സച്ചിനെയും ഭവ്യയെയും മലയാളികൾ മറന്നു കാണില്ല. പ്രണയം കൊണ്ട് കാന്‍സറിനെ തോല്‍പ്പിച്ച യുവ മിഥുനങ്ങൾ.. നിലമ്പൂരിലെ അക്കൗണ്ടിംഗ് പഠനകേന്ദ്രത്തിൽ വെച്ചാണ് ഇവരുടെ പ്രണയം തളിരിടുന്നത്. എന്നാൽ അവരുടെ പ്രണയകാലത്ത് ഇടിത്തീയായി ഭവ്യക്ക് അസ്ഥിയിൽ ക്യാൻസർ പിടിപെട്ടു. പക്ഷെ സച്ചിൻ തന്റെ പ്രണയിനിയെ ഉപേക്ഷിച്ചില്ല. രോഗാവസ്ഥയിൽ തന്നെ വിവാഹം ചെയ്തു കൂടെ കൂട്ടി. പിന്നീട് അത്ഭുതകരമായി ക്യാൻസറിനെ തോൽപ്പിച്ചു ഭവ്യ ജീവിതത്തിലേക്ക് മടങ്ങി വന്നു.
ഇപ്പോൾ ഈ പ്രളയകാലത്തു തങ്ങൾക്ക് ആകെയുള്ള ബുള്ളറ്റ് വിറ്റ് ലഭിക്കുന്ന മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാൻ തയ്യാറായി വീണ്ടും നമ്മെ ഞെട്ടിച്ചിരിക്കുകയാണ് ഈ ദമ്പതികൾ. തന്റെ നാട് പഴയതുപോലെയാവാൻ ബുള്ളറ്റ് കൊടുത്തുകിട്ടുന്ന മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൊടുക്കാൻ തയ്യാറാണെന്ന് സച്ചിൻ ഫേസ്ബുക്കിൽ കുറിച്ചു. ഇതോടെ സച്ചിനും ഭവ്യയ്ക്കും അഭിനന്ദനമറിയിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
സച്ചിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:
ഈ അടുത്താണ് എനിക്ക് എന്റെ കുടുംബത്തിൽ പെട്ട കുറച്ചു ആളുകൾ യാത്രകളെ സ്‌നേഹിക്കുന്ന ഭവ്യക്ക്, ഭവ്യയുടെ യാത്ര സുരക്ഷിതമാക്കാൻ ബുള്ളറ്റ് 350 ബൈക്ക് എനിക്ക് സമ്മാനിച്ചത്.. ഇപ്പോൾ ഞങ്ങളെ നാടും നഗരവും എല്ലാം തകർന്നടിഞ്ഞു,, ഒരുപാട് ജീവനുകൾ നഷ്ട്ടപ്പെട്ടു, ഒരുപാട് ആളുകളെ ഇനിയും മണ്ണിനടിയിൽ നിന്നും കിട്ടാനുമുണ്ട്.. എന്റെ നാട് പഴയതുപോലെയാവാൻ ഈ ബൈക്ക് കൊടുത്തുകിട്ടുന്ന മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൊടുക്കാൻ ഞാനും എന്റെ കുടുംബവും തീരുമാനിച്ചു..
നമ്മൾ അതിജീവിക്കും…