Mon. Dec 23rd, 2024
തിരുവനന്തപുരം:

പി.എസ്.സി. പരീക്ഷത്തട്ടിപ്പ് കേസിൽ മുഖ്യപ്രതികളായ ശിവരജ്ഞിത്തും നസീമും സ്മാർട്ട് വാച്ചിലെ ബ്ളൂടൂത്ത് ഉപയോഗിച്ചാണ് സിവിൽ പോലീസ് ഓഫീസർ പരീക്ഷയിൽ കോപ്പിയടിച്ചതെന്ന് സൂചന. ഈ സംശയത്തിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച ക്രൈംബ്രാഞ്ച് സംഘം നടത്തിയ റെയ്‌ഡിൽ പ്രതികളുടെ വീട്ടിൽ നിന്നും രണ്ട് മൊബൈൽ ഫോണുകളും മൂന്ന് മെമ്മറി കാർഡുകളും ഏതാനും രേഖകളും പിടിച്ചെടുത്തു.

പരീക്ഷസമയം പ്രതികളുടെ ഫോണിലേക്ക് നിരവധി സന്ദേശങ്ങൾ എത്തിയിരുന്നു ; ശിവരഞ്ജിത്തിന്റെ ഫോണിലേക്ക് 96 സന്ദേശങ്ങളും പ്രണവിന് 78 സന്ദേശങ്ങളും എത്തിയിരുന്നതായാണ് പി.എസ്.സി.യുടെ ആഭ്യന്തര വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. അതേസമയം, തട്ടിപ്പിനുപിന്നിൽ അൻപതിലേറെ പേർ ഉൾപ്പെടുന്ന വൻ സംഘമുണ്ടെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച സൂചന.

പി.എസ്.സി. പരീക്ഷാ ഹാളിൽ മൊബൈൽഫോൺ അനുവദിക്കാറില്ല. ഇതിനെത്തുടർന്ന്, പരീക്ഷാഹാളിൽ പ്രവേശിക്കുന്നതിനു തൊട്ടുമുൻപ്, പ്രതികൾ കൈയിൽ കെട്ടിയിരുന്ന സ്മാർട്ട് വാച്ചും ഫോണും തമ്മിൽ ബ്ളൂടൂത്ത് ഉപയോഗിച്ച് ബന്ധിപ്പിക്കുകയും സുഹൃത്തുക്കളുടെ സഹായത്തോടെ മൊബൈൽ ഫോൺ വഴി സ്മാർട്ട് വാച്ചിലേക്ക് ഉത്തരങ്ങൾ ലഭ്യമാക്കുകയും ചെയ്തെന്നാണ് അന്വേഷണ സംഘം കരുതുന്നത്. എന്നാൽ, പരീക്ഷ ഹാളിൽ നിന്നും ചോദ്യക്കടലാസ് പുറത്തേക്ക് ഇവർ എങ്ങനെയാണ് എത്തിച്ചതെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.
ചിലപ്പോൾ, പരീക്ഷാ ഹാളിൽനിന്ന് ചോദ്യക്കടലാസ് ജനാലവഴി പുറത്തേക്കിടുകയോ പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ സഹായത്തോടെ ഫോണുപയോഗിച്ച് ചോദ്യക്കടലാസ് പുറത്തെത്തിക്കുകയോ ചെയ്തിരിക്കാമെന്നാണ് സൂചന. ഇവ കണക്കിലെടുത്തുകൊണ്ട് അന്വേഷണം പുരോഗമിക്കുകയാണ്.

കഴിഞ്ഞദിവസം ചോദ്യംചെയ്യലിനിടെ പ്രതികൾ കുറ്റസമ്മതം നടത്തിയതിന് പിന്നാലെയാണ് റെയ്ഡ്.

നിലവിൽ, പ്രതികളായ നസീമിനും ശിവരഞ്ജിത്തിനും പരീക്ഷായ്ക്കിടെ ഉത്തരങ്ങൾ അയയ്ച്ചു കൊടുത്തെന്ന് സംശയിക്കുന്ന പേരൂർക്കട എസ്.എ.പി. ക്യാമ്പിലെ ഗോകുൽ ഒളിവിലാണ്, ഇയാളെ കണ്ടെത്താതെ അന്വേഷണം മുന്നോട്ടുപോകില്ല എന്നാണു ക്രൈംബ്രാഞ്ച് പറയുന്നത്. അതേസമയം, ഇയാൾ ഉൾപ്പെടെയുള്ള പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുമുണ്ട്.

ശിവരഞ്ജിത്ത്, നസീം, പ്രണവ്, ഗോകുൽ, കല്ലറ സ്വദേശി സഫീർ മുതലായവരാണ് പി.എസ്.സി. പരീക്ഷത്തട്ടിപ്പ് കേസിലെ പ്രതികൾ. ഇതിൽ ശിവരഞ്ജിത്തും നസീമും ഒഴികെ ബാക്കി മൂന്നുപേരും ഒളിവിലാണ്. ഇവരിൽ, ഗോകുൽ ജില്ല വിട്ടതായാണ് സൈബർസെൽ കണ്ടെത്തിയത്. തുടർച്ചയായി 21 ദിവസം ഹാജരാകാതിരുന്നാൽ ഇയാൾക്കെതിരേ അച്ചടക്കനടപടിയെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *