Fri. Nov 22nd, 2024
തിരുവനന്തപുരം:

 

കനത്ത മഴയിലും ഉരുൾപൊട്ടലിലും മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നാലു ലക്ഷം രൂപയാണ് ഇവർക്കു നൽകുക. വീട് പൂർണ്ണമായും നഷ്ടപ്പെട്ടവർക്ക് നാലു ലക്ഷം രൂപയും, പ്രളയബാധിതർക്ക് അടിയന്തിരസഹായമായി പതിനായിരം രൂപയും നൽകാൻ തീരുമാനമെടുത്തിട്ടുണ്ട്. കഴിഞ്ഞ വർഷം പ്രളയം ഉണ്ടായപ്പോഴും പതിനായിരം രൂപ അനുവദിച്ചിരുന്നു.

അടിയന്തിരസഹായം ആവശ്യമുള്ളവരുടെ പട്ടിക ആദ്യം തയ്യാറാക്കും. പഞ്ചായത്ത് സെക്രട്ടറിയും വില്ലേജ് ഓഫീസർമാരുടേയും നേതൃത്വം ഇക്കാര്യത്തിലുണ്ടാകും. അവ അതാതു സ്ഥലങ്ങളിൽ പ്രസിദ്ധീകരിച്ച്, സഹായത്തിന് യോഗ്യതയുള്ളവരുടെ പേരുകൾ വിട്ടുപോയിട്ടുണ്ടെങ്കിൽ ചേർക്കുകയും, അനർഹരുടെ പേരുകൾ നീക്കുകയും ചെയ്യും. മുന്നറിയിപ്പിന്റെ ഭാഗമായി ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറി താമസിച്ച കുടുംബങ്ങൾക്കും ഈ തുക ലഭിക്കും.

വാസയോഗ്യമല്ലാത്ത രീതിയിൽ തകർന്ന വീടുകളുള്ളവർക്കാണ് നാലു ലക്ഷം രൂപ ലഭിക്കുക. വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് വീടിനും സ്ഥലത്തിനുമായി പത്ത് ലക്ഷം രൂപ ലഭിക്കും.

അർഹമായ വില്ലേജുകളെ പ്രളയബാധിതപ്രദേശമായി നിശ്ചയിക്കാനുള്ള ചുമതല ദുരന്തനിവാരണ അതോറിറ്റിക്കു നൽകും. ഇതിനെ സംബന്ധിച്ച് വിജ്ഞാപനം ഉടൻ ഇറക്കും.

പ്രളയത്തിലകപ്പെട്ട കുടുംബങ്ങൾക്കും മത്സ്യത്തൊഴിലാളികൾക്കും 15 കിലോ അരി സൌജന്യമായി ലഭിക്കും. ഇപ്പോൾ സൌജന്യറേഷൻ ലഭിക്കാത്തവർക്കു മാത്രമാണ് ഇത് ലഭിക്കുക.

പ്രളയബാധിതർക്ക് സഹായധനം നിക്ഷേപിക്കുന്ന ബാങ്ക് അക്കൌണ്ടിലെ മിനിമം ബാലൻസ് നിബന്ധന നീക്കാൻ ബാങ്കുകളോട് ആവശ്യപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *