വാഷിംഗ്ടണ്‍:
കശ്മീര്‍ പ്രശ്നത്തിൽ മധ്യസ്ഥത വാഗ്ദാനവുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് വീണ്ടും രംഗത്ത്. ഇന്ത്യയും പാക്കിസ്ഥാനും കശ്മീർ വിഷയം ഉഭയ കക്ഷി ചർച്ചയിലൂടെ പരിഹരിക്കണമെന്ന ആഗ്രഹമാണ് അമേരിക്കയ്ക്കുള്ളതെന്ന് ട്രംപ് വ്യക്തമാക്കി. മുൻപും ഈ പ്രശ്നത്തിൽ മധ്യസ്ഥത വഹിക്കാമെന്ന് ട്രംപ് അറിയിച്ചിരുന്നു. എന്നാല്‍, ട്രംപിന്‍റെ മധ്യസ്ഥത വാഗ്ദാനം ഇന്ത്യ നിരസിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കശ്മീര്‍ വിഷയുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പാക് പ്രധാനമന്ത്രി ഇംമ്രാന്‍ ഖാനെയും ട്രംപ് ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ട്രംപിന്‍റെ പുതിയ വാഗ്ദാനം. കശ്മീര്‍ വിഷയം അതിസങ്കീര്‍ണമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
നേരത്തെ, കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണെന്ന ഇന്ത്യൻ നിലപാടിനെ അനുകൂലിച്ചുകൊണ്ടുള്ള പ്രതികരണമായിരുന്നു യു.എസ്. പ്രതിരോധ സെക്രട്ടറിയിൽ നിന്നും ഉണ്ടായത്. ഇതിനു ശേഷമാണ് മധ്യസ്ഥനാകാമെന്ന വാഗ്ദാനം ആവര്‍ത്തിച്ച് ട്രംപ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. ചൊവ്വാഴ്ച ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിനെ വിളിച്ച അമേരിക്കൻ പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പർ ഉഭയ കക്ഷി ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും കൂട്ടിച്ചേർത്തിരുന്നു. മുൻപും ഇംമ്രാന്‍ ഖാനുമായുള്ള കൂടിക്കാഴ്ചയെ തുടര്‍ന്ന് കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന് ട്രംപ് അറിയിച്ചിരുന്നു, എന്നാൽ, നരേന്ദ്ര മോദിയാണ് തന്നോട് മധ്യസ്ഥത ആവശ്യം മുന്നോട്ട് വെച്ചെന്ന ട്രംപിന്‍റെ പ്രസ്താവന വിവാദമായിരുന്നു.