മലപ്പുറം:
ഉരുള്‍ പൊട്ടലില്‍ വന്‍ ദുരന്തമുണ്ടായ കവളപ്പാറയില്‍ നടന്ന തെരച്ചിലില്‍ തിങ്കളാഴ്ച ആറു മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇതോടെ കവളപ്പാറയിലെ ഉരുള്‍ പൊട്ടലില്‍ അകപ്പെട്ടതില്‍ 19 പേരുടെ മരണം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇത്തവണ മഴക്കെടുതിയില്‍ 85 പേര്‍ മരിച്ചതായും സ്ഥിരീകരിച്ചു.
ഇതിനിടെ ഉരുള്‍ പൊട്ടലില്‍ കാണാതായവരില്‍ നാലു പേര്‍ ബന്ധു വീടുകളിലും ദുരിതാശ്വാസ ക്യാമ്പുകളിലും ഉള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. മണ്ണില്‍ കുടുങ്ങിയെന്നു കരുതിയ ചീരോളി പ്രകാശനും കുടുംബവും സുരക്ഷിതരാണെന്ന് പോത്തുകല്ല് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. പ്രകാശനും കുടുംബവും എടക്കര വഴിക്കടവിലുള്ള ബന്ധുവീട്ടിലാണുള്ളത്. അതേസമയം കവളപ്പാറയില്‍ കാണാതായതില്‍ ഇനിയും 40 പേരെക്കൂടി കണ്ടെത്താനുണ്ട്.
സംസ്ഥാനത്ത് ഇത്തവണ ഏറ്റവും വലിയ പ്രകൃതി ദുരന്തമുണ്ടായ കവളപ്പാറയില്‍ 44 വീടുകള്‍ ഉള്‍പ്പെടുന്ന ഒരു പ്രദേശം മുഴുവനായി തന്നെ മണ്ണിനടിയിലാവുകയായിരുന്നു. ഉരുള്‍പൊട്ടി ഒഴുകിവന്ന മണ്ണും ചെളിയും മുത്തപ്പന്‍കുന്നു പ്രദേശത്തെ എട്ടു വീടുകള്‍ ഒഴികെ ബാക്കിയെല്ലാം മണ്ണിനടിയിലാക്കി. ഒഴുകിവന്ന മണ്ണും ചെളിയും വഴിയില്‍ വെച്ച് രണ്ടായി പിരിഞ്ഞതാണ് ഈ വീടുകള്‍ മാത്രം രക്ഷപ്പെടാന്‍ കാരണമായത്.
കവളപ്പാറ ഉള്‍പ്പെടുന്ന മലനിരകളില്‍ വയനാട് ജില്ലയില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് പുത്തുമല. സമാനമായ രീതിയില്‍ മണ്ണിടിച്ചിലുണ്ടായ പുത്തുമലയില്‍ ഏഴുപേരെയാണ് കണ്ടെത്താനുള്ളത്. പുത്തുമലയിലും തെരച്ചില്‍ തുടരുന്നുണ്ടെങ്കിലും കാണാതായവരെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. തെരച്ചില്‍ ഇന്നും തുടരും.
രണ്ടു പ്രദേശങ്ങളിലും സൈന്യത്തിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സും, സന്നദ്ധ സംഘടനകളും നാട്ടുകാരും ചേര്‍ന്നാണ് തെരച്ചില്‍ നടത്തുന്നത്. ഇന്നലെ മഴ ഒഴിഞ്ഞു നിന്നതിനാല്‍ തെരച്ചില്‍ തടസങ്ങളൊന്നുമില്ലാതെ വേഗത്തില്‍ മുന്നോട്ടു പോയി.
ജെസിബി ഉപയോഗിച്ച് വളരെ ശ്രദ്ധാപൂര്‍വം മണ്ണുനീക്കി മണ്ണിനടിയില്‍ കുടുങ്ങിയ വീടുകളുടെ കോണ്‍ക്രീറ്റ് സ്ലാബുകള്‍ ശ്രദ്ധയോടെ പൊളിച്ചെടുത്താണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് ആള്‍ബലം ധാരാളമുണ്ടെങ്കിലും കോണ്‍ക്രീറ്റ് കട്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളുടെ കുറവാണ് രക്ഷാപ്രവര്‍ത്തകര്‍ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്.
ഇതിനിടെ മലയോര മേഖലയില്‍ ശക്തമായി മഴ തുടരാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ജനങ്ങളും രക്ഷാപ്രവര്‍ത്തകരും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.