Mon. Dec 23rd, 2024

 

തൃശൂര്‍:

തൃപ്രയാറില്‍ ലുലു ഗ്രൂപ്പിന്റെ വൈമാളിനായി കെട്ടിയടച്ച തോട് നാട്ടുകാര്‍ തുറപ്പിച്ചു. വൈ മാളിന്റെ കോമ്പൗണ്ടിനുള്ളില്‍ കൂടി കടന്നു പോകുന്ന അങ്ങാടി തോടാണ് നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് തുറന്നു കൊടുക്കേണ്ടി വന്നത്.

മഴ കനത്തതോടെ തോട്ടിലൂടെയുള്ള നീരൊഴുക്ക് കുറയുകയും തൃപ്രയാര്‍ ജംഗ്ഷനിലും സമീപ പ്രദേശങ്ങളിലും വലിയ വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തിരുന്നു. വൈ മാളിന് വടക്കു ഭാഗത്തുള്ള ടെമ്പിള്‍ റോഡിലും നാട്ടിക ശ്രീനാരായണ കോളേജും ജി.എസ്.ഡി.എ സ്റ്റേഡിയവും ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ താഴ്ന്ന സ്ഥലങ്ങളിലും വലിയ തോതില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. പലവീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറുകയും ചെയ്തിരുന്നു.

വെള്ളക്കെട്ട് രൂക്ഷമായതോടെ നാട്ടുകാര്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. വൈ മാളിനുള്ളില്‍ തോട് കെട്ടിയടച്ചതാണ് വെള്ളക്കെട്ട് രൂക്ഷമാകാന്‍ കാരണമെന്നും തോട് തുറന്നു കൊടുക്കണമെന്നും നാട്ടുകാര്‍ അധികൃതരോടാവശ്യപ്പെട്ടു. എന്നാല്‍ ആദ്യഘട്ടത്തില്‍ അധികൃതര്‍ നടപടിയൊന്നും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

നാട്ടിക ഭാഗത്തുനിന്നും വൈമാളിന്റെ ഭൂമിയിലൂടെ തെക്കു ഭാഗത്തേക്ക് ഒഴുകുന്ന അങ്ങാടി തോട് കനോലി കനാലി കനാലിലേക്കാണ് ചെന്നു ചേരുന്നത്. ഈ തോട് അടഞ്ഞതുമൂലം നിരവധി വീടുകള്‍ വെള്ളത്തിലായെന്നും വെള്ളക്കെട്ടു മൂലം ചില വീടുകള്‍ ഇടിഞ്ഞു വീഴുന്ന അവസ്ഥയിലായെന്നും നാട്ടുകാര്‍ പറയുന്നു.

പ്രതിഷേധം കൂടുതല്‍ ശക്തമായതോടെ തോട് തുറന്നു കൊടുക്കണമെന്നു കാണിച്ച് ലുലുഗ്രൂപ്പിന് പഞ്ചായത്ത് അധികൃതര്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിലും നടപടിയൊന്നും ഉണ്ടായില്ലെന്നും തങ്ങളുടെ പ്രതിഷേധം മൂലം തോട് തുറന്നു നല്‍കേണ്ടി വന്നതാണെന്നാണും നാട്ടുകാര്‍ പറയുന്നു. മാളിന്റെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ കെട്ടിയടച്ചിരുന്ന മുഴുവന്‍ ഭാഗവും ജെസിബി ഉപയോഗിച്ച് ഞായറാഴ്ച തുറക്കുകയായിരുന്നു.

https://www.facebook.com/wokemalayalam/videos/466149747269733/

അതേസമയം വെള്ളക്കെട്ട് രൂക്ഷമായതിനെ തുടര്‍ന്ന് നാട്ടുകാര്‍ പഞ്ചായത്ത് അധികൃതരെ വിവരമറിയിച്ചു എന്നും ഇതിന്റെ അടിസ്ഥാനത്തില്‍ തോട് തുറന്ന് നീരൊഴുക്ക് സുഗമമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും നാട്ടിക പഞ്ചായത്ത് സെക്രട്ടറി സി.എ. വര്‍ഗീസ്, വോക്ക്-ജേണലിനോട് പറഞ്ഞു. റവന്യൂ അധികൃതരുടെയും നാട്ടിക പഞ്ചായത്തിന്റെയും നേതൃത്വത്തിലാണ് വൈമാളിനുള്ളിലെ തോട് തുറന്നു കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു.

വൈ മാളിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ ലൂലുഗ്രൂപ്പ് ഈ തോട് കെട്ടിയടച്ച് മുകളില്‍ ടൈല്‍ വിരിച്ച് പാര്‍ക്കിങ് ഗ്രൗണ്ടാക്കി മാറ്റുകയായിരുന്നു. തോട് കെട്ടിയടച്ചതിലും മാള്‍ നിര്‍മിക്കാനായി കൃഷിഭൂമി നികത്തിയതിലും അന്നു തന്നെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇത്തവണ വെള്ളക്കെട്ടു മൂലം ദുരിതത്തിലായതോടെയാണ് അങ്ങാടിതോട് തുറപ്പിക്കാന്‍ നാട്ടുകാര്‍ തന്നെ രംഗത്തിറങ്ങിയത്.

അങ്ങാടി തോട് തുറന്നതോടെ ഇതുവഴിയുള്ള നീരൊഴുക്ക് ശരിയാവുകയും വെള്ളക്കെട്ട് കുറയുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *