Wed. Jan 22nd, 2025

ഇതിനോടകം പതിനാലു ശസ്ത്രക്രിയകൾ കഴിഞ്ഞ ശരീരം. മുറിച്ചു കളഞ്ഞ വലതുകാലിനുപകരം കൃത്രിമകാലുപയോഗിച്ചാണ് നടക്കുന്നത്. ശരീരത്തിൽ ഡയാലിസിസിനാവശ്യമായ അഡാപ്റ്റർ ഘടിപ്പിച്ചിട്ടുണ്ട്. രണ്ടു മണിക്കൂർ‍ ഇടവിട്ട് ട്യൂബിട്ട് മൂത്രം എടുക്കണം. ശരീരത്തിൻ്റെ ഈ പരിമിതികളൊന്നും വകവെയ്ക്കാതെ പ്രളയദുരിതാശ്വാസത്തിനുള്ള കളക്ഷൻ ക്യാമ്പിൽ തന്നാലാവുംവിധം കൈമെയ് മറന്ന് അധ്വാനിക്കുന്ന ഒരു വിദ്യാർത്ഥിയുണ്ട് തിരുവനന്തപുരത്ത്. എംജി കോളജിലെ സൈക്കോളജി വിദ്യാർത്ഥിയായ ശ്യാം കുമാർ ആണ് ആ മിടുക്കൻ.

കഴിഞ്ഞ ദിവസം തിരുവനന്തപുരം കോർപ്പറേഷന്റെ കളക്ഷൻ സെന്റർ സന്ദർശിച്ച ധനമന്ത്രി തോമസ് ഐസക്ക് അവിടെ സന്നദ്ധപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ശ്യാമിനെ പരിചയപ്പെട്ട് ഹൃദയസ്പർശിയായ ഒരു ഒരു കുറിപ്പ് ഫേസ്‌ബുക്കിൽ ഇട്ടതോടെയാണ് ശ്യാമിനെ കുറിച്ച് കേരളം കൂടുതൽ അറിഞ്ഞത്.

തോമസ് ഐസക്കിന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ;

തിരുവനന്തപുരം കോർപറേഷനിൽ പരിചയപ്പെട്ട ശ്യാം കുമാർ എന്ന സന്നദ്ധപ്രവർത്തകനെ കേരളമറിയണം. എംജി കോളജിലെ സൈക്കോളജി വിദ്യാർത്ഥിയാണ്. മുറിച്ചു കളഞ്ഞ വലതുകാലിനുപകരം കൃത്രിമകാലുപയോഗിച്ചാണ് നടക്കുന്നത്. ശരീരത്തിൽ ഡയാലിസിസിനാവശ്യമായ അഡാപ്റ്റർ ഘടിപ്പിച്ചിട്ടുണ്ട്. രണ്ടു മണിക്കൂർ‍ ഇടവിട്ട് ട്യൂബിട്ട് മൂത്രം എടുക്കണം. ഇതിനോടകം കഴിഞ്ഞത് പതിനാലു ശസ്ത്രക്രിയകൾ. എന്നാൽ ശരീരത്തിൻ്റെ ഈ പരിമിതികളൊന്നും വകവെയ്ക്കാതെ പ്രളയദുരിതാശ്വാസത്തിനുള്ള കളക്ഷൻ ക്യാമ്പിൽ തന്നാലാവുംവിധം കൈമെയ് മറന്ന് അധ്വാനിക്കുകയാണ് ശ്യാം. ശ്യാമിനെപ്പോലുള്ള നന്മയുടെ തുടിപ്പുകളാണ് അതിജീവനത്തിന്റെ തോണി തുഴയുന്നത്. അതു ലക്ഷ്യം കാണുകതന്നെ ചെയ്യും.

ഞാൻ ചെല്ലുമ്പോൾ വിവിധ സ്ഥലത്തേക്കു കൊണ്ടുപോകാനായി ദുരിതാശ്വാസ സാമഗ്രികൾ‍ പായ്ക്കു ചെയ്യുകയാണ് ശ്യാം കുമാർ. വലതു കാലിനുപകരം കൃത്രിമ കാലുപയോഗിച്ചു നടക്കുന്നു എന്ന കൗതുകത്തിലാണ് ശ്യാമിനോട് സംസാരിച്ചത്. ഈ കൃത്രിമ കാലുപയോഗിച്ച് അടുത്തകാലം വരെ സൈക്കിൾ ചവിട്ടുകയും നീന്തുകയുമൊക്കെ ചെയ്യുമെന്നറിയുമ്പോൾ സ്വാഭാവികമായും ആദരവും വിസ്മയവും തോന്നുമല്ലോ. കാട്ടാക്കടയിലെ വീട്ടിൽ‍ നിന്ന് തിരുവനന്തപുരം നഗരത്തിലേക്കു മാത്രമല്ല, പുറം ജില്ലകളിലേക്കു വരെ ശ്യാം സൈക്കിൾ‍ ചവിട്ടി പോയിട്ടുണ്ട്. ഈ അവസ്ഥയിലും തെങ്ങു കയറാനും ഫുട്ബോൾ‍ കളിക്കാനുമൊക്കെ ശ്യാമിന് ആവേശമായിരുന്നു.

പക്ഷേ, കൂടുതൽ സംസാരിച്ചപ്പോൾ കൌതുകം, അമ്പരപ്പും സങ്കടവും വേദനയും അത്ഭുതവുമൊക്കെയായി കൂടിക്കുഴഞ്ഞു. ശ്യാമിൻ്റെ ശരീരത്തിൽ‍ മൂന്നു വൃക്കകളുണ്ട്. ഡ്യൂപ്ലെക്സ് സിസ്റ്റം എന്ന് വൈദ്യശാസ്ത്ര വിദഗ്ധർ പറയും. വലതുവശത്ത് രണ്ടുവൃക്കകൾ‍ ഒന്നിനു മുകളിൽ‍ ഒന്നായി സ്ഥിതി ചെയ്യുന്നു. അതുകൊണ്ടുതന്നെ ഇവയുടെ പ്രവർ‍ത്തനം സാധാരണനിലയ്ക്കല്ല.

ശ്യാമിൻ്റെ മൂത്രസഞ്ചിക്കാകട്ടെ മൂന്നു വയസ്സുകാരൻ്റെ മൂത്രസഞ്ചിയുടെ വലുപ്പമേയുള്ളു. അതിനാൽ വൃക്കകളിൽ‍ നിന്ന് മൂത്രസഞ്ചിയിലെത്തുന്ന മൂത്രം കവിഞ്ഞ് തിരികെ വൃക്കകളിലേക്കു പടരും. റിഫ്ലെക്ട് ആക്ഷൻ‍ എന്നാണ് ഇതിനു പറയുന്നതെന്ന് ശ്യാം തന്നെ വിശദീകരിച്ചു തന്നു. ഇതുമൂലം മൂന്നാമത്തെ വൃക്കയും തകരാറിലായി. ട്യൂബ് ഉപയോഗിച്ചാണ് ഇപ്പോൾ‍ മൂത്രം പുറത്തേക്കെടുക്കുന്നത്.

ശ്യാമിൻ്റെ വലതുകാൽ‍ ജന്മനാ മടങ്ങിയ സ്ഥിതിയിലായിരുന്നു. കാല്‍ നിവർ‍ത്താനാകാതെ വന്നപ്പോൾ‍ ശസ്ത്രക്രിയ ചെയ്ത് നീക്കം ചെയ്തു. പത്താമത്തെ വയസ്സിലായിരുന്നു കാല്‍ മുറിച്ചുമാറ്റിയത്.

ഇതിനോടകം പതിനാല് ശസ്ത്രക്രിയകൾ‍ നടത്തിക്കഴിഞ്ഞു. ആദ്യത്തെ പന്ത്രണ്ടെണ്ണത്തിനും ആരുടേയും സഹായം തേടിയില്ല. പക്ഷേ, പണച്ചെലവുണ്ടായ പതിമൂന്നും പതിനാലും ശസ്ത്രക്രിയകൾ‍ക്ക് മറ്റുള്ളവരുടെ സഹായം തേടേണ്ടി വന്നു. അച്ഛൻ ശ്രീകുമാർ കൂലിപ്പണിക്കാരനാണ്. കഴിഞ്ഞ മൂന്നുമാസമായി കോളജിൽ‍ പോകുമ്പോഴും മറ്റും മൂത്രം പോകാനുള്ള ട്യൂബും സഞ്ചിയുമൊക്കെ ശരീരത്തിലുണ്ടാകും.

ഇപ്പോൾ‍ കഠിനമായ പ്രവൃത്തികളൊന്നും ചെയ്യാൻ‍ ശ്യാമിനാകില്ല. ഭാരമൊന്നും ഉയർ‍‍ത്താനാകില്ല. കളക്ഷൻ‍ സെൻ്ററിൽ പായ്ക്കിംഗും കോർഡിനേഷനുമായി ശ്യാം ഓടിനടക്കുന്നു. കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി ഉറക്കമിളച്ചുള്ള പണി.

രോഗത്തിൻ്റെ മൂർ‍ധന്യാവസ്ഥ കാരണം ഇപ്പോൾ‍ സൈക്ലിംഗ് ഒന്നും ചെയ്യാനാകുന്നില്ലെന്നു പറയുമ്പോൾ‍ ശ്യാമിൻ്റെ കണ്ണു നിറയുകയും വാക്കുകൾ‍ ഇടറുകയും ചെയ്യുന്നുണ്ട്. രണ്ടാഴ്ച ഒരേ കിടപ്പായിരുന്നു. ഇനി ചെയ്യേണ്ട ശസ്ത്രക്രിയക്ക് വളരെ വലിയ തുക വേണം. അത് സങ്കീർ‍ണമാണ്. വൃക്കകളുടെ പ്രവർ‍ത്തനം ഇപ്പോൾ‍ 23 ശതമാനം മാത്രമാണ്. 20 ശതമാനത്തിലേക്കു താഴ്ന്നാൽ‍ ഡയാലിസിസ് വേണ്ടിവരും. പല രോഗങ്ങൾക്കായി 30 ഗുളികയോളം ശ്യാം കഴിക്കുന്നുണ്ട്. എന്നിട്ടും തളരാതെയാണ് ട്യൂബ് ഘടിപ്പിച്ച ശരീരവുമായി ശ്യാം ദുരിതാശ്വാസ ക്യാംപിൽ‍ ഓടി നടക്കുന്നത്.
ആ മനക്കരുത്തിനു മുന്നിൽ വിസ്മയം പൂകാനേ കഴിയൂ. ഇതുപോലുള്ള മനുഷ്യരുടെ ആത്മബലത്തോടെ കേരളം കരകയറുക തന്നെ ചെയ്യും.

ശ്യാമിൻ്റെ നമ്പർ‍: 7907424988

https://www.facebook.com/thomasisaaq/posts/2899821770033945

Leave a Reply

Your email address will not be published. Required fields are marked *