Mon. Dec 23rd, 2024

ഇത്തവണ പ്രളയം ഏറ്റവും പ്രഹരം ഏൽപ്പിച്ചത് നിലമ്പൂർ മേഖലയിലാണ്. നിലമ്പൂർ എം.എൽ.എ പി.വി. അൻവർ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാണ്. എന്നാൽ പ്രളയത്തിന് മുൻപേ കക്കാടംപൊയ്കയിലെ പരിസ്ഥിതി ലോല പ്രദേശത്ത് അദ്ദേഹം വാട്ടർ തീം പാർക്ക് ഉണ്ടാക്കി പ്രകൃതിക്കു നാശം വരുത്തിയത് ഈ അവസരത്തിൽ ജനങ്ങൾ മറക്കരുതെന്നാണ് എന്‍. എസ്. യു. ദേശീയ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ഓർമിപ്പിക്കുന്നത്.

പി. വി. അന്‍വര്‍ എം. എല്‍. എയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള തടയണ പൊളിച്ച് നീക്കി വെള്ളം ഒഴുക്കി കളയാന്‍ ഹൈക്കോടതി ഇന്ന് ഉത്തരവ് ഇട്ടിരുന്നു. തടയണ നിര്‍മ്മിച്ചവര്‍ തന്നെ അത് പൊളിച്ചു നീക്കാനുള്ള ചെലവ് വഹിക്കണമെന്നും കോടതി ഉത്തരവിട്ടു.

വ്യാഴാഴ്ച വൈകിട്ട് നിലമ്പൂര്‍ പോത്തുകല്ല് ബസ് സ്റ്റാന്‍ഡില്‍ നടന്ന ദുരിതാശ്വാസ പ്രവര്‍ത്തന സർവ കക്ഷിയോഗത്തിൽ വികാരഭരിതമായി സംസാരിച്ച അൻവറിനു കരച്ചിൽ അടക്കാനാകാതെ പ്രസംഗം പാതിയിൽ നിർത്തേണ്ടി വന്നിരുന്നു. ജീവിതത്തില്‍ സമ്പാദിച്ചതെല്ലാം ഒരു രാത്രികൊണ്ട് നഷ്ടപ്പെട്ടവരോട് ഒരു എം.എല്‍.എ എന്ന നിലയില്‍ എന്ത് ചെയ്യാന്‍ കഴിയുമെന്ന് പറയാന്‍ കഴിയാതെ വീര്‍പ്പുമുട്ടുകയാണെന്നും കഴിഞ്ഞ കുറേ ദിവസങ്ങളായി ജനങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങളെല്ലാം നേരിൽ കാണുകയാണെന്നും പറഞ്ഞാണ് അൻവർ വിങ്ങിപ്പൊട്ടിയത്. പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് പത്തുലക്ഷം രൂപയുടെ വ്യക്തിപരമായ ധനസഹായവും അൻവർ പ്രഖ്യാപിച്ചു. തുടർന്ന് സോഷ്യൽ മീഡിയയിൽ അൻവർ വലിയ കയ്യടി നേടിയിരുന്നു.

എന്നാൽ നാളെ ഗോവിന്ദച്ചാമി ശിക്ഷയൊക്കെ കഴിഞ്ഞ് പുറത്തിറങ്ങി സ്ത്രീ സുരക്ഷാ സമ്മേളനം സംഘടിപ്പിച്ചാലും അയാളെ തോളിലേറ്റി നോട്ടുമാലയിടും എന്നാണ് രാഹുലിന്റെ പരിഹാസം.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ;

പ്രളയകാലത്ത് ഞാൻ ഒരു കഥ പറയാം,

എന്റെ പരിചയത്തിൽ ഒരു സുനിലണ്ണനുണ്ട്. എന്നും രാത്രിയിൽ നല്ല തണ്ണിയടിച്ചിട്ട് വന്ന് നാട്ടിലെ LP സ്കൂളിൽ പുള്ളി വന്ന് കിടക്കും, എന്നിട്ട് ഓഫീസിന്റെ വാതിൽക്കലെ ബഞ്ചിൽ കിടന്ന് ഛർദ്ദിക്കുകയും അപ്പിയിടുകയും ചെയ്യും…. രാവിലെ കുട്ടികൾ എത്തുമ്പോൾ കാണുന്ന കാഴ്ച്ച, അടുത്തുള്ള കിണറിൽ നിന്നും വെള്ളം കോരി വന്നിട്ട് ഓഫിസ് പരിസരം വൃത്തിയാക്കുന്ന സുനിലണ്ണനെയാണ്. ഈ വൃത്തിയാക്കുന്നത് മാത്രം കണ്ടു കൊണ്ട് വരുന്ന കുട്ടികൾക്ക് ഹീറോയാണ് സുനിലണ്ണൻ, കാരണം പ്രതിഫലമാഗ്രഹിക്കാതെ തങ്ങളുടെ സ്കൂൾ വൃത്തിയാക്കുന്ന ചേട്ടനോട് ആരാധനയല്ലാതെ മറ്റെന്ത് തോന്നാനാണവർക്ക്. യാഥാർത്ഥ്യമറിയുന്ന പ്രിൻസിപ്പാൾ സുനിലണ്ണനെ വഴക്ക് പറയുമ്പോൾ അറിവാകാത്ത കുരുന്നുകൾക്കത് വിഷമമാണ്. അതവരുടെ പ്രായത്തിന്റെ നിഷ്കളങ്കതയാണ്….

പറഞ്ഞു വന്നത് പ്രബുദ്ധരെന്ന് നാം സ്വയം കരുതുന്ന നമ്മൾ മലയാളികൾ എന്ത് മണ്ടന്മാരാണ്? എന്തു പെട്ടെന്നാണ് ആളുകൾ നമ്മെ വിഡ്ഢികളാക്കുന്നത്?

അല്ലെങ്കിൽ ഒരു കാര്യം മാത്രം ഓർത്തു നോക്കു, P V അൻവർ എന്ന മുതലാളി കുറച്ച് ദിവസമായി നമ്മുടെ ചിന്താശേഷിയുടെയും മസ്തിഷക്കത്തിന്റെയും മുകളിലിരുന്ന് സുനിലണ്ണനെ പോലെ ഛർദ്ദിക്കുകയും മല വിസർജനം നടത്തുകയും ചെയ്തിട്ട് നമ്മുക്കത് തിരിച്ചറിയാൻ കഴിയുന്നില്ലല്ലോ!

ഇന്ന് നാം വേദനയോടെ ചർച്ച ചെയ്യുന്ന നിലമ്പൂരെ കവളപ്പാറയിൽ നിന്നും 20 km മാത്രം അകലെ മറ്റൊരു കുന്നുണ്ട്, പേര് കക്കാടംപൊയില. ഇനിയൊരു കാലത്തെ പത്രത്തിന്റെ മുൻ പേജിൽ മരണത്തിന്റെ കണക്ക് കൊണ്ട് മനസ്സിൽ സങ്കടക്കടലിന്റെ കവിത തീർക്കുക കക്കാടംപൊയിലയാണ്. ഇതു പറയാനുള്ള കാരണം ഇക്കഴിഞ്ഞ ജൂൺ 13, 14 ന് മാത്രം ആ കുന്നിൽ പത്തിടത്താണ് ഉരുൾപൊട്ടൽ ഉണ്ടായത്. ആ ഉരുൾപൊട്ടലിന്റെ കാരണം ആ കുന്ന് കയ്യേറി അവിടുത്തെ പരിസ്ഥിതി ലോല വ്യവസ്ഥയെ വെല്ലുവിളിച്ച് പ്രവർത്തിക്കുന്ന PVR എന്ന വാട്ടർ തീം പാർക്കാണ്. ആരാണ് ആ പാർക്കിന്റെ ഉടമയെന്ന് ചോദിച്ചാൽ ഈ പ്രളയകാലത്തെ നമ്മുടെ മാധ്യമങ്ങളുടെയും സമൂഹ മാധ്യമങ്ങളുടെയും ഹീറോ സാക്ഷാൽ P V അൻവർ. (ഈ അടുത്ത കാലത്തായി അൻവറിന്റെ ഭാര്യയുടെ പേരിലാക്കി)

ജീവിക്കാനുള്ള അതിജീവന സമരത്തിന്റെ ഭാഗമായി ആ പാർക്കിനെതിരായി അവിടുത്തെ നാട്ടുകാർ രംഗത്ത് വന്നപ്പോഴാണ് “ജപ്പാനിൽ മഴ പെയ്യിക്കുന്ന” വിചിത്ര തിയറി അൻവർ പറഞ്ഞത്. സമരം ചെയ്യുന്നവരെ അൻവറിന്റെ ഗുണ്ടകൾ കൈകാര്യം ചെയ്യുന്നു എന്നുള്ളതാണ് കരക്കമ്പി.

ഇനി പറയു എന്ത് ധാർമ്മികതയാണ് അൻവറിന്റെ പ്രളയകാലത്തെ കണ്ണീർ നാടകത്തിനുള്ളത്. ശക്തമായ ഒരു PR ടീമിനെ ഉപയോഗിച്ച് അയാൾ, അയാളെ തന്നെ വെള്ളപൂശിക്കൊണ്ടിരിക്കുന്ന ഈ നിമിഷവും കുടരഞ്ഞി വില്ലേജ് ഓഫീസർ “അൻവറിന്റെ പാർക്ക് കാരണം അവിടെ ഉരുൾപ്പൊട്ടലുണ്ടാകുന്നുവെന്നും സമുദ്രനിരപ്പിൽ നിന്ന് 2500 അടിയോളം ഉയരത്തിൽ മലയുടെ ഒരുവശം ഇടിച്ച് നിർമിച്ച പാർക്ക് തന്നെ അപകട ഭീഷണിയിലാണെന്നും” പറഞ്ഞ് സമർപ്പിച്ച ഒരു റിപ്പോർട്ട് താലൂക്ക് ഓഫീസിലെ മേശയിൽ ‘വെളിച്ചം കാണാതെയിരുന്ന് റിപ്പോർട്ട് കുഞ്ഞുങ്ങളെ പ്രസവിക്കുന്നുണ്ട് ‘. ആ നാട്ടിലെ സ്ഥിരതാമസക്കാരെപ്പോലെ തന്നെ ആ പാർക്കിൽ ഉല്ലസിക്കാൻ വരുന്ന കുഞ്ഞുങ്ങളുടെ ജീവൻ പോലും അപകടത്തിലാക്കി വിറ്റ് കാശുണ്ടാക്കുന്നവൻ കവളപ്പാറയിൽ എത്തി കഴുത്തിൽ ഒരു തോർത്തിട്ട് കണ്ഠം ഇടറുമ്പോലെ മിമിക്രി കാട്ടുമ്പോൾ, അത് വിശ്വസിച്ച് കൂടെ കരഞ്ഞ് അയാളെ നന്മ മരം ആകാൻ സഹായിക്കുന്ന നമ്മൾ മലയാളികളെ മണ്ടന്മാർ എന്നല്ലാതെ എന്ത് വിളിക്കണം?

നാളെ ഗോവിന്ദച്ചാമി ശിക്ഷയൊക്കെ കഴിഞ്ഞ് പുറത്തിറങ്ങിയിട്ട് ഒരു “സ്ത്രീ സുരക്ഷ സമ്മേളനം” സംഘടിപ്പിച്ചാലും നമ്മൾ ആ സമ്മേളനത്തിൽ പങ്കെടുത്ത് അയാളെ തോളിലേറ്റി വേദിയിലെത്തിച്ച് നോട്ടുമാലയിടും നമ്മൾ… കവികൾ അയാളുടെ സ്ത്രീ സംരക്ഷണ മനസ്സിനെ പ്രകീർത്തിച്ച് ഭീമനോടുപമിച്ച് മഹാകാവ്യം എഴുതും…. സൈബർ നിഷ്പക്ഷ എഴുത്തുകാർ നീണ്ട ലേഖനമെഴുതി കാക്കത്തൊള്ളായിരം ലൈക്കുകൾ വാങ്ങും…. OB വാനുകൾ അയാൾക്ക് പിന്നാലെ പായും… നാം ഓരോരുത്തരും ഏറ്റ് പറയും#ഗോവിന്ദച്ചാമി_ഉയിർ എന്നിട്ട് പ്രൊഫൈൽ പിക്കിടും…. ഇതു കണ്ട് ദൂരെ മാറിയിരുന്ന് നമ്മുടെ മറവിയെ പരിഹസിച്ച് ഒരു അരണ പൊട്ടിച്ചിരിക്കും ….. പുകവലി വിരുദ്ധ ദിനം സിഗരറ്റ് കമ്പനികൾക്ക് സ്പോൺസർ ചെയ്യുന്ന കാലത്ത് എന്ത് അൻവർ, ഏത് ഗോവിന്ദച്ചാമി…’

https://www.facebook.com/rahulmamkootathil/posts/2297723736978949

Leave a Reply

Your email address will not be published. Required fields are marked *