കൊച്ചി:
സിറോ മലബാര്‍ സഭയിലെ ഭൂമിയിടപാടും വ്യാജരേഖാ വിവാദവും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായുള്ള സിനഡ് നാളെ തുടങ്ങും. കാക്കനാട് സീറോ മലബാര്‍ സഭാ ആസ്ഥാനത്ത് ഞായറാഴ്ച മുതല്‍ നടക്കുന്ന സിനഡില്‍ വിമത വിഭാഗം മുന്നോട്ടു വെച്ച ആവശ്യങ്ങളും ചര്‍ച്ച ചെയ്യും.
കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ എറണാകുളം അതിരൂപതയുടെ ചുമതലയില്‍ നിന്ന് മാറ്റുന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് വിമത വിഭാഗം വൈദികര്‍ മുന്നോട്ടു വെച്ചിട്ടുള്ളത്. സഭയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് കര്‍ദ്ദിനാളിനെതിരെ വൈദികര്‍ സമരത്തിനിറങ്ങിയത്. കഴിഞ്ഞ മാസമാണ് ഒരു വിഭാഗം വൈദികര്‍ പ്രത്യക്ഷ സമരം നടത്തിയത്.
കര്‍ദ്ദിനാളിനെ അതിരൂപതയുടെ ചുമതലയില്‍ നിന്നും മെത്രാന്‍ സിനഡിന്റെ അധ്യക്ഷസ്ഥാനത്തും മാറ്റണം, സസ്‌പെന്‍ഡ് ചെയ്യപ്പെട്ട രണ്ടു ബിഷപ്പുമാരെയും പൂര്‍ണ ചുമതലയോടെ തിരിച്ചെടുക്കണം എന്നിവയായിരുന്നു വിമത വൈദികര്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍. സിനഡില്‍ നിര്‍ണായക തീരുമാനങ്ങളുണ്ടാകും എന്ന ഉറപ്പിലാണ് അന്ന് വൈദികര്‍ സമരം അവസാനിപ്പിച്ചത്.
സീറോ മലബാര്‍ സഭയിലെ ഭൂമി ഇടപാടില്‍ സഭാ സമിതി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വിടണമെന്നും വിമതര്‍ ആവശ്യപ്പെടുന്നുണ്ട്. ഇതോടൊപ്പം സഭയില്‍ ഉയര്‍ന്നു വന്ന വ്യാജരേഖ വിവാദവും സിനഡില്‍ ചര്‍ച്ചയാവും.
അതേസമയം താന്‍ സത്യവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നാണ് കര്‍ദിനാള്‍ പറയുന്നത്. വിമത വിഭാഗം വൈദികര്‍ അസത്യങ്ങള്‍ പ്രചരിപ്പിക്കുകയാണ്. പ്രതിഷേധം അറിയിക്കാനായി വൈദികര്‍ തെരഞ്ഞെടുത്ത മാര്‍ഗം സഭാ നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും കര്‍ദിനാള്‍ പറഞ്ഞു. വിമത വൈദികര്‍ക്കെതിരെ സിനഡ് നടപടി എടുക്കണമെന്ന് കര്‍ദിനാളിനെ പിന്തുണക്കുന്നവരും ആവശ്യപ്പെടുന്നുണ്ട്.
ഇരുവിഭാഗവും തങ്ങളുടെ ആവശ്യങ്ങളില്‍ ഉറച്ചു നിന്നാല്‍ സിനഡിന് തന്നെയാകും നിര്‍ണായക തീരുമാനമെടുക്കേണ്ടി വരിക. തങ്ങള്‍ മുന്നോട്ടുവെച്ച കാര്യങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കാനുള്ള നീക്കത്തിലാണ് വിമത വിഭാഗം.
സിനഡിന് മുന്നോടിയായി ശനിയാഴ്ച വിമത വൈദികരെ അനുകൂലിക്കുന്ന അതിരൂപത അല്‍മായ മുന്നേറ്റ സമിതി യോഗം ചേര്‍ന്നിരുന്നു. തങ്ങളുടെ ആവശ്യങ്ങളടങ്ങിയ നിവേദനം സിനഡിന് കൈമാറാനാണ് സമിതി തീരുമാനം. എറണാകുളം അങ്കമാലി അതിരൂപതക്ക് പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച്ച് ബിഷപ്പിനെ നിയമിക്കുക, സസ്‌പെന്‍ഡ് ചെയ്ത സഹായ മെത്രാന്മാരെ അതിരൂപതയില്‍ പഴയ സ്ഥാനങ്ങളില്‍ തന്നെ തിരികെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് അല്‍മായ മുന്നേറ്റ സമിതി മുന്നോട്ടു വെക്കുന്നത്. ഈ ആവശ്യങ്ങള്‍ ഉള്‍പ്പെടുന്ന നിവേദനം സിനഡ് അംഗങ്ങള്‍ക്ക് നാളെ കൈമാറും.
ഏഴു ദിവസത്തിനകം തൃപ്തികരമായ മറുപടി ലഭിച്ചില്ലെങ്കില്‍ ശക്തമായ സമരം തുടങ്ങുമെന്നും സമിതി അറിയിച്ചിട്ടുണ്ട്. സമരം ചെയ്ത വൈദികര്‍ക്കെതിരെ പ്രതികാര നടപടി എടുത്താല്‍ അംഗീകരിക്കില്ല എന്നും സമിതി അംഗങ്ങള്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. സിനഡില്‍ പ്രതിസന്ധിക്കു പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അല്‍മായ മുന്നേറ്റ സമിതിയും.