ന്യൂഡല്‍ഹി:
ഉന്നാവോ ബലാത്സംഗ കേസില്‍ അഭിഭാഷകന് വധ ഭീഷണി. പെണ്‍കുട്ടിയുടെ അമ്മയുടെ അഭിഭാഷകനായ ധര്‍മേന്ദ്ര മിശ്രക്കാണ് കേസിലെ മുഖ്യ പ്രതിയായ എം.എല്‍.എ. കുല്‍ദീപ് സിംഗ് സെംഗാറില്‍ നിന്നും വധഭീഷണിയുണ്ടായത്.
ഇതുമായി ബന്ധപ്പെട്ട് ഡല്‍ഹി ജില്ലാ കോടതി ജഡ്ജി ധര്‍മേഷ് ശര്‍മ്മക്ക് അഭിഭാഷകനായ ധര്‍മേന്ദ്ര മിശ്ര പരാതി നല്‍കിയിട്ടുണ്ട്. കോടതി പരിസരത്തു വെച്ച് സെംഗാര്‍ തന്റെ നേര്‍ക്കു തിരിഞ്ഞ് കഴുത്തിനു കുറുകെ ചൂണ്ടുവിരല്‍ കാണിച്ച് തന്നെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും മിശ്രയുടെ പരാതിയില്‍ പറയുന്നു. രണ്ടു തവണ സെംഗാര്‍ ഇതേ രീതിയില്‍ ആഗ്യം കാണിച്ച് തന്നെ ഭീഷണിപ്പെടുത്തിയെന്നും മിശ്ര ജഡ്ജിക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കേസിലെ കൂട്ടുപ്രതിയും സെംഗാറിന്റെ സഹോദരനുമായ അതുല്‍ സിംഗ് സെംഗാറും നേരത്തേ വധ ഭീഷണി മുഴക്കിയിരുന്നെങ്കിലും താന്‍ അത് കാര്യമായി എടുത്തിരുന്നില്ലെന്നും മിശ്ര പറയുന്നു. തെളിവിനായി കോടതി പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിക്കുന്നതിനായി അഭിഭാഷകനായ ധര്‍മേന്ദ്ര മിശ്ര അപേക്ഷ നല്‍കിയിട്ടുണ്ട്.