Fri. Apr 19th, 2024
നിലമ്പൂര്‍ :

ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ കവളപ്പാറയില്‍ നിന്നും ഗ്രൂപ്പ് സെല്‍ഫിയെടുത്ത പുരോഹിതര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ. നിലമ്പൂര്‍ കവളപ്പാറയിലെ ഉരുള്‍പൊട്ടലുണ്ടായ മുത്തപ്പന്‍ കുന്നിന്റെ പശ്ചാത്തലത്തില്‍ ഗ്രൂപ്പ് സെല്‍ഫിയെടുത്ത പുരോഹിത സംഘത്തെയാണ് സോഷ്യല്‍ മീഡിയയിലെ വിമര്‍ശകര്‍ ട്രോളി നിലംപരിശാക്കിയത്.

കവളപ്പാറയിലെത്തിയ വൈദിക സംഘം മുത്തപ്പന്‍ കുന്നിന്റെ പശ്ചാത്തലത്തില്‍ ചിത്രമെടുത്ത് സോഷ്യല്‍ മീഡിയയിലിട്ടു. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന മുത്തപ്പന്‍ കുന്നിന് താഴെയുള്ള വീടിന്റെ ടെറസില്‍ കയറി നിന്നായിരുന്നു പുരോഹിതന്‍മാരുടെ ദുരന്ത സെല്‍ഫി. ഉന്നത പദവിയിലുള്ള രണ്ടുപേര്‍ ഉള്‍പ്പെടെ എട്ടു പുരോഹിതരാണ് സെല്‍ഫിക്കായി പോസ് ചെയ്തത്. കൂട്ടത്തില്‍ ഒരു വൈദികനാണ് സെല്‍ഫിയെടുത്തത്. പുരോഹിതന്മാരുള്‍പ്പെടെ 12 പേര്‍ ആദ്യം ഫോട്ടോയ്ക്കായി നിരന്നു നിന്നു. ഇതിനിടയിലാണ് ഒരു വൈദികന്‍ സെല്‍ഫിയെടുത്തത്. സെല്‍ഫിയെടുക്കലിനിടെ എടുത്ത ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും വലിയ വിമര്‍ശനത്തിനിടയാക്കുകയും ചെയ്തത്. സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമാണ് വൈദികര്‍ക്കെതിരെ ഉയരുന്നത്.

ദുരന്ത ഭൂമിയിലെ ദുരന്തങ്ങളെന്ന് ചിലര്‍ കമന്റു ചെയ്തപ്പോള്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ സമ്മതിക്കാത്ത ശവംതീനികളാണ് ഇവര്‍ എന്നാണ് മറ്റൊരു വിഭാഗം ഉയര്‍ത്തിയ വിമര്‍ശനം. ഇത്രയും തരംതാഴ്ന്നു പോയോ ഇവരൊക്കെ എന്നാണ് ഒരാളുടെ കമന്റ്.

കവളപ്പാറയില്‍ മണ്ണില്‍ കുടുങ്ങിയവരെ കണ്ടെത്താനുള്ള ഇപ്പോഴും തിരച്ചില്‍ തുടരുന്നതിനിടെ ഇത്തരത്തിലൊരു ചിത്രം വന്നതാണ് ജനങ്ങളെ കൂടുതല്‍ പ്രകോപിപ്പിച്ചത്. ബിഷപ്പുമാര്‍ ഉള്‍പ്പെടെയുള്ള വൈദിക സംഘത്തിന്റെ പ്രവൃത്തിക്കെതിരെ രൂക്ഷവിമര്‍ശനമാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോഴും ഉയരുന്നത്.

ഉരുള്‍ പൊട്ടലില്‍ മുത്തപ്പന്‍ കുന്നിന്റെ ഒരുഭാഗം ഇടിഞ്ഞുണ്ടായ അപകടത്തില്‍ 59 പേരെയാണ് കാണാതായത്. കാണാതായവര്‍ക്കായി ബന്ധുക്കളും നാട്ടുകാരും കണ്ണീരോടെ തെരച്ചില്‍ നടത്തുന്നതിനിടയിലാണ് പുരോഹിത സംഘത്തിന്റെ ദുരന്ത സെല്‍ഫി. ഇന്ന് പത്താം ദിവസമാണ് കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നത്. ഞായറാഴ്ച ഉച്ചവരെ നടന്ന തെരച്ചിലില്‍ 43 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളത്. നിരവധി മണ്ണുമാന്തി യന്ത്രങ്ങളും രണ്ട് ഭൂഗര്‍ഭ റഡാറുകളും ഉപയോഗിച്ചാണ് ഇന്ന് തെരച്ചില്‍ പുരോഗമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *