തിരുവനന്തപുരം:
പ്രളയത്തിലകപ്പെട്ട സ്ഥലങ്ങളിലെ കുട്ടികൾക്കായി കളിപ്പാട്ടവണ്ടി ഒരുങ്ങുന്നു. കുട്ടികൾക്കായി പ്രവർത്തിക്കുന്ന റൈറ്റ്സ് എന്ന സംഘടനയാണ് തിരുവനന്തപുരത്തുനിന്നും കുട്ടികൾക്കെത്തിച്ചുകൊടുക്കാനായി കളിപ്പാട്ടങ്ങൾ ശേഖരിക്കുന്നത്. ദുരന്തങ്ങൾ നേരിടുന്ന കുട്ടികളെ സന്തോഷത്തിന്റെ ലോകത്തേക്കു തിരിച്ചുകൊണ്ടുവരുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കുട്ടികൾക്ക് കളിപ്പാട്ടം നൽകാൻ ആഗ്രഹിക്കുന്നവർ റൈറ്റ്സിന്റെ തിരുവനന്തപുരം ഓഫീസിൽ അത് എത്തിച്ചുകൊടുത്താൽ മതി.
കളിപ്പാട്ടങ്ങളും, കളർപെൻസിലുകളും, ചെസ് ബോർഡും, എന്നിങ്ങനെ കുട്ടികൾക്കായുള്ള വസ്തുക്കളാണ് എത്തിക്കേണ്ടത്. വെള്ളിയാഴ്ച, തിരുവനന്തപുരത്തുനിന്നും കോഴിക്കോട്ടേക്കു പുറപ്പെടുന്ന കളിപ്പാട്ടവണ്ടി, തലസ്ഥാനത്തു നിന്നുമുള്ള പന്ത്രണ്ട് കേന്ദ്രങ്ങളിൽ നിന്നും, പോകുന്ന വഴിയിലെ നൂറോളം കേന്ദ്രങ്ങളിൽ നിന്നും കളിപ്പാട്ടങ്ങൾ ശേഖരിക്കും.