#ദിനസരികള്‍ 855
അസാമാന്യമായ പ്രഹരശേഷിയുള്ള ഒരു നാവ് കേരളത്തില്‍ തലങ്ങും വിലങ്ങും ഓടി നടക്കേണ്ട ഒരു കാലമാണിതെന്ന് എനിക്കു തോന്നുന്നു. കാരണം ഭരണ- പ്രതിപക്ഷ ഭേദമില്ലാതെ അനീതിയേയും അഴിമതിയേയും തുറന്നെതിര്‍ത്തുകൊണ്ട് നിര്‍ഭയം ശരിയോടൊപ്പം നിലകൊള്ളുന്ന അത്തരമൊരു നാവിന്റെ അഭാവം, നാം ഗൌരവപൂര്‍വ്വമായ ചര്‍ച്ചയ്ക്കു വിധേയമാക്കേണ്ട പല വിഷങ്ങളേയും പൊതുജനങ്ങളുടെ ശ്രദ്ധയില്‍ നിന്നും മാറ്റി നിറുത്തുന്നു. അതുകൊണ്ടുതന്നെ ജനാധിപത്യപരമായി വിമര്‍ശിക്കപ്പെടാനും തിരുത്തപ്പെടാനുമുള്ള അവസരങ്ങള്‍ പരിമിതപ്പെടുന്നു. പലരും അതുകൊണ്ടുതന്നെ ആശ്വസിക്കുന്നുമുണ്ടാവാം. എന്നാല്‍ സമൂഹത്തിന് അത്തരത്തിലുള്ള നിര്‍ഭയനായ ഒരു വഴികാട്ടി ഗുണമാകുകതന്നെ ചെയ്യും.
നമുക്ക് ഇപ്പോള്‍ പ്രാസംഗികരില്ലെന്നല്ല. വിഷയങ്ങളുടെ തായും വേരും വ്യക്തമാക്കുന്ന, കവിത നിറഞ്ഞ മനോഹരമായ ഭാഷയില്‍ സംവദിക്കാന്‍ കഴിയുന്നവര്‍ നിരവധിയുണ്ട്. സൈദ്ധാന്തികതയുടെ മഹാമേരുക്കളിലൂടെ അനായാസം ഓടിക്കളിക്കുന്നവര്‍. പക്ഷേ അക്കൂട്ടരൊക്കെ ഒരു പ്രത്യേക പരിവേഷത്തിന്റെ പരിധിയിലേക്ക് ഒതുങ്ങി നില്ക്കുകയാണ്. നമ്മുടെ ദൈനംദിന വ്യവഹാരങ്ങളുടെ മേഖലകളെ ചെന്നു തൊട്ടുനോക്കാന്‍ അവരാരും തന്നെ പ്രത്യക്ഷമായോ പരോക്ഷമായോ ശ്രമിച്ചു നോക്കുന്നില്ല. അതൊന്നും തങ്ങളുടെ വിഷയങ്ങളല്ലെന്നോ അതല്ലെങ്കില്‍ അത്തരം വിഷയങ്ങള്‍ രണ്ടാംകിടയോ മൂന്നാംകിടയോ ആണെന്നോ ഉള്ള ഒരു ഭാവം അവരെ അടക്കി നിറുത്തുന്നോയെന്ന് സംശയിക്കണം.
ഒരുദാഹരണത്തിന് ശ്രീറാം വെങ്കിട്ടരാമന്‍ എന്ന ഐ.എ.എസ്. ഓഫീസര്‍ മദ്യപിച്ച് വാഹനമോടിച്ച് ഒരു പത്രപ്രവര്‍ത്തകനെ ഇടിച്ചു കൊന്ന സംഭവം പരിശോധിക്കുക. കക്ഷിരാഷ്ട്രീയത്തെ അടിസ്ഥാനപ്പെടുത്തി വിലകുറഞ്ഞ വിടുവാക്കുകള്‍ പറയുന്ന പടുബുദ്ധികളല്ലാതെ കേരളത്തിന്റെ പൊതുമനസാക്ഷിയോട് ചേര്‍ന്നു നില്ക്കുന്ന ആരെങ്കിലും ആ വിഷയത്തില്‍ ഗൌരവമായി പ്രതികരിച്ചു കണ്ടുവോ? ഒരു വാദത്തിന് ഡോ. സുകുമാര്‍ അഴീക്കോട് ജീവിച്ചിരുന്നുവെന്ന് വെറുതെ സങ്കല്പിക്കുക. തീര്‍ച്ചയായും അദ്ദേഹം ഈ വിഷയത്തില്‍ പ്രതികരിക്കുമായിരുന്നുവെന്ന് ഞാന്‍ വിചാരിക്കുന്നു. എന്നു മാത്രവുമല്ല ആ യുദ്ധം മുഖ്യമന്ത്രിയിലേക്കു പോലും എത്തിക്കുവാനുള്ള ഒരു ശ്രമം അദ്ദേഹം നടത്തുമായിരുന്നു.
അങ്ങനെ അദ്ദേഹം കേരളീയരുടെ ദൈനംദിന ജീവിതങ്ങളില്‍ ഇടപെട്ടു പോയതിന് ഉദാഹരണങ്ങള്‍ എത്രയോ ഉണ്ട്. കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന അച്യുതാനന്ദനുമായി അദ്ദേഹം അക്കാലത്ത് നടത്തിയ ഏറ്റുമുട്ടലുകളുടെ ന്യായാന്യായങ്ങളെക്കാള്‍ തനിക്കു ശരിയെന്ന് വിളിച്ചു പറയാന്‍ അദ്ദേഹം കാണിച്ച ആര്‍ജ്ജവം പരിഗണിക്കപ്പെടേണ്ടതാണ്. സിനിമാ നടന്‍ മോഹന്‍ലാലിനെ തിരുത്തിക്കൊണ്ട് സമൂഹത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്നവര്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക തന്നെ വേണമെന്ന് നിര്‍ബന്ധം പിടിക്കാന്‍ ഒരു സുകുമാര്‍ അഴീക്കോടേ ഉണ്ടായിരുന്നുള്ളു. സമൂഹം വളര്‍ത്തിയവര്‍ സമൂഹത്തോട് എങ്ങനെ പെരുമാറണമെന്നും എന്താണ് സമൂഹത്തിന് തിരിച്ചു കൊടുക്കേണ്ടതെന്നുമുള്ള ഒരു പുതിയ ധാരണ നമ്മെ പഠിപ്പിക്കാന്‍ അദ്ദേഹത്തിന്റെ ഇടപെടലിന് കഴിഞ്ഞു വെന്നതാണ് ഏറെ കോളിളക്കമുണ്ടാക്കിയ പ്രതികരണത്തിന്റെ ബാക്കിപത്രം. എന്നാല്‍ ആ കരുതല്‍ പിന്നീടും തുടര്‍ന്നു കൊണ്ടുപോകാന്‍ നമുക്ക് എത്ര കഴിഞ്ഞുവെന്ന ചോദ്യം അവശേഷിക്കുന്നു.
സുകുമാര്‍ അഴീക്കോട് വലതുപക്ഷ പ്രത്യയശാസ്ത്രത്തിന് സംഭവിച്ച മൂല്യശോഷണത്തില്‍ അതീവ ഖിന്നനായിരുന്നെങ്കില്‍ എം.എന്‍. വിജയന്‍ ഇടതുപക്ഷത്തിനും അത്തരമൊരു അപചയം സംഭവിച്ചുവെന്ന് കരുതിപ്പോന്നു. അതുകൊണ്ടുതന്നെ അദ്ദേഹം തന്റെ വേദികളെ ഇടതുവിമര്‍ശനങ്ങള്‍ക്ക് ഉപയോഗിച്ചത് കേരളം മറന്നിട്ടില്ലല്ലോ. വിജയന്‍ മാസ്റ്റര്‍ പലപ്പോഴും തന്റെ വ്യക്തിപരമായ താല്പര്യങ്ങളെക്കൂടി അത്തരത്തിലുള്ള വിമര്‍ശനങ്ങളിലേക്ക് കലരാനനുവദിച്ചിരുന്നുവെങ്കിലും കൂടുതല്‍ മൂല്യവത്തായ ഒരു രാഷ്ട്രീയം പുലരേണ്ടതിന്റെ ആവശ്യകതയെ ഉയര്‍ത്തിപ്പിടിച്ചിരുന്നു. എന്നുമാത്രവുമല്ല അദ്ദേഹത്തിന്റെ ഇടപെടലുകള്‍ മാര്‍ഗ്ഗങ്ങളെ തെളിച്ചു കാട്ടുന്നതു തന്നെയായിരുന്നു. സന്ദര്‍ഭവശാല്‍ പറയട്ടെ സത്യസന്ധവും കാര്യക്ഷമവുമായ നല്ല വിമര്‍ശനങ്ങള്‍ ഉണ്ടാകുന്നത് ഇടതുപക്ഷത്തിന് കൂടുതല്‍ ആര്‍ജ്ജവത്തോടെ പ്രവര്‍ത്തിക്കുവാനുള്ള ജാഗ്രത ഉണ്ടാക്കുവാന്‍ സഹായിക്കുന്നതാണ്. കേരളം പോലെയുള്ള ഒരു സമൂഹത്തില്‍ ഇടതു ചിന്തകള്‍ക്ക് ശോഷണമുണ്ടാകുകയെന്നത് വലിയ ദുരന്തങ്ങളെ സൃഷ്ടിക്കുമെന്ന കാര്യത്തില്‍ സംശയമേതുമില്ല. വലതു പക്ഷം കൂടുതല്‍ വലതുപക്ഷമാകാതെയിരിക്കാന്‍ ഇവിടുത്തെ ഇടതുപക്ഷം നിര്‍ണായകമായ പങ്കു വഹിക്കുന്നുണ്ട്.
പറഞ്ഞു വന്നത് മലയാളികളുടെ ദൈനന്ദിന വ്യവഹാരങ്ങളില്‍ ഇടപെടുന്ന ഒരാളുടെ അഭാവത്തെക്കുറിച്ചാണ്. അഴീക്കോട് പറഞ്ഞ വാക്കുകള്‍ ഓര്‍ക്കുക –“സംസ്കാരത്തെ സംസ്കാര രാഹിത്യത്തില്‍ നിന്ന് വേര്‍തിരിക്കാന്‍ കഴിയാത്ത സ്ഥിതിയിലെത്തിയ നാം പഴം വലിച്ചെറിഞ്ഞ് തൊലി തിന്നുന്നുവരുടെ നാടാകാന്‍ ഏറെക്കാലം വേണ്ടിവരില്ലെന്ന് തോന്നുന്നു.” (സംസ്കാരങ്ങളിലെ ഹാജര്‍, തിരഞ്ഞെടുത്ത ലേഖനങ്ങള്‍, ലിപി, കോഴിക്കോട് ) തൊലി തിന്നുന്നവരുടെ നാട്! എന്തൊരു പ്രയോഗമാണ് അത്. നമ്മള്‍ തൊലിയാണ് തിന്നുന്നതെന്ന് വിളിച്ചു പറയാനുള്ള ഒരാളിനെ ഈ നാടിന് ആവശ്യമുണ്ട്.
മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.
അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.