വയനാട്:
മകളെ മഠത്തില്‍ നിന്നും കൊണ്ടുപോകണം എന്നാവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന്റെ കുടുംബത്തിന് സഭാ നേതൃത്വത്തിന്റെ കത്ത്. ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസ സമൂഹത്തിന്റെ മാനന്തവാടി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ജ്യോതി മരിയയാണ് കുടുംബത്തിന് കത്തയച്ചത്.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ഫ്രാങ്കോ മുളക്കലിനെതിരെ നടപടി ആവശ്യപ്പെട്ട് കൊച്ചിയില്‍ നടന്ന സമരത്തില്‍ പങ്കെടുത്തതിന്റെ പേരിലാണ് സിസ്റ്റര്‍ ലൂസി കളപ്പുരയെ എഫ്.സി.സി സന്യാസ സമൂഹം പുറത്താക്കിയത്. സമരത്തിനിറങ്ങിയതു മുതല്‍ സഭയുടെ കണ്ണിലെ കരടായിരുന്നു സിസ്റ്റര്‍ ലൂസി.
ശമ്പളത്തിന്റെ വിഹിതം കോണ്‍വെന്റിന് നല്‍കുന്നില്ല, സഭയുടെ അനുവാദമില്ലാതെ കാര്‍ വാങ്ങി തുടങ്ങിയ ആരോപണങ്ങളും എഫ്.സി.സി സഭാ നേതൃത്വം സിസ്റ്റര്‍ ലൂസിക്കെതിരെ ഉയര്‍ത്തിയിരുന്നു.
സിസ്റ്ററെ പുറത്താക്കിയതായി ആലുവയിലെ പ്രൊവിന്‍ഷ്യല്‍ ജനറലിന്റെ കത്ത് ആഗസ്റ്റ് ഏഴിനാണ് രണ്ടു കന്യാസ്ത്രീകളെത്തി നേരിട്ട് കൈമാറിയത്. നാലു പേജുള്ള കത്ത് സിസ്റ്റര്‍ ലൂസിയെക്കൊണ്ട് നിര്‍ബന്ധമായി ഒപ്പിടുവിച്ച് വാങ്ങുകയായിരുന്നു. സഭയില്‍ നിന്നു പുറത്താക്കിയതായും പത്തു ദിവസത്തിനകം മഠത്തില്‍ നിന്നും പുറത്തു പോകണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഈ കത്തനുസരിച്ച് ഇന്ന് പത്തു ദിവസം തികയുകയാണ്.
ഈ സാഹചര്യത്തിലാണ് മകളെ മഠത്തില്‍ നിന്ന് കൊണ്ടു പോകണം എന്നാവശ്യപ്പെട്ട് മാനന്തവാടി പ്രൊവിന്‍ഷ്യാള്‍ സുപ്പീരിയര്‍ ഒപ്പിട്ട കത്ത് സിസ്റ്റര്‍ ലൂസിയുടെ മാതാവ് റോസമ്മക്ക് അയച്ചിരിക്കുന്നത്. ആഗസ്റ്റ് പത്തിന് അയച്ച കത്ത് ഇന്നാണ് കുടുംബത്തിന് ലഭിച്ചത്.
സന്യാസ വ്രതത്തില്‍ നിന്ന് ലൂസി കളപ്പുര വ്യതിചലിച്ച് സഞ്ചരിച്ചു. ഇതിനെ തുടര്‍ന്ന് വിശദീകരണം ചോദിച്ചെങ്കിലും അവര്‍ നേരിട്ട് ഹാജരായി നല്‍കിയതുള്‍പ്പെടെയുള്ള വിശദീകരണങ്ങള്‍ തൃപ്തികരമല്ല. സഭക്ക് എതിരായി വാര്‍ത്താചാനലില്‍ സംസാരിച്ചു. എന്നിവയാണ് കത്തിലെ ആരോപണങ്ങള്‍. സന്യാസ സമൂഹത്തില്‍ നിന്നും പുറത്താക്കപ്പെട്ട ലൂസി മഠത്തിന് പുറത്തു പോകണമെന്നും കത്തില്‍ പറയുന്നുണ്ട്.
അതേസമയം നേരത്തേ കത്തു നല്‍കിയപ്പോള്‍ തന്നെ സഭയില്‍ നിന്നും അങ്ങനെ പുറത്താക്കാന്‍ കഴിയില്ലെന്നും ആവശ്യമെങ്കില്‍ നിയമപരമായി നേരിടുമെന്നും സിസ്റ്റര്‍ ലൂസി കളപ്പുര പ്രതികരിച്ചിരുന്നു. എഫ്.സി.സി സന്യാസ സമൂഹത്തിന്റെ നിയമ പ്രകാരമുള്ള വസ്ത്രം ധരിക്കാതെ സഭാ നിയമങ്ങളില്‍ നിന്നും വ്യതിചലിച്ചു. നിരവധി തവണ മുന്നറിയിപ്പു നല്‍കിയിട്ടും സ്വയം തിരുത്താന്‍ തയ്യാറായില്ല. തുടങ്ങിയവയാണ് എഫ്.സി.സി സഭാ നേതൃത്വത്തിന്റെ ആരോപണങ്ങള്‍.
തന്നെ പുറത്താക്കണമെന്ന ലക്ഷത്തോടെയുള്ള പെരുമാറ്റമാണ് മറ്റു കന്യാസ്ത്രീകളില്‍ നിന്നും രണ്ടു മാസത്തോളമായി തനിക്ക് മഠത്തില്‍ നിന്നുണ്ടാകുന്നതെന്നും സിസ്റ്റര്‍ പറഞ്ഞിരുന്നു. ഇങ്ങനെയുള്ള സാഹചര്യത്തില്‍ മഠത്തില്‍ കഴിയുന്നത് ബുദ്ധിമുട്ടാണെങ്കിലും അങ്ങനെ ഇറങ്ങിപ്പോകാന്‍ സാധിക്കില്ലെന്നും സിസ്റ്റര്‍ ലൂസി വ്യക്തമാക്കി.