Sat. Jan 18th, 2025
കല്‍പറ്റ:

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ രംഗത്ത് വന്നതിനു പിന്നാലെ, മഠം വിട്ടുപോകാൻ നിർദേശമുണ്ടായ സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെതിരേ, നവമാധ്യമങ്ങളിലൂടെ തെറ്റായ പ്രചരണം നടത്തിയ വൈദികനെതിരെ പോലീസ് പരാതി. മാനന്തവാടിയിലെ പി.ആര്‍.ഒ. ടീമിലെ അംഗമായ ഫാ. നോബിള്‍ പാറക്കലാണ് യുട്യൂബിലൂടെ അപവാദങ്ങൾ പ്രചരിപ്പിച്ചത്. സിസ്റ്റര്‍, വൈദീകൻ നോബിള്‍ പാറക്കലിനെതിരെ പോലീസില്‍ പരാതി നല്‍കി.

സിസ്റ്റര്‍ ലൂസിയെ കാണാനെത്തിയ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ മഠത്തിലേക്ക് കയറുന്ന സിസിടിവി ദൃശ്യങ്ങളടങ്ങിയ വീഡിയോകൾ എഡിറ്റ് ചെയ്താണ് യൂട്യൂബിൽ പ്രചരിപ്പിച്ചത്. അതേസമയം, സന്ദർശകരുടെ കൂട്ടത്തിൽ, വനിതാ മാധ്യമപ്രവര്‍ത്തകയുള്ള ഭാഗം വിഡിയോയിൽ വെട്ടി ഒഴിവാക്കിയിരുന്നു.

ഒരു വര്‍ഷമായി മഠത്തിന്റെ പ്രധാന വാതില്‍ സ്ഥിരമായി പൂട്ടിയിടുന്ന കാരണത്തിനാലാണ് , അടുക്കള വാതിലൂടെ സന്ദർശകരെ പ്രവേശിപ്പിക്കേണ്ടി വന്നത്, സിസ്റ്റര്‍ ലൂസികളപ്പുരക്കല്‍ വ്യക്തമാക്കി.

‘എന്നെ അപമാനിച്ചിരിക്കയാണ്. ആയിരക്കണക്കിന് കുട്ടികളുണ്ട് എനിക്ക്. അവരുടെ മുന്നില്‍ അപമാനിച്ചിരിക്കുകയാണ്. എന്റെ സ്ത്രീത്വത്തെ തന്നെ വലിച്ചു കീറിയിരിക്കുകയാണ്. കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ ഈ മാനസിക പീഡനം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും പിന്തുണ നല്‍കുന്നതു കൊണ്ടാണ് ജീവിച്ചിരിക്കുന്നത് തന്നെ.’ സിസ്റ്റര്‍ ലൂസി പറഞ്ഞു.

നിലവിൽ, സന്യാസവ്രതം ലംഘിച്ചു എന്ന പേരില്‍ സിസ്റ്ററെ സഭയില്‍നിന്ന് പുറത്താക്കിയ നടപടിക്കെതിരെ സിസ്റ്റര്‍ നല്‍കിയ അപ്പീല്‍ വത്തിക്കാന്റെ പരിഗണനയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *