Mon. Dec 23rd, 2024
ന്യൂഡല്‍ഹി:

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോയ്ക്കൊണ്ടിരിക്കുന്നതെന്ന് നീതി ആയോഗ് ചെയർമാൻ രാജീവ് കുമാർ. നിലവിലേത് അസാധാരണ സാഹചര്യമാണ്, കഴിഞ്ഞ 70 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ പണലഭ്യതയുടെ കാര്യത്തില്‍ ഇത്തരമൊരു പ്രതിസന്ധി ഉണ്ടായിട്ടേയില്ലെന്ന് അദ്ദേഹം പറഞ്ഞു.
വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. ആയിരുന്നു രാജീവ് കുമാറിന്റെ പ്രതികരണം റിപ്പോര്‍ട്ട് ചെയ്തത്.

സമ്പദ്‌വ്യവസ്ഥയുടെ എല്ലാ മേഖലകളിലും രാജ്യം ഇന്ന് പ്രതിസന്ധി നേരിടുന്നുണ്ടെന്ന്, രാജീവ് കുമാര്‍ ആശങ്ക പ്രകടിപ്പിച്ചു.
സ്വകാര്യ മേഖലകളിൽ ഉണ്ടായിരിക്കുന്ന പ്രശ്നങ്ങളിൽ സര്‍ക്കാരിനു ചെയ്യാന്‍ കഴിയുന്ന പരിഹാരമെന്താണെങ്കിലും അത് ഉടന്‍ തന്നെ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയിൽ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച, വളരെ മോശം സ്ഥിതിലേക്ക് എത്തിയിരിക്കുകയാണെന്നും രാജീവ്കുമാർ കുറ്റപ്പെടുത്തി. നീതി ആയോഗ് വൈസ് ചെയര്‍മാനും രാജ്യത്തെ പ്രധാന സാമ്പത്തിക വിദഗ്ധനുമായ വ്യക്തിയുടെ പരാമര്‍ശമാണിതെന്നത്, ഏറെശ്രദ്ധേയമാണ്.

പണലഭ്യത കുറയുന്നത് ഗുരുതര സാഹചര്യം സൃഷ്ടിക്കും, ഇക്കാരണം കൊണ്ടുതന്നെ, സാമ്പത്തിക മേഖലയിലുള്ള പ്രതിസന്ധിയെ പൂര്‍ണമായും മനസിലാക്കി സര്‍ക്കാര്‍ ആവശ്യമായ നടപടികൾ എടുക്കേണ്ടതുണ്ടെന്നും രാജീവ് കുമാര്‍ പറയുന്നു. നിലവിൽ, ആരും ആരെയും വിശ്വസിക്കാത്ത സാഹചര്യമാണ് സാമ്പത്തിക രംഗത്തുള്ളത്; ഇത് സ്വകാര്യമേഖലയും സര്‍ക്കാരും തമ്മിലുള്ള പ്രശ്‌നം മാത്രമല്ലെന്നും സ്വകാര്യമേഖലയ്ക്കുള്ളില്‍ തന്നെ ഒരാൾ മറ്റൊരാളെ സഹായിക്കാന്‍ മനസുകാണിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

5.8 ശതമാനമായിരുന്നു മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക പാദത്തില്‍ ഇന്ത്യയുടെ ജി.ഡി.പി. വളര്‍ച്ച. നിലവിലെ സാഹചര്യത്തിൽ, ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തിലും ജി.ഡി.പി. വളര്‍ച്ച 5.7 ശതമാനമായി കുറയാനാണു സാധ്യത. നിക്ഷേപത്തിലും ഉപഭോഗത്തിലും കുറവുണ്ടാകുന്നതും സേവന മേഖലയിലെ മോശം പ്രകടനവുമാണ് ജി.ഡി.പി. വളര്‍ച്ച ഇത്രയും കുറയാനുള്ള കാരണം.

Leave a Reply

Your email address will not be published. Required fields are marked *