തിരുവനന്തപുരം:
സംസ്ഥാനത്ത് ശക്തമായ മഴയെ തുടര്‍ന്ന് ഖനനത്തിനും ക്വാറികള്‍ക്കും ഏര്‍പ്പെടുത്തിയിരുന്ന വിലക്കുകള്‍ പിന്‍വലിച്ചു. മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് ഡയറക്ടര്‍ കെ. ബിജുവാണ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചുള്ള ഉത്തരവിറക്കിയത്. ഖനനം മൂലമുള്ള ദുരന്ത സാധ്യതകള്‍ ഒഴിവാക്കാന്‍ ദുരന്ത നിവാരണ അതോറിറ്റി നല്‍കിയിരുന്ന നിര്‍ദേശ പ്രകാരമായിരുന്നു വിലക്ക്.
വീട് നിര്‍മ്മാണം, കെട്ടിടനിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള സാധാരണ മണ്ണുനീക്കം എന്നീ പ്രവര്‍ത്തനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു. ആഗസ്റ്റ് ഒമ്പതിനാണ് പാറപൊട്ടിക്കല്‍ മണ്ണു ഖനനം എന്നിവയ്ക്ക് സംസ്ഥാനത്ത് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
സംസ്ഥാനത്ത് മഴ കുറഞ്ഞ സാഹചര്യത്തിലും കേരള ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാനിര്‍ദേശങ്ങള്‍ പിന്‍വലിച്ച സാഹചര്യത്തിലുമാണ് നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നത് എന്നാണ് വിശദീകരണം. ഇതോടെ മഴയെ തുടര്‍ന്ന് നിര്‍ത്തി വെച്ചിരുന്ന ക്വാറി മണല്‍ ഖനനങ്ങളെല്ലാം പഴയതുപോലെ വീണ്ടും തുടങ്ങും.
അതേസമയം, മലപ്പുറം ഉള്‍പ്പെടെ പ്രളയവും ഉരുള്‍പൊട്ടലും വലിയ നാശനഷ്ടമുണ്ടാക്കിയ പ്രദേശങ്ങളില്‍ നിയന്ത്രണം തുടരുമെന്നും അറിയിപ്പുണ്ട്. ഇത്തരം പ്രദേശങ്ങളില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയാണ് തീരുമാനമെടുക്കേണ്ടതെന്നും ഉത്തരവില്‍ പറയുന്നുണ്ട്. മലപ്പുറത്തെ നിയന്ത്രണം ഒരാഴ്ച കൂടി നീട്ടാനാണ് ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടറുടെ തീരുമാനം.