ഇസ്ലാമാബാദ്:
കശ്മീര്‍ പ്രശ്നത്തിൽ പാക്കിസ്ഥാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കും. കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനയിലെ അനുച്ഛേദം 370 ഇന്ത്യ റദ്ദാക്കിയതിനെ തുടര്‍ന്നാണ് പാകിസ്താന്റെ ഈ നീക്കം. പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി പാക് മാധ്യമമായ അറീ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കശ്മീര്‍ വിഭജനം സംബന്ധിച്ചു ഇന്ത്യയ്‌ക്കെതിരെ ഒരു നിയമപേരാട്ടത്തിന് തന്നെ പാക്കിസ്ഥാൻ ഒരുങ്ങുകയാണെന്നും എല്ലാ നിയമ വിഷയങ്ങളും പരിശോധിച്ച ശേഷമാണ് തീരുമാനമെടുത്തതെന്നും ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞു.
നേരത്തെ, കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും വിഷയത്തില്‍ പാക്കിസ്ഥാൻ ഇടപെടില്ലെന്നും അമേരിക്ക അറിയിച്ചിരുന്നു.
ആര്‍ട്ടിക്കിള്‍ 370 ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനം എടുക്കേണ്ടത് ഇന്ത്യയാണെന്നും പാക്കിസ്ഥാന് അതില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നുമാണ് അമേരിക്കൻ നിലപാട്.
പ്രതിരോധ സെക്രട്ടറി മാര്‍ക്ക് ടി എസ്പറാണ് യു.എസ് നിലപാട് അറിയിച്ചത്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗുമായി എസ്പര്‍ ടെലിഫോണില്‍ ചര്‍ച്ച നടത്തി. കശ്മീരിലൂടെയുള്ള അതിര്‍ത്തി കടന്നുള്ള തീവ്രവാദം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ രാജ്‌നാഥ് സിംഗ് യു.എസ്. പ്രതിരോധ സെക്രട്ടറിയെ ധരിപ്പിച്ചു.
കഴിഞ്ഞ ദിവസം, ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയിലും ഇന്ത്യന്‍ നിലപാടിന് അംഗീകാരം ലഭിച്ചിരുന്നു. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നാണ് യു.എന്‍ നിലപാട്.
എന്നാൽ, തങ്ങൾക്ക് ഇന്ത്യയോ പാകിസ്ഥാനോ അല്ല തങ്ങളുടെ കാശ്മീരാണ് തിരികെവെണ്ടതെന്നാണ് കാശ്മീർ വാസികൾ പ്രതിഷേധിക്കുന്നത്.