വയനാട്:
പുത്തുമലയിലുണ്ടായത് ഉരുള്‍പൊട്ടല്‍ അല്ലെന്ന് വയനാട് ജില്ലാ മണ്ണ് സംരക്ഷണ വകുപ്പ് ഓഫീസറുടെ റിപ്പോര്‍ട്ട്. ശക്തമായ മണ്ണിടിച്ചിലാണ് ഈ മേഖലയിലുണ്ടായതെന്നും ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ദുരന്തം നടന്ന സ്ഥലത്ത് വിശദമായ പഠനം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഏകദേശം അഞ്ച് ലക്ഷം ടണ്‍ മണ്ണും ഇത്രത്തോളം വ്യാപ്തത്തില്‍ തന്നെ വെള്ളവുമാണ് താഴേക്ക് ഇടിഞ്ഞു വീണ് ഒഴുകിയെത്തിയത്. പുത്തുമലയില്‍ ഉണ്ടായ ദുരന്തത്തെ ഉരുള്‍പൊട്ടല്‍ എന്നു വിളിക്കുന്നത് തെറ്റാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് വ്യക്തമായ കാരണങ്ങളും മണ്ണു സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ചെരിഞ്ഞ കുന്നിന്‍ പ്രദേശങ്ങളില്‍ മണ്ണിനടിയില്‍ സംഭരിക്കപ്പെടുന്ന വെള്ളം മര്‍ദ്ദം കൂടുമ്പോള്‍ ഒരു പ്രത്യേക ഭാഗത്തു കൂടി അതിശക്തമായി പുറത്തേക്കൊഴുകുന്നതാണ് ഉരുള്‍പൊട്ടല്‍. ഈ ഒഴുക്കിന്റെ ശക്തിയില്‍ ആ ഭാഗത്തെ മണ്ണും പാറയും ഇടിഞ്ഞ് കുത്തിയൊലിച്ചു പോകും. കൃത്യമായ ഒരു പോയിന്റില്‍ കൂടിയാകും വെള്ളം പുറത്തേക്കൊഴുകുക. ഇങ്ങനെ വെള്ളം ശക്തിയായി പുറത്തേക്കൊഴുകി വരുന്ന ഭാഗത്തിന് ഉരുള്‍പൊട്ടല്‍ നാഭിയെന്നാണ് പറയുന്നത്. പുത്തുമലയില്‍ ഇങ്ങനെയൊരു സാഹചര്യം ഉണ്ടായതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വലിയ തോതിലുള്ള മണ്ണിടിച്ചിലാണ് ഇവിടെയുണ്ടായതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
പുത്തുമല പ്രദേശത്ത് വന്‍ തോതില്‍ നടന്ന മരംമുറിക്കലും ഏലം കൃഷിക്കായി മണ്ണിളക്കിയതും ഇവിടെ മണ്ണിടിച്ചിലിന് കാരണമായിട്ടുണ്ട്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടോളമായി ഈ പ്രദേശത്ത് മരങ്ങള്‍ വെട്ടിമാറ്റി ഏലം കൃഷി ചെയ്തു വരികയാണ്. ഇവിടെ മണ്ണിടിച്ചിലുണ്ടായത് ഇരുപതു ഡിഗ്രി മുതല്‍ അറുപതു ഡിഗ്രി വരെ ചരിവുള്ള പ്രദേശത്താണ്. മണ്ണിനടിയില്‍ കൂടുതലും പാറയാണ്. ഒന്നര മീറ്ററോളം കനത്തില്‍ മാത്രമാണ് ഈ പ്രദേശത്ത് മേല്‍മണ്ണുള്ളത്.
ആദ്യകാലത്ത് ഇവിടെയുണ്ടായിരുന്ന മരങ്ങളുടെ വേരുകള്‍ പാറകള്‍ക്കിടയിലേക്ക് ആഴ്ന്നിറങ്ങിയിരുന്നു. ദുരന്തമുണ്ടായ പച്ചക്കാട് പ്രദേശത്തിന് മുകള്‍ഭാഗത്തെ കുത്തനെയുള്ള കുന്നില്‍ എണ്‍പതുകളിലാണ് വന്‍തോതില്‍ മരങ്ങള്‍ വെട്ടി വെളുപ്പിച്ച് കാപ്പിയും ഏലവും കൃഷി ചെയ്തത്.
മരങ്ങള്‍ മുറിച്ചു പോയെങ്കിലും ഇത്രയുകാലം ഈ മരങ്ങളുടെ വേരുകള്‍ മണ്ണിനെ പിടിച്ചു നിര്‍ത്തിയിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ ഈ വേരുകള്‍ ദ്രവിക്കുകയും വിടവുകളിലൂടെ വെള്ളം പാറയിലേക്ക് ഒഴുകിയിറങ്ങുകയും ചെയ്തു. പിന്നീട് ഏലം കൃഷിക്കായി നടത്തിയ മണ്ണിളക്കലും ശക്തമായ മണ്ണിടിച്ചിലിന് കാരണമായെന്ന് മണ്ണ് സംരക്ഷണ വകുപ്പ് ഓഫീസര്‍ ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
കൃഷിക്കായി മണ്ണിളക്കിയതോടെ വെള്ളം ആഗിരണം ചെയ്യാനുള്ള മണ്ണിന്റെ ശേഷി വര്‍ദ്ധിച്ചു. പാറക്കുള്ളിലേക്കും വെള്ളം ഒഴുകിയിറങ്ങി. ഏലം ചെടിയുടെ വേരുകള്‍ അധികം ആഴത്തിലേക്കു പോകുന്നവയല്ല. അതിനാല്‍ മരങ്ങളെപ്പോലെ ആഴത്തില്‍ മണ്ണിനെ പിടിച്ചു നിര്‍ത്താനും കഴിയില്ല. ഇതിനിടെ തീവ്രമായ മഴ കൂടി പെയ്തപ്പോള്‍ പൈപ്പിംഗ് പ്രതിഭാസത്തിലുടെ മണ്ണ് പാറയില്‍ നിന്ന് വേര്‍പെട്ടു. ഇതാണ് വന്‍ തോതിലുള്ള മണ്ണിടിച്ചിലിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വയനാട് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പി.യു. ദാസിന്റെ നേതൃത്വത്തിലുള്ള സംഘം ഞായറാഴ്ചയാണ് ദുരന്തമുണ്ടായ പുത്തുമലയില്‍ പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം ദുരന്തമുണ്ടായ പ്രദേശത്തിനു മുകളില്‍ അന്‍പതേക്കറോളം സ്ഥലം ഇടിഞ്ഞു താഴ്ന്ന അവസ്ഥയിലാണെന്നും പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞു.
പുത്തുമലയിലുണ്ടായ മണ്ണിടിച്ചിലില്‍ സംബന്ധിച്ച് വിശദമായ പഠനം നടത്തണമെന്നും ദുരന്തത്തിന്റെ പശ്ചാത്തലം കണക്കിലെടുത്ത് ഭൂവിനിയോഗം പുനക്രമീകരിക്കണമെന്നും ജില്ലാ മണ്ണ് സംരക്ഷണ വകുപ്പ്
ഓഫീസര്‍ കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം പുത്തുമലയില്‍ പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഈ പ്രദേശത്തുള്ള കരിങ്കല്‍ ക്വാറിയെക്കുറിച്ച് പറയുന്നില്ല. നിലവില്‍ ഈ കരിങ്കല്‍ ക്വാറി പ്രവര്‍ത്തിക്കുന്നില്ലെങ്കിലും നേരത്തേ ഇവിടെ പാറപൊട്ടിക്കല്‍ നടന്നിരുന്നപ്പോള്‍ വന്‍ പ്രകമ്പനങ്ങള്‍ ഉണ്ടായിരുന്നതായും വീടുകള്‍ക്ക് വിള്ളല്‍ ഉണ്ടായിട്ടുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. ക്വാറി പ്രവര്‍ത്തിച്ചിരുന്നതും മണ്ണിടിച്ചില്‍ ഉണ്ടാകാനുള്ള മറ്റൊരു കാരണമായി നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ശക്തമായ മഴയില്‍ ബുധനാഴ്ച രാത്രിയില്‍ പുത്തുമലയില്‍ ആദ്യം ചെറിയതോതില്‍ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. ബുധനാഴ്ച മണ്ണിടിച്ചിലുണ്ടായ ഭാഗത്തെ വീട്ടുകാരെ വ്യാഴാഴ്ച സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളിയാഴ്ച വന്‍തോതില്‍ മണ്ണിടിഞ്ഞ് ഈ പ്രദേശം തന്നെ മണ്ണിനടിയിലായത്. പുത്തുമലയില്‍ കാണാതായ ഏഴുപേരെ ഇനിയും കണ്ടെത്താനുണ്ട്.