കൊല്ലം:
ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിമ്മയുടെ വാഹനം ഗതാഗത കുരുക്കില്‍ കുടുങ്ങിയതിന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. കൊല്ലം റൂറല്‍ സ്‌പെഷല്‍ ബ്രാഞ്ച് എ.എസ്.ഐ നുഖിയുദ്ദീന്‍, ശൂരനാട് പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഹരിലാല്‍, രാജേഷ് ചന്ദ്രന്‍ എന്നിവരെയാണ് എസ്.പി ഹരിശങ്കര്‍ സസ്‌പെന്‍ഡ് ചെയ്തത്.
വ്യാഴാഴ്ച ഉച്ചയോടെ കൊല്ലം മയ്യത്തും കരയില്‍ വെച്ചായിരുന്നു മന്ത്രിയുടെ വാഹനം ഗതാഗത കുരുക്കില്‍ പെട്ടത്. പത്തനം തിട്ടയിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിനു ശേഷം ശൂരനാട് വെള്ളം കയറിയ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പോവുകയായിരുന്നു മന്ത്രി. ചക്കുവള്ളിയിലുള്ള ഓഡിറ്റോറിയത്തിനു മുന്നില്‍ വിവാഹ സംഘത്തിന്റെ വാഹനം നിര്‍ത്തിയിട്ടതിനെ തുടര്‍ന്ന് ഗതാഗത കുരുക്കുണ്ടായിരുന്നു. ഇവിടെയെത്തിയ മന്ത്രിയുടെ വാഹനം പത്തു മിനിട്ടോളം ഗതാഗത കുരുക്കില്‍ പെട്ടു.
വാഹനം ബ്ലോക്കില്‍ കുടുങ്ങിയതോടെ മന്ത്രിയുടെ ഗണ്‍മാന്‍ റൂറല്‍ എസ്.പിയുടെ ഓഫീസുമായി ബന്ധപ്പെട്ടു. ഈ സമയത്ത് ശൂരനാട് സ്‌റ്റേഷനിലുണ്ടായിരുന്ന രണ്ടു പോലീസുകാര്‍ സ്ഥലത്തെത്തിയെങ്കിലും ഗതാഗതക്കുരുക്കു മാറിയില്ല. ഇതിന്റെ പേരിലാണ് പോലീസുകാരെ ബലിയാടാക്കിയത്.
മന്ത്രിയുടെ യാത്രാ വിവരങ്ങള്‍ കൊട്ടാരക്കര റൂറല്‍ എസ്.പിയുടെ ഓഫീസില്‍ അറിയിച്ചിരുന്നതായി മന്ത്രിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. അതേസമയം യാത്രാ വിവരങ്ങള്‍ സ്‌റ്റേഷനില്‍ അറിയിക്കുന്നതില്‍ ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായെന്നും ആരോപണമുണ്ട്.
മന്ത്രിയുടെ പേര് പരാമര്‍ശിക്കാതെ തയ്യാറാക്കിയ സസ്‌പെന്‍ഷന്‍ ഓര്‍ഡറില്‍ കൊല്ലം റൂറല്‍ പരിധിയിലുള്ള പ്രദേശത്ത് വി.ഐ.പിക്ക് കടന്നു പോകുന്നതിനായി സുരക്ഷയൊരുക്കുന്നതില്‍ ഗുരുതര വീഴ്ചയുണ്ടായി എന്നാണ് സൂചിപ്പിച്ചിരിക്കുന്നത്. ഇതിന്റെ പേരിലാണ് സസ്‌പെന്‍ഷന്‍ എന്നും വ്യക്തമാക്കിയിട്ടുണ്ട്.