കൊല്‍ക്കത്ത:
എം.എസ് ധോനി ടീമിൽ തുടരുന്നതിനെതിരെ കടുത്ത വിമര്‍ശനവുമായി യുവതാരം മനോജ് തിവാരി. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ധോനിയുടെ സ്ഥാനത്തെ ചോദ്യംചെയ്തതോടൊപ്പം, ഒരുപാട് യുവ പ്രതിഭകള്‍ പുറത്തിരിക്കുമ്പോള്‍, മികച്ച പ്രകടനം കാഴ്ചവയ്ക്കാത്തവർ ടീം വിട്ട് പുറത്തു പോകണമെന്നും മനോജ് തിവാരി പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെ സ്വന്തം അഭിപ്രായം വെളിപ്പെടുത്തുകയായിരുന്നു, യുവ താരം.
മുന്‍കാലത്ത് നടത്തിയ മികച്ച പ്രകടനങ്ങളെ കണക്കിലെടുത്തുകൊണ്ടാണ്, സെലക്ടര്‍മാര്‍ ഇപ്പോഴും ധോനിയെ ടീമില്‍ നിലനിർത്തിയിരിക്കുന്നത്. രാജ്യത്തിനായി മികവുറ്റ പ്രകടനം തന്നെയാണ് ധോനിയിൽ നിന്നും ഉണ്ടായിട്ടുള്ളത്, എങ്കിലും, ഇന്ത്യന്‍ ടീം ആരുടേയും സ്വകാര്യ സ്വത്തല്ലെന്നാണ് താരം പറയുന്നത്.
ധോനിയുടെ സീമപകാലത്തെ പ്രകടനം മോശമാണ്. ഇതിഹാസതാരം സച്ചിന്‍ തെണ്ടുല്‍ക്കര്‍പ്പോലും ഇന്ത്യന്‍ ടീമില്‍ ധോനിയുടെ സ്ഥാനത്തെ കുറിച്ച് സംശയം പ്രകടിപ്പിച്ചിരുന്നു. നിലവിൽ, ധോനിക്ക് പിന്തുണ നല്‍കുന്ന ആൾ വിരാട് കോലി മാത്രമാണ്. കോലി ധോനിയെ ടീമിൽ നിലനിർത്തണമെന്ന് വാശി പിടിക്കുന്നുണ്ട്. ആയതിനാൽ, സെലക്ഷന്‍ കമ്മിറ്റിയാണ് ഇതിൽ ധൈര്യപൂർവം ഒരു തീരുമാനം എടുക്കേണ്ടത്. ഈ സാഹചര്യത്തിൽ കമ്മിറ്റി സ്വതന്ത്രവും നിഷ്പക്ഷവുമായ ഒരു തീരുമാനമെടുത്തേ മതിയാവൂ, തിവാരി വ്യക്തമാക്കി.
കഴിഞ്ഞ സീസണില്‍ ഐ.പി.എല്ലിലെ ഒരു ടീമിലും മുപ്പത്തിമൂന്നുകാരനായ തിവാരിയ്ക്ക് ഇടം പിടിക്കാനായിരുന്നില്ല. താരത്തെ ദുലീപ് ട്രോഫിക്കുള്ള ടീമില്‍ നിന്നും സെലക്ടര്‍മാര്‍ തഴഞ്ഞിരുന്നു, ഇതിനെതിരെയും തിവാരി പ്രതികരിച്ചു.