Wed. Nov 6th, 2024
തിരുവല്ല :

തിരുവല്ലയിൽ പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അടിവസ്ത്രം ആവശ്യപ്പെട്ടു ഫേസ്ബുക്കിൽ പോസ്റ്റിട്ട സാമൂഹികപ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ, സാമൂഹിക പ്രവർത്തകന് ഐക്യദാർഢ്യവുമായി മാർച്ച്. തിരുവല്ല ജനാധിപത്യ വേദിയാണ് ഐക്യദാർഢ്യ മാർച്ചിന്റെ സംഘാടകർ.

കഴിഞ്ഞ ദിവസം രഘു ഇരവിപേരൂർ എന്ന സാമൂഹിക പ്രവർത്തകനായിരുന്നു ദുരിതാശ്വാസ ക്യാമ്പുകളിലേക്കായി, അടിവസ്ത്രം ആവശ്യമുണ്ടെന്ന് പോസ്റ്റിട്ടത്. എന്നാൽ, പോസ്റ്റ് വിവാദമാവുകയും
അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
സംഭവദിവസം തന്നെ, രഘു ഇരവിപേരൂരിനെ പോലീസ് ജാമ്യത്തിൽ വിട്ടയച്ചു.

സാമൂഹിക വിരുദ്ധവും, സ്ത്രീകൾക്കെതിരായതുമായ പ്രവൃത്തിയുണ്ടായതിനാലാണ് രഘു ഇരവിപേരൂരിനെ അറസ്റ്റ് ചെയ്തതെന്നാണ് പോലീസ് അവകാശപ്പെടുന്നത്. എന്നാൽ, ഇന്നും സ്ത്രീകളുടെ അടിവസ്ത്രമെന്നാൽ എന്തോ വൃത്തികെട്ട വസ്തുവായി കണക്കാക്കുന്ന ചിന്തയുണ്ടെന്ന് രഘു സംഭവത്തിൽ പ്രതികരിച്ചു. അറസ്റ്റിനു ശേഷം നിരവധിപേരാണ് രഘുവിന് ഐക്യദാർഢ്യവുമായി എത്തിയത്.

“ഞായറാഴ്ച രാവിലെ, സെൻറ് തോമസ് ഹയർസെക്കന്ററി സ്കൂളിലെ ക്യാമ്പിൽ ഭാര്യയ്‌ക്കൊപ്പം സന്ദർശനം നടത്തിയപ്പോഴായിരുന്നു, സ്ത്രീകൾക്ക് ആവശ്യമായ അടിവസ്ത്രം ലഭിച്ചിട്ടില്ല എന്ന കാര്യം മനസ്സിലാക്കിയത്. കയ്യിലുണ്ടായിരുന്ന 2000 രൂപ അതിനായി നൽകി പലരോടും കാര്യം അറിയിച്ചു, ഫേസ്ബുക്കിൽ പോസ്റ്റുമിട്ടു,” രഘു പറഞ്ഞു.

കഴിഞ്ഞ പ്രളയ സമയത്ത്, കേരളത്തിലെ പുരുഷന്മാർ വരെ തീണ്ടാരിത്തുണി (സാനിറ്ററി നാപ്കിൻ) എന്ന വാക്കുപയോഗിക്കുകയും അവ സ്ത്രീകളുടെ അവശ്യവസ്തുവാണെന്നു മനസിലാക്കുകയും ചെയ്തെന്ന് അഭിമാനിച്ച നമ്മുടെ നാട്ടിൽ തന്നെയാണ്, വെറും ഒരു വർഷത്തിന്റെ ഇടവേള കഴിഞ്ഞ്, ക്യാമ്പുകളിലേക്ക് അടിവസ്ത്രം ചോദിച്ചതിന്റെ പേരിൽ ഒരു സാമൂഹിക പ്രവർത്തകൻ അറസ്റ്റ് ചെയ്യപ്പെടുന്നതെന്ന്, മാധ്യമപ്രവർത്തകനായ ശ്രീജിത്ത് ദിവാകരൻ ഫേസ്ബുക്കിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *