വയനാട്:
പ്രളയത്തിലകപ്പെട്ട ജനതയ്ക്ക് എല്ലായിടത്തുനിന്നും സഹായപ്രവാഹമുണ്ടല്ലോ. അതുകൊണ്ടു തന്നെയായിരിക്കും ബാബുരാജ് പി.കെ. ഇങ്ങനെയൊരു കുറിപ്പ് ഫേസ്ബുക്കിൽ ഇട്ടിട്ടുണ്ടാവുക. ഈ കുറിപ്പ് വായിച്ചശേഷം എല്ലാവരും അനുകൂലമായൊരു തീരുമാനമെടുത്താൽ വയനാട്ടിൽ വാഴ കർഷകർക്കും പ്രത്യേകമൊരു സഹായമാവും.
ബാബുരാജ് പി.കെയുടെ കുറിപ്പ് ഇങ്ങനെ:
പ്രളയദുരിതാശ്വാസപ്രവർത്തനത്തിന് വയനാടൻ ഗ്രാമങ്ങളിലേക്ക് വരുന്ന അന്യജില്ലക്കാരോട് ഒരഭ്യർത്ഥന. നിങ്ങൾ തിരിച്ചുപോകുമ്പോൾ ഓരോരുത്തരും ഒരു വാഴക്കുല വീതം വാങ്ങിയാൽ അത് വയനാട്ടിലെ വാഴ കർഷകരോടു ചെയ്യുന്ന ഒരു ദുരിതാശ്വാസപ്രവർത്തനമാകും. നിങ്ങളുടെ ജില്ലയിൽ അറുപതും എഴുപതുമ്രൂപയ്ക്കു കിട്ടുന്ന ഏത്തപ്പഴത്തിന് ഇപ്പോൾ വയനാട്ടിലെ കർഷകനു കിട്ടുന്നത് പതിനെട്ടും ഇരുപതും രൂപ മാത്രമാണ്. നിങ്ങൾ ഒരു 30 രൂപയ്ക്ക് അതു വാങ്ങാൻ തയ്യാറായാൽ വയനാട്ടിൽ നിന്നും ഇഷ്ടം പോലെ ഏത്തക്കുല കിട്ടും. നിങ്ങൾക്ക് അതുകൊണ്ടുപോയി വറുത്തുവെച്ചാൽ ഈ വരുന്ന ഓണത്തിന് ഒരു ബേക്കറിയിലും പോയി മുന്നൂറു രൂപയ്ക്ക് വറുത്തുപ്പേരി വാങ്ങേണ്ട ഗതികേട് പരിഹരിക്കാം.