Mon. Dec 23rd, 2024

ശ്രീറാം വെങ്കിട്ടരാമൻ കാറിടിച്ച് കൊലപ്പെടുത്തിയ യുവ പത്രപ്രവർത്തകൻ ബഷീർ വിസ്മൃതിയിൽ ആയി തുടങ്ങി. എന്നാൽ ആ സംഭവത്തിൽ ഉൾപ്പെട്ട വഫ ഫിറോസ് എന്ന യുവതിയെ കുറിച്ചുള്ള കഥകളും ഉപകഥകളുമായി കഴിഞ്ഞ മൂന്നാഴ്ച നമ്മുടെ മാധ്യമങ്ങൾ ആഘോഷിക്കുകയാണ്. വഫയുടെ വിദേശത്തുള്ള ഭർത്താവ് വിവാഹമോചനത്തിന് വേണ്ടി അയച്ച വക്കീൽ നോട്ടീസും അതിലെ പരാമർശങ്ങളുമാണ് ഇപ്പോൾ ചൂടുള്ള വാർത്ത.

സർക്കാരിന്റെ മൂക്കിൻ തുമ്പിൽ, കേരളത്തിലെ തന്നെ ഏറ്റവും വലിയ സുരക്ഷാ ക്രമീകരണങ്ങളുള്ള തലസ്ഥാന നഗരഹൃദയത്തിൽ ഒരു പത്രപ്രവർത്തകൻ കാറിടിച്ച് കൊല്ലപ്പെടുന്നു. ആ നിമിഷം മുതൽ പൊതു ജനങ്ങളുടെ സാമാന്യ യുക്തിയെ വെല്ലു വിളിക്കുന്ന വലിയൊരു അസംബന്ധ നാടകത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്.

ശ്രീറാം വെങ്കിട്ട രാമൻ മദ്യപിച്ചു വണ്ടിയോടിച്ചു എന്നായിരുന്നു സാക്ഷി മൊഴികൾ. എന്നാൽ ആരുടെയോ സമ്മർദ്ദത്താൽ നടപടി ക്രമങ്ങൾ എല്ലാം അട്ടിമറിച്ച് ശ്രീറാമിന് ഊരിപ്പോകാൻ തരത്തിൽ റിപ്പോർട്ടുകൾ ഉണ്ടാക്കി സാക്ഷി മൊഴികൾക്കു നേരെ കൊഞ്ഞനം കുത്തുകയാണ് പോലീസും ഡോക്ടർമാരും.

സംഭവം നടന്ന നിമിഷം മുതൽ മാധ്യമങ്ങളുടെ ജാഗ്രത ഉണ്ടായിരുന്നത് കൊണ്ട് മാത്രമാണ് ഈ കേസ് ഇത്രയും ശ്രദ്ധിക്കപ്പെട്ടത്. മാധ്യമങ്ങൾ ഇതിന്റെ പിന്നാലെ കൂടാൻ കാരണം മരിച്ചത് തങ്ങളിലൊരുവനായ മാധ്യമ പ്രവർത്തകൻ ആയതുകൊണ്ടെന്നു നിഷ്കളങ്ക മനുഷ്യർ ചിന്തിക്കും. എന്നാൽ തങ്ങൾ തന്നെ മൂന്നാറിൽ ‘ഹീറോ’ ആക്കിയ ശ്രീറാം വെങ്കിട്ട രാമൻ എന്ന ഐ.എ.എസുകാരൻ ആയിരുന്നു അപകടം ഉണ്ടാക്കിയത് എന്നതുകൊണ്ടും, അതിലുപരി ആ കാറിൽ അസമയത്ത് ഒരു യുവതിയുടെ സാന്നിധ്യം ഉള്ളതുകൊണ്ടും അത് പൊലിപ്പിച്ചെടുത്താൽ ഉണ്ടാക്കാവുന്ന സർക്കുലേഷൻ തന്നെ ആയിരുന്നു മാധ്യമങ്ങളുടെ പ്രഥമ പരിഗണന എന്നതാണ് വസ്തുത.

അപകടം നടന്നത്തിനു ശേഷമുള്ള ആദ്യ റിപ്പോർട്ടുകൾ മുതൽ വഫയുടെ സ്വകാര്യ ജീവിതത്തെ കുറിച്ചുള്ള വാർത്തകൾ ദുരൂഹതയുടെ ചായം കലർത്തി നൽകാൻ മാധ്യമങ്ങൾ മത്സരിച്ചിരുന്നു. ഉന്നത ഉദ്യോഗസ്ഥരുമായി അടുത്തു ബന്ധമുള്ള വിവാഹ മോചിതയായ യുവതി എന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. സോഷ്യൽ മീഡിയയിൽ അതിനകം തന്നെ അവരുടെ പേരിൽ വ്യാജ ചിത്രങ്ങളും വീഡിയോകളും നിറഞ്ഞു കഴിഞ്ഞിരുന്നു.

എല്ലാവരും വഫയുടെ പൂർവ്വ ചരിത്രം തിരഞ്ഞു വാർത്തകൾ കൊണ്ട് വരുന്നതിനിടെ പ്രമുഖ ചാനലായ ഏഷ്യാനെറ്റ് വഫയുമായി പ്രത്യേക അഭിമുഖം സംഘടിപ്പിച്ച് എല്ലാവരെയും കടത്തി വെട്ടി. തങ്ങളിൽ ഒരുവനായ ഒരു മാധ്യമ പ്രവർത്തകൻ മരണപ്പെട്ടിട്ടും അതിനു ഉത്തരവാദിയായി പ്രതിപ്പട്ടികയിൽ ഉള്ള യുവതിക്ക് തന്റെ കൃത്രിമ വാദങ്ങൾ നിരത്തി നല്ല പിള്ള ചമയാൻ ഏഷ്യാനെറ്റ് അവസരം കൊടുത്തു . അതിനു ഏക കാരണം ആ യുവതിയുടെ കഥകൾക്ക് കിട്ടുന്ന വിപണി മൂല്യം മാത്രമാണ്. വഫക്കു പകരം ആ സ്ഥാനത്ത് ഒരു പുരുഷൻ ആയിരുന്നെങ്കിലോ?

ഇപ്പോൾ വഫയുടെ കുടുംബ ജീവിതത്തിലെ പ്രശ്നങ്ങളും, വിവാഹ മോചനത്തിന് ഭർത്താവു അവർക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളുമാണ് മാധ്യമങ്ങൾ ആഘോഷിക്കുന്നത്. വിവാഹമോചനക്കേസുകളിൽ തന്റെ ഭാഗം സമർത്ഥിക്കുന്നതിന് സ്വാഭാവികമായും ഇത്തരം വിഴുപ്പലക്കുകകൾ അതിലെ കക്ഷികളും നടത്തും. യഥാർത്ഥ വസ്തുതകൾക്കും സംഭവങ്ങൾക്കും അപ്പുറം ഇരുപക്ഷത്തെയും അഭിഭാഷകർ കഥകൾ കെട്ടിച്ചമയ്ക്കും. അവഹേളനപരവും അസത്യവുമായ കാര്യങ്ങൾ തിരുകിക്കയറ്റും. എതിർ കക്ഷിയെ മാനസികമായി തളർത്തി നിശബ്ദമാക്കാൻ വക്കീലന്മാർ ആണ് മിക്കവാറും ഈ ബുദ്ധി ഉപദേശിക്കുക.

പക്ഷെ നമ്മുടെ എല്ലാ മുഖ്യധാരാ മാധ്യമങ്ങളും ചെയ്യുന്നത് അതിന്റെ നിജസ്ഥിതി പരിശോധിക്കാതെ ഏകപക്ഷീയമായി ഈ വാർത്തകൾ റിപ്പോർട്ട് ചെയ്യുകയാണ്. അവരുടെ ഗർഭഛിദ്രം വരെ. മറ്റു വ്യക്തികളുടെ, അയാൾ ഒരു കൊടും ക്രിമിനൽ ആയാൽ പോലും അയാളുടെ സ്വകാര്യതകൾ ബഹുമാനിക്കാൻ മലയാളികൾ ഇനിയും പഠിച്ചിട്ടില്ല.

ഇക്കാര്യത്തിൽ ഏതെങ്കിലും ഒരു മാധ്യമ സ്ഥാപനത്തെ മാത്രം കുറ്റപ്പെടുത്താൻ കഴിയില്ല. ഏറിയും കുറഞ്ഞും എല്ലാവരും ഇത്തരം വാർത്തകൾ ചെയ്യുന്നുണ്ട്. കേരളത്തിൽ അങ്ങനെയൊരു മാധ്യമ സംസ്കാരമാണ് ഉരുത്തിരിഞ്ഞു വന്നിട്ടുള്ളത്. അതിനുമപ്പുറം കടുത്ത മത്സരമാണ് മാധ്യമ രംഗം നേരിടുന്നത്. തങ്ങളുടെ എതിരാളികൾ ഒരു കാര്യം പുറത്തുവിട്ടാൽ മറ്റുള്ളവരും അതിനു തയ്യാറാകേണ്ടി വരും. അല്ലെങ്കിൽ പിടിച്ചു നില്ക്കാൻ പറ്റില്ല. മാത്രമല്ല നൈതികതയുടെ പേരിൽ ഒന്നിനെയും തള്ളിക്കളയാൻ മാധ്യമ എഡിറ്റർമാർക്കു സാധിക്കുന്നില്ല. കാരണം മാനേജ്‌മെന്റിൽ നിന്നും ടാർജെറ്റ് തികക്കാനുള്ള കടുത്ത സമ്മർദ്ദം.

വേറൊരു തരത്തിൽ ചിന്തിച്ചാൽ മലയാളി സമൂഹവും ഇത്തരം വാർത്തകളാണ് ഇഷ്ടപ്പെടുന്നത്. അതുകൊണ്ടു മാധ്യമങ്ങൾ അവർക്കാവശ്യമുള്ളതു കൊടുക്കുന്നു. കഷ്ടപ്പെട്ട് കാര്യങ്ങൾ തേടിയലഞ്ഞു കാർഷിക പ്രശ്നങ്ങളെ കുറിച്ചോ, വിദ്യാഭ്യാസ വിഷയങ്ങളെ കുറിച്ചോ ഒരു വാർത്ത ചെയ്താൽ കിട്ടുന്നതിന്റെ നൂറു മടങ്ങു റീച്ച് ഇത്തരം സുന്ദരിമാരുടെ അപസർപ്പക കഥകൾ എഴുതിയാൽ മാധ്യമങ്ങൾക്കു കിട്ടുന്നു. അപ്പോൾ അവരെ മാത്രം കുറ്റം പറഞ്ഞിട്ടും കാര്യമില്ല.

സോളാർ കേസ് എന്താണെന്നു തന്നെ മലയാളികൾ മിക്കവർക്കും പൂർണ്ണമായി വിശദീകരിക്കാൻ സാധിക്കില്ല. പക്ഷെ അതിലെ നായികയായ സരിതയുടെ സ്വകാര്യതകൾ അറിയാത്ത മലയാളികൾ ബാക്കിയുണ്ടാകില്ല. അപ്പോൾ തങ്ങളുടെ പ്രേക്ഷകർക്കോ വായനക്കാർക്കോ വേണ്ടത് എന്തെന്ന് തിരിച്ചറിയുന്ന മാധ്യമ ബിസിനസുകാർ ആ വഴി തിരഞ്ഞെടുക്കുന്നത് സ്വാഭാവികം മാത്രം. പ്രത്യേകിച്ചും മാധ്യമ രംഗത്തേക്ക് കുത്തകകളുടെ കടന്നു വരവോടെ ലാഭം മാത്രം ലക്ഷ്യമാക്കിയുള്ള വാർത്ത ശൈലിയാണ് എല്ലാവരും അവലംബിക്കുന്നത്.

മലയാളത്തിൽ ഇത്തരം വാർത്തകൾക്ക് പതിറ്റാണ്ടുകളുടെ പാരമ്പര്യം ഉണ്ട്. വളരും തോറും പിളരുന്ന കേരള കോൺഗ്രസ്സിന്റെ ആദ്യ പിളർപ്പ് തന്നെ ഇപ്പോൾ സംഭവിച്ച ശ്രീറാം വെങ്കിട്ട രാമന്റെ കേസിനു സാമ്യതയുള്ള സംഭവത്തെ തുടർന്നായിരുന്നു. 1963 ൽ ആഭ്യന്തര മന്ത്രിയായിരുന്ന പി. ടി. ചാക്കോ സഞ്ചരിച്ച കാർ ഒരു കാളവണ്ടിയില്‍ മുട്ടി. മന്ത്രിയുടെ കാറില്‍ത്തന്നെ പരിക്കേറ്റ കാളവണ്ടിക്കാരനെ തൊട്ടടുത്തുള്ള ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ഉചിതമായ ചികിത്സ അയാള്‍ക്ക് നല്‍കാന്‍ മന്ത്രി ചാക്കോ അവിടെയുണ്ടായിരുന്ന ഡോക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയശേഷം പീച്ചിയിലേക്ക് യാത്ര തുടര്‍ന്നു.

എന്നാൽ മന്ത്രി ചാക്കോയുടെ ഔദ്യോഗിക കാറില്‍ ഒരു സ്ത്രീ ഉണ്ടായിരുന്നു എന്ന് അപകടവേളയില്‍ തൃശൂരില്‍ പലരും ശ്രദ്ധിച്ചു. മലയാളിയുടെ സഹജമായ ഒളിഞ്ഞുനോട്ടവും സംശയദൃഷ്ടിയും മൂലം ഒരു അന്തിപ്പത്രത്തിന്റെ ലേഖകന്‍ മന്ത്രിയുടെ വസതിയിലേക്ക് ഫോണ്‍ ചെയ്ത് കാറിലുണ്ടായിരുന്നത് ഭാര്യയല്ലെന്ന് സ്ഥിരീകരിച്ചു. ആഭ്യന്തരമന്ത്രി പി.ടി. ചാക്കോ ഭാര്യയല്ലാത്ത ഒരു സ്ത്രീയുമായി പീച്ചി ഗസ്റ്റ് ഹൗസില്‍ താമസിച്ചു എന്ന വൃത്താന്തം കാട്ടുതീ പോലെ പടര്‍ന്നു. ഇക്കാര്യം സ്ഥിരീകരിക്കാന്‍ രണ്ട് പ്രമുഖ പത്രങ്ങളുടെ ലേഖകന്‍മാര്‍ പീച്ചി ഗസ്റ്റ് ഹൗസില്‍ ചെന്നു. മന്ത്രിയോടൊപ്പം ഗസ്റ്റ് ഹൗസില്‍ കഴിഞ്ഞ സ്ത്രീയുടെ എറണാകുളത്തെ വീട്ടില്‍ അതിലൊരു ലേഖകന്‍ ഇന്റര്‍വ്യൂ ചെയ്യാന്‍ എത്തി. തുടർന്ന് പി. ടി. ചാക്കോയ്ക്ക് ആഭ്യന്തര മന്ത്രി സ്ഥാനം രാജി വെക്കേണ്ടി വരികയും പാർട്ടി പിളരുകയും ചെയ്തു.

എന്നാൽ ഇന്ന് കാണുന്ന രീതിയിൽ ഇത്തരം ഇക്കിളി വാർത്തകൾ മാധ്യമങ്ങൾ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയത് സൂര്യനെല്ലി പെൺവാണിഭ കേസിനു ശേഷമാണ്. സൂര്യനെല്ലിക്കു ശേഷം കിളിരൂർ, കതിരൂർ, വരാപ്പുഴ, പറവൂർ തുടങ്ങി നിരവധി പെൺവാണിഭ കേസുകളുടെ ഒരു വേലിയേറ്റം കേരളത്തിൽ ഉണ്ടായി. അതോടെ ഇരകളെയും, പ്രതികളെയും കുറിച്ച് പൊടിപ്പും തൊങ്ങലും വെച്ച് നൂറു കണക്കിന് വാർത്തകൾ വന്നു കൊണ്ടിരുന്നു. അതോടെ മലയാളികളുടെ വാർത്ത വീക്ഷണത്തിന്റെ ഒരു ഭാഗമായി ഇത്തരം വാർത്തകൾ മാറി.

ഇക്കിളി വർത്തകൾക്കൊപ്പം രാഷ്ട്രീയം കൂടി ചേർന്നാൽ പിന്നെ അതിന്റെ വീര്യം ഇരട്ടിയാകുന്നു. സോളാർ കേസും, ഐസ്ക്രീം പെൺവാണിഭ ക്കേസും അത്തരത്തിൽ വർഷങ്ങളോളം മാധ്യമ ലോകം ആഘോഷിച്ച വാർത്തകൾ ആയിരുന്നു. സിനിമ മേഖലയിൽ ദിലീപിന്റെ കേസ് , ആത്മീയ മേഖലയിൽ ബിഷപ്പ് ഫ്രാങ്കോ കേസ് , ഓർത്തഡോക്സ് അച്ചന്മാരുടെ കുമ്പസാരക്കേസ്‌ തുടങ്ങി സ്ത്രീ പീഡന കേസില്ലാത്ത വാർത്ത ദിനം ഒരു വർഷത്തിൽ ചുരുക്കം ദിവസങ്ങളിൽ മാത്രമേ സംഭവിക്കാറുള്ളു. എന്നാൽ ഇതിന്റെ യാഥാർത്ഥ്യങ്ങളെക്കാൾ കൂടുതൽ ഇതിലെ കക്ഷികളുടെ സ്വകാര്യ ജീവിതങ്ങളെക്കുറിച്ച് ഭാവന സൃഷ്ടികളായ വാർത്തകളാണ് കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

മറ്റുള്ളവരുടെ വ്യക്തി ജീവിതത്തിലേക്ക് എത്തി നോക്കാനുള്ള മലയാളികളുടെ സഹജമായ വെമ്പൽ മാധ്യമങ്ങളെയും ഗ്രസിച്ചിരിക്കുന്നു. പണ്ട് ഈ ജോലി അന്തിപത്രങ്ങൾ മാത്രം ആയിരുന്നു ചെയ്തതെങ്കിൽ ഇന്ന് അത് ഓൺലൈൻ രംഗത്തു മാത്രമല്ല വ്യാപകമായി മുഖ്യധാരാ മാധ്യമങ്ങളും ഇത്തരം വാർത്തകൾ ആഘോഷിക്കുന്നു. ബിസിനസ്സ് തന്ത്രം മാത്രമായി ചുരുക്കി അതിന്റെ ധാർമ്മിക ബാധ്യതയിൽ നിന്നും മാറി നിൽക്കാൻ മാധ്യമങ്ങൾക്കു അവകാശമില്ല.

വെറും പാപ്പരാസി പണിയായി നമ്മുടെ മാധ്യമ രംഗം അധഃപതിക്കരുത്. മാധ്യമരംഗത്തെ മത്സരത്തിന്റെ പേര് പറഞ്ഞു മഹത്തായ ഒരു തൊഴിലിന്റെ പവിത്രത കളയരുത്.

എന്തായാലും സ്വകാര്യതകളെ ലംഘിക്കുന്ന ഇത്തരം വാർത്തകൾ കൊടുക്കുന്നതിൽ നിന്നും “വോക്ക് മലയാളം” മാറി നിൽക്കുന്നു എന്ന് ഞങ്ങൾക്ക് അഭിമാനപൂർവ്വം പറയാൻ കഴിയും.

Leave a Reply

Your email address will not be published. Required fields are marked *