സ്‌പോണ്‍സര്‍ ചെയ്യുന്ന താരങ്ങള്‍ ഗര്‍ഭിണികളായാല്‍, അവരുടെ പതിനെട്ട് മാസത്തെ പ്രതിഫലം കുറയ്ക്കുന്ന തന്റെ രീതിയിൽ, മാറ്റം വരുത്തി നൈക്കി. ഇനി മുതല്‍, ഒരു കായികതാരം ഗര്‍ഭം ധരിച്ചാല്‍ അവർക്ക് സ്‌പോണ്‍സര്‍ഷിപ്പ് ഇനത്തില്‍ നല്‍കുന്ന പ്രതിഫലം കുറയ്ക്കില്ലെന്ന് നൈക്കി ഔദ്യോഗികമായി അറിയിച്ചു. വ്യാപകമായ എതിര്‍പ്പുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ശേഷമാണ്, ഗര്‍ഭം ധരിക്കുന്ന കായികതാരങ്ങളോടുള്ള നയത്തിൽ മാറ്റം വരുത്താൻ സ്‌പോര്‍ട്‌സ് സാമഗ്രികളുടെ നിര്‍മാതാക്കളായ നൈക്കി തയ്യാറായത്.
അമേരിക്കയുടെ ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവ് അല്ലിസണ്‍ ഫെലിക്‌സിന് അയച്ച ഇ മെയിലിലാണ് ഇക്കാര്യം നൈക്കി വ്യക്തമാക്കിയത്. ഗർഭം ധരിച്ചതിനെ തുടർന്ന്, സ്‌പോൺസർഷിപ് തുകയിൽ എഴുപത് ശതമാനം കുറവ് വരുത്തിയ നൈക്കിയുടെ നടപടിക്കെതിരെ ശക്തമായി രംഗത്ത് വന്ന താരമായിരുന്നു അല്ലിസണ്‍ ഫെലിക്‌സ്.
പ്രതിഫലം സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് നൈക്കിയുമായി തെറ്റിപ്പിരിഞ്ഞു ഫെലിക്‌സ്, ‘അത്‌ലറ്റ’ എന്ന ബ്രാന്‍ഡുമായി കരാറിൽ ഒപ്പുവച്ചു. ഇതോടെയാണ് നയത്തിൽ മാറ്റം വരുത്തിയതായറിയിച്ചു, നൈക്കി ഫെലിക്‌സിന് മെയില്‍ അച്ചത്.
ഫെലിക്‌സ് ഉൾപ്പെടെ , യു.എസ്. താരങ്ങളായ അലിസിയ മൊണ്ടാനോ, കാര ഗൗച്ചർ തുടങ്ങിയവരും നൈക്കിക്കെതിരേ ഇതേ പ്രശ്നം സംബന്ധിച്ചു രംഗത്തുവന്നിരുന്നു.
നേരത്തെ, ഗേള്‍ ഇഫക്റ്റ് പോലെ പെണ്‍കുട്ടികളെയും സ്ത്രീകളെയും ശാക്തീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന നൈക്കി, ചില മൂല്യങ്ങളില്‍ വിശ്വസിക്കുന്നത് കൊണ്ടാണ് താൻ അവരുമായി കരാര്‍ ഒപ്പിട്ടതെന്നും തങ്ങൾക്കിത്ര മൂല്യം മാത്രമാണോ നൈക്കി കല്പിച്ചിരിക്കുന്നെതെന്നും തുടങ്ങി, ഹൃദയഭേദകമായ രീതിയിൽ ഫെലിക്‌സ് ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയിരുന്നു.
നൈക്കിയുമായി കരാരവസാനിപ്പിച്ച ശേഷം, ജൂലൈയില്‍ നടന്ന യു.എസ്.എ. ഔട്ട്‌ഡോര്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ സ്‌പോണ്‍സറില്ലാതെയായിരുന്നു ഫെലിക്‌സ് മത്സരിച്ചത്.