Thu. Jan 23rd, 2025
തൃശൂര്‍:

ഒരു വര്‍ഷം മുമ്പ് വടക്കാഞ്ചേരിക്കടുത്ത് കുറാഞ്ചേരിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ ഓര്‍മ ദിവസമായിരുന്നു വെള്ളിയാഴ്ച. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം പ്രകൃതിയുടെ താണ്ഡവത്തില്‍ ഇവിടെ പൊലിഞ്ഞത് 19 ജീവനുകളായിരുന്നു. വടക്കാഞ്ചേരി നഗരസഭയും തെക്കുംകര ഗ്രാമപഞ്ചായത്തും ചേര്‍ന്നാണ് ഉരുള്‍പൊട്ടലില്‍ മരിച്ചവര്‍ക്കായി ഓര്‍മദിനം സംഘടിപ്പിച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീനാണ് അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തത്. പത്തൊന്‍പതു പേരുടെയും ചിത്രങ്ങള്‍ക്കു മുന്നില്‍ ദീപം തെളിയിച്ച് കുറാഞ്ചേരിക്കാര്‍ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് പ്രണാമം അര്‍പ്പിച്ചു.

വടക്കാഞ്ചേരി എം.എല്‍.എ അനില്‍ അക്കര, തൃശൂര്‍ ജില്ലാ കളക്ടര്‍ സി. ഷാനവാസ്, എന്നിവര്‍ക്കൊപ്പം ജനപ്രതിനിധികളും, സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചിത്രങ്ങള്‍ക്കു മുന്നില്‍ പൂക്കള്‍ അര്‍പ്പിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയവരും, മരണമടഞ്ഞവരുടെ ബന്ധുക്കളും പ്രണാമമര്‍പ്പിക്കാന്‍ എത്തിയിരുന്നു. കുറാഞ്ചേരി സെന്ററില്‍ നടന്ന അനുസ്മരണ പരിപാടിയില്‍ വൈകുന്നേരം വരെ പ്രണാമ മര്‍പ്പിക്കാനുള്ള അവസരം ഒരുക്കിയിരുന്നു.

 

ഒരു വര്‍ഷം മുമ്പ് കണ്ണീരു വീണ് കുതിര്‍ന്ന കുറാഞ്ചേരിയിലെ മണ്ണ് ഇനിയും ഉണങ്ങിയിട്ടില്ല.

2018 ആഗസ്റ്റ് 16ന് പുലര്‍ച്ചെ കുത്തിയൊലിച്ചു വന്ന മലവെള്ളം ഒറ്റയടിക്ക് കവര്‍ന്നെടുത്തത് കുട്ടികള്‍ ഉള്‍പ്പെടെ 19 പേരുടെ ജീവനാണ്. വര്‍ഷം ഒന്നു കഴിഞ്ഞിട്ടും കുറാഞ്ചേരിയിലെ മണ്ണില്‍ നിന്നും ചോരയുടെ നിറവും കണ്ണീരിന്റെ നനവും ഇപ്പോഴും മാഞ്ഞിട്ടില്ല. വടക്കാഞ്ചേരിയുടെയും പൂമലയുടെയും അതിര്‍ത്തിയിലുള്ള കുറാഞ്ചേരിയിലെ ജനങ്ങള്‍ ഇപ്പോഴും ആ ഞെട്ടലില്‍ നിന്നും പൂര്‍ണമായും മുക്തരായിട്ടുമില്ല.

പ്രിയപ്പെട്ടവരുടെ ചേതനയറ്റ ശരീരങ്ങള്‍ കണ്ടത് ഇന്നലെയെന്ന പോലെ അവരുടെ മനസില്‍ ഇപ്പോഴും തെളിയുകയാണ്. അന്നു രാവിലെ ആറരയോടെയാണ് കുറാഞ്ചേരി കണ്ടതില്‍ ഏറ്റവും വലിയ ദുരന്തമുണ്ടായത്. ഉരുള്‍ പൊട്ടലില്‍ അഞ്ചു വീടുകള്‍ പൂര്‍ണമായും തകര്‍ന്ന് മണ്ണിനടിയിലായി. 19 ജീവനുകളെ നാട്ടുകാരുടെയും ബന്ധുക്കളുടെയും കണ്‍മുന്നിലൂടെ പ്രകൃതി തട്ടിയെടുത്തു.

കൊല്ലം കുന്നേല്‍ മത്തായി, ഭാര്യ റോസി, മകള്‍ സൗമ്യ, സൗമ്യയുടെ മക്കളായ മെറിന്‍, മില്‍ന, അയല്‍വാസികളായ യാഫത്ത്, ഹെനോക്ക്, മോസസ്, സുമിത, ജെന്‍സണ്‍, സാലി, ഫ്രാന്‍സിസ്, റോസി, ഏയ്ഞ്ചല്‍, മോഹനന്‍, ആശ, അമല്‍, അഖില്‍, ഷാജി എന്നിവരാണ് അന്ന് മരിച്ചത്.

ഒരു വീട്ടിലുണ്ടായിരുന്ന ഒന്‍പതു പേരെയും മരണം കൊണ്ടുപോയി. ഈ വീട്ടില്‍ രോഗബാധിതനായി കിടന്നിരുന്നയാളാണ് ഷാജി.

പീച്ചിയിലെ വീട്ടില്‍ വെള്ളം കയറിയപ്പോള്‍ തറവാട് വീടായ കുറാഞ്ചേരിയില്‍ എത്തിയതായിരുന്നു സൗമ്യയും രണ്ട് മക്കളും. ഇവര്‍ക്കൊപ്പം പിതാവായ മത്തായിയും അമ്മ റോസിയും മരിച്ചു. ഒരു കുട്ടി മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.

വീടിന് പുറത്തു നിന്നിരുന്ന മോഹനന്‍ മുകളില്‍ നിന്നും മലയിടിഞ്ഞു വരുന്നതുകണ്ട് വീടിനകത്തുള്ളവരെ രക്ഷപ്പെടുത്താന്‍ അകത്തേക്ക് ഓടി കയറിയതായിരുന്നു. രക്ഷപ്പെടാന്‍ കഴിയും മുമ്പുതന്നെ മോഹനനും കുടുംബവും മണ്ണിനടിയില്‍ കുടുങ്ങുകയായിരുന്നു.

കുറാഞ്ചേരി കുത്തുപാറ റോഡിന് സമീപമാണ് ഉരുള്‍ പൊട്ടലുണ്ടായത്. മലയുടെ ഒരു ഭാഗം അങ്ങനെ തന്നെ ഇടിഞ്ഞ് താഴേക്ക് പോവുകയായിരുന്നു. മണ്ണും പാറയും മരങ്ങളുമുള്‍പ്പെടെ വെള്ളത്തോടൊപ്പം കുറാഞ്ചേരി ടൗണിലേക്കു വന്നു. എട്ടോളം വീടുകള്‍ക്കു മീതെയാണ് മണ്ണ് ഇടിഞ്ഞു വീണത്. അഞ്ചു വീടുകള്‍ മണ്ണിനോടൊപ്പം താഴേക്ക് ഇടിഞ്ഞു പോയി. പത്തിലധികം ജെസിബികളും ഇരുപതോളം ലോറികളും ചേര്‍ന്നാണ് അപകടമുണ്ടായപ്പോള്‍ മുതല്‍ തന്നെ മണ്ണുനീക്കം ചെയ്യാന്‍ തുടങ്ങിയത്. നാലുദിവസത്തോളം ഇങ്ങനെ നടത്തിയ തെരച്ചിലിനൊടുവിലാണ് മണ്ണിനടിയില്‍ കുടുങ്ങിയവരുടെ മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ കഴിഞ്ഞത്. ജാതിയും മതവും രാഷ്ട്രീയവുമെല്ലാം മാറ്റിവച്ച് തങ്ങളുടെ പ്രിയപ്പെട്ട വര്‍ക്കായുള്ള തിരച്ചിലില്‍ കുറാഞ്ചേരി നിവാസികള്‍ ഒറ്റക്കെട്ടായി നിന്നു.

മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ നാലുലക്ഷം രൂപവീതം സഹായ ധനവും, തൃശൂര്‍ ജില്ലയിലെ വേലൂര്‍ പഞ്ചായത്തില്‍ ഭൂമിയും കണ്ടെത്തിയെങ്കിലും പ്രിയപ്പെട്ടവര്‍ ഉറങ്ങുന്ന മണ്ണു വിട്ടു പോകാനുള്ള വിഷമത്തിലാണിവര്‍. ഈ പ്രദേശത്ത് ഇനിയും മലയിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ ഇവിടെ തുടര്‍ന്നു ജീവിക്കാന്‍ ഇവരെ അനുവദിക്കാന്‍ സര്‍ക്കാരിനും കഴിയില്ല. അതീവ പരിസ്ഥിതി ലോല പ്രദേശമായാണ് കുറാഞ്ചേരി പരിഗണിക്കപ്പെടുന്നത്. മലയിടിച്ചിലുണ്ടാകുന്നത് തടയാന്‍ 25 ലക്ഷം രൂപയോളം മുടക്കി രാമച്ചവേലി നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *