Mon. Jan 13th, 2025

മലയാളത്തിലെ പ്രശസ്ത സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രം ജെല്ലിക്കെട്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. അന്തർദേശിയ സിനിമ ഫെസ്റ്റിവലുകളിൽ അവാർഡുകൾ വാരിക്കൂട്ടിയ മലയാള ചിത്രം ഈ.മാ.യൗ.വിനു ശേഷം, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ജെല്ലിക്കെട്ട്. എന്നാൽ, വ്യത്യസ്ത ശൈലികൾ സിനിമയിൽ പ്രയോഗിക്കുന്ന പെല്ലിശ്ശേരി ഇത്തവണ പുതുചിത്രത്തിന്റെ ഫസ്റ്റ് ലുക്കിൽ തന്നെ ആ തനിമ നിലനിർത്തിയിരിക്കുകയാണ്; ആന്റണി വര്‍ഗീസും ചെമ്പന്‍ വിനോദും സാബുമോനുമൊക്കെ കഥാപാത്രങ്ങളാവുന്ന സിനിമയിൽ, കയറുപൊട്ടിച്ചോടുന്ന ഒരു പോത്ത് മാത്രമാണ് ഫസ്റ്റ്‌ലുക്കില്‍ ഉള്ളത്. ഏറെ പിന്നിലായി ഓടിവരുന്ന ഒരു ജനക്കൂട്ടത്തെയും കാണാം. ഓള്‍ഡ്മങ്ക്‌സാണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ചിത്രത്തിന്റെ പ്രീമിയര്‍ പ്രദര്‍ശനം ടൊറന്റോ അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തിലാണ്. എസ് ഹരീഷിന്റെ ‘മാവോയിസ്റ്റ്’ എന്ന ചെറുകഥയെ ഇതിവൃത്തമാക്കി എസ്. ഹരീഷും ആര്‍. ജയകുമാറും ചേര്‍ന്നാണ് ജെല്ലിക്കെട്ടിനു തിരക്കഥയെഴുതിയിരിക്കുന്നത്.

ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ് ജോസ്, സാബുമോന്‍ അബ്ദുസമദ് എന്നിവര്‍ക്കൊപ്പം ശാന്തി ബാലചന്ദ്രന്‍, ജാഫര്‍ ഇടുക്കി എന്നിവരും വിവിധ വേഷങ്ങളിൽ എത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഗിരീഷ് ഗംഗാധരനാണ്. എഡിറ്റിംഗ്, ദീപു ജോസഫ്. സംഗീതം, പ്രശാന്ത് പിള്ള. സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ടിനു പാപ്പച്ചന്‍.

സെപ്റ്റംബര്‍ 5 മുതല്‍ 15 വരെയുണ്ടായിരിക്കുന്ന ടൊറന്റോ ചലച്ചിത്രമേളയിൽ പ്രദർശനം നടത്തിയ ശേഷം, ഒക്ടോബറോടെയായിരിക്കും ചിത്രം തീയേറ്ററുകളിലെത്തുക.

One thought on “കയറുപൊട്ടിയോടുന്ന ഒരു കാള മാത്രം; ലിജോജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്”

Leave a Reply

Your email address will not be published. Required fields are marked *