ സന്ദർശിച്ചിരുന്നു.
സുഷമ സ്വരാജിന്‍റെ അപ്രതീക്ഷിത വിടവാങ്ങലിനു പിന്നാലെ അരുണ്‍ ജെയ്റ്റലികൂടി മറയുന്നതോടെ ജനപ്രീതിയും കഴിവുമുള്ള രണ്ട് മുതിർന്ന നേതാക്കളെ ഒരുമിച്ചു ബിജെപിക്ക് നഷ്ടപെടുകയാണ്. ആര്‍എസ്എസിലൂടെ കടന്ന് വന്നവരായിരുന്ന അധികം ബി.ജെ.പി. നേതാക്കൾക്കിടയിൽ, എ.ബി.വി.പി.യുടെ പിൻബലത്തോടുകൂടി കടന്നു വന്ന് പാര്‍ട്ടിയുടെ മുന്‍നിരയിൽ എത്തിപ്പെട്ട്, നേതാവായ ചരിത്രമാണ് ജെയ്റ്റിലിയുടേത്. പാർട്ടി അതിരുകൾക്കപ്പുറം, ദേശീയരാഷ്ട്രീയത്തിലെ എല്ലാ നേതാക്കളോടും അടുത്ത സൗഹൃദം പുലര്‍ത്തിയ ജെയ്റ്റലി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സൗമ്യസാന്നിധ്യങ്ങളായ നേതാക്കളിൽ ഒരാളായിരുന്നു.
പ്രഗല്‍ഭനായ അഭിഭാഷകൻ കൂടിയായിരുന്ന ജയ്റ്റ്ലി, നരേന്ദ്രമോദിയുടെ വിശ്വസ്തനായി കാണപ്പെട്ടിരുന്നു.
ഇന്ത്യന്‍ സാമ്പത്തികരംഗത്തിൽ തന്നെ നിർണായകമായ തീരുമാനങ്ങളായിരുന്ന, ജി.എസ്.ടി.യും നോട്ടുനിരോധനവും നടപ്പിലായത് ജെയ്റ്റ്ലി ധനമന്ത്രിയായിരുന്ന കാലത്താണ്.