Fri. Nov 22nd, 2024
തൊടുപുഴ :

മൂന്നാറില്‍ പുഴയോര കയ്യേറ്റങ്ങള്‍ക്കു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ദേവികുളം സബ് കലക്ടര്‍ രേണുരാജ്. പുഴയുടെ ഒഴുക്കിനു തടസം സ്യഷ്ടിക്കുന്ന കെട്ടിടങ്ങളെപ്പറ്റി ജില്ലാ കലക്ടര്‍ക്കു റിപ്പോര്‍ട്ട് നൽകും. ഇത്തരം കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാനാണു തീരുമാനമെന്നും രേണുരാജ് പറഞ്ഞു.

കൊച്ചി-ധനുഷ്‌കോടി ദേശീയപാത, മൂന്നാർ -ഉടുമൽപ്പെട്ട അന്തർ സ്ഥാനപാത എന്നിവിടങ്ങളിലൂടെയുള്ള ഗതാഗതം പൂർണ്ണമായി നിലച്ചതോടെ മൂന്നാർ ഒറ്റപ്പെട്ട് പോയിരുന്നു. കന്നമലയാർ കരകവിഞ്ഞതോടെ പെരിവാര പാലം ഒലിച്ചുപോയി. പഴയമൂന്നാറിൽ കഴിഞ്ഞ വർഷത്തെപ്പോലെതന്നെ ദേശീയപാതയിൽ പുഴവെള്ളം കയറിയതാണ് ഗതാഗതം പൂർണ്ണമായി നിലയ്ക്കാർ ഇടയാക്കി. തൊഴിലാളികൾ യാത്രചെയ്യുന്ന എസ്റ്റേറ്റിലേക്കുള്ള പോക്കറ്റ് റോഡുകളിൽ പലയിടങ്ങളിലും മണ്ണിടിഞ്ഞ് വീണ് ഒറ്റപ്പെട്ട് പോയിരുന്നു. ഇതാണ് പുഴയോര കയ്യേറ്റങ്ങൾക്ക് കർശനമായി കടിഞ്ഞാണിടാൻ സർക്കാർ തീരുമാനിച്ചത്.

മുതിരപ്പുഴ കരകവിഞ്ഞതോടെ പഴയ മൂന്നാറിൽ വ്യാപകമായി വെള്ളക്കെട്ട് രൂപപ്പെടുകയും നിരവധി വീടുകളിൽ വെള്ളം കയറുകയും ചെയ്തിരുന്നു. അശാസ്ത്രീയമായ നിർമ്മാണങ്ങളും പുഴ കയ്യേറ്റവുമാണു മൂന്നാറിലെ വെള്ളപ്പൊക്കത്തിനു കാരണമെന്നു വിമർശനം ഉയർന്നിരുന്നു. ചെറിയൊരു മഴയില്‍പ്പോലും മൂന്നാര്‍ ടൗണിലും പഴയമൂന്നാറിലും വെള്ളക്കെട്ടുകള്‍ രൂപപ്പെടുന്നത് അനധികൃത കയ്യേറ്റം കാരണമെന്നാണു റവന്യുവകുപ്പിന്റെ കണ്ടെത്തല്‍.

നേരത്തെ പഴയ മൂന്നാർ ബസ്സ്റ്റാൻഡിലെ പഞ്ചായത്തിന്റെ ഷോപ്പിങ് കോംപ്ലക്‌സ് നിർമ്മാണത്തിൽ റവന്യു വകുപ്പ് നിയമലംഘനം കണ്ടെത്തിയതോടെ സബ് കളക്ടർ നടപടി സ്വീകരിച്ചതിനെതിരെ എംഎൽഎ അടക്കമുള്ളവർ രംഗത്ത് വന്നത് വിവാദമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *