Wed. Nov 6th, 2024
ന്യൂഡല്‍ഹി:

ഈ വർഷത്തെ (2019) ധ്യാന്‍ ചന്ദ് പുരസ്‌കാരം മലയാളിയായ ഒളിമ്പ്യന്‍ മാനുവല്‍ ഫ്രഡറിക്കിന് നല്‍കാന്‍ ശുപാര്‍ശ. 1972-ലെ മ്യൂണിക്ക് ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം താരമായിരുന്നു ഫ്രഡറിക്ക്. ഒളിമ്പിക് മെഡല്‍ നേടിയ ഏക മലയാളി താരവും ഫ്രഡറിക്ക് തന്നെയാണ്. മ്യൂണിക്കില്‍ ഇന്ത്യ വെങ്കലം നേടിയതിനു പിന്നിൽ, ഗോള്‍ കീപ്പറായിയിരുന്ന മാനുവലിന്റേ മികച്ച പ്രകടനമുണ്ടായിരുന്നു.

കായിക രംഗത്തെ സമഗ്ര സംഭാവനയ്ക്ക് കൊടുക്കുന്ന അംഗീകാരമാണ്, ധ്യാന്‍ ചന്ദ് പുരസ്‌കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പവുമടങ്ങിയതാണ് പുരസ്‌കാരം. ഡല്‍ഹിയില്‍ ചേര്‍ന്ന പുരസ്‌കാര സമിതിയിലായിരുന്നു ഫെഡറിക്കിന്റെ പേര് ശുപാര്‍ശ ചെയ്തത്. ഇന്ന് വൈകിട്ടോടെ പുരസ്‌കാര സമിതിയുടെ പ്രഖ്യാപനമുണ്ടാകും.

ഏഴു വര്‍ഷത്തോളം അദ്ദേഹം ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്. 1973 ഹോളണ്ട് ലോകകപ്പിലും 1978 അര്‍ജന്റീന ലോകകപ്പിലും ഇന്ത്യൻ ജേഴ്‌സി അണിഞ്ഞു.

എന്നാൽ, തന്റെ 21-ാം വയസില്‍ ഒളിമ്പിക് മെഡല്‍ ജേതാവായിട്ടും ഇത്രയും നാള്‍ രാജ്യം അദ്ദേഹത്തിന് അര്‍ഹിച്ച ആദരം നല്‍കിയിരുന്നില്ല. മ്യൂണിക്കില്‍ മെഡല്‍ നേടിയ ടീമിലെ എട്ടു പേരെ രാജ്യം അര്‍ജുന അവാര്‍ഡ് നല്‍കിയും രണ്ടു പേര്‍ക്ക് പത്മഭൂഷണ്‍ നല്‍കിയും ആദരിച്ചപ്പോള്‍ ഫ്രഡറിക്ക് അവഗണിക്കപ്പെടുകയായിരുന്നു.

1947 ഒക്ടോബര്‍ 20-ന് കണ്ണൂരിലെ ബര്‍ണശ്ശേരിയിൽ ജനിച്ച മാനുൽ, ആരംഭത്തിൽ, താൻ പഠിച്ച കണ്ണൂരിലെ ബി.എം.പി. യു.പി. സകൂളിനുവേണ്ടി ഫുട്ബോളായിരുന്നു കളിച്ചിരുന്നത്. 12-ാം വയസ്സിലായിരുന്നു അദ്ദേഹം, ആദ്യമായി ഹോക്കി കളിക്കാന്‍ തുടങ്ങിയത്. സാധാരണക്കാരനായിരുന്ന മനുവേലിന്റെ, അച്ഛന്‍ ജോസഫ് ബോവറും അമ്മ സാറയും കോമണ്‍വെല്‍ത്ത് ഫാക്ടറിയിലെ തൊഴിലാളികളായിരുന്നു.

15-ാം വയസ്സില്‍ ഇന്ത്യന്‍ ആര്‍മിയില്‍ ചേര്‍ന്ന മാനുവലിനെ മികച്ച ഹോക്കിതാരമാക്കി തീര്‍ത്തത് സര്‍വീസസ് ക്യാമ്പില്‍ വെച്ച് ലഭിച്ച പരിശീലനമാണ്. 1971-ല്‍ ഇന്ത്യന്‍ ഹോക്കിടീമിന്റെ ഗോള്‍കീപ്പറായി അരങ്ങേറിയ അദ്ദേഹം, തൊട്ടടുത്ത വര്‍ഷം (1972) നടന്ന മ്യൂണിക് ഒളിമ്പിക്സില്‍ ഇന്ത്യയെ വെങ്കലമെഡല്‍ ജേതാക്കളാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.

ബോബി അലോഷ്യസ്, ടി.പി. പദ്മനാഭന്‍ നായര്‍, സതീഷ് പിള്ള എന്നിവരാണ് ഇതുവരെ ധ്യാന്‍ ചന്ദ് പുരസ്‌കാരം നേടിയിട്ടുള്ള മലയാളികള്‍.

നേരത്തെ, അത്ലറ്റ് മുഹമ്മദ് അനസ്, അര്‍ജുന അവാര്‍ഡിന്റെയും പരിശീലകന്‍ ടി.പി ഔസേപ്പ്, ദ്രോണാചാര്യ അവാര്‍ഡിന്റെയും സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *