Fri. Nov 22nd, 2024

നമ്മുടെ യുക്തിക്കും നീതി ബോധത്തിനും ഉൾക്കൊളളാനാകാത്ത സംഭവങ്ങൾ നടക്കുമ്പോൾ പറയുന്നൊരു ചൊല്ല് മാത്രമാണ് “ഇതെന്താ വെള്ളരിക്ക പട്ടണമാണോ?”എന്ന്. എന്നാൽ ഇപ്പോൾ ആ ചൊല്ലിനെ അന്വർത്ഥമാക്കുന്ന സംഭവ വികാസങ്ങളിലൂടെ കടന്നു പോകുകയാണ് നമ്മുടെ നാട്.

സർവ്വേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച വാഹനമിടിച്ച് സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് മേധാവി മലപ്പുറം തിരൂര്‍ സ്വദേശി കെ.എം. ബഷീര്‍(35) മരിച്ചിട്ട് ഒരാഴ്ചയായി. ശനിയാഴ്ച്ച പാതിരാത്രി ഒരുമണിയോടെ തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനില്‍ വച്ചായിരുന്നു അപകടം. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിൽ ശ്രീറാമായിരുന്നു വണ്ടി ഓടിച്ചതെന്നും, ശ്രീറാം മദ്യപിച്ചിരുന്നെന്നും കാലുകൾ നിലത്ത് ഉറക്കുന്നുണ്ടായിരുന്നില്ല എന്നുമായിരുന്നു റിപ്പോർട്ടുകൾ.

ശ്രീറാമിന്റെ വനിതാ സുഹൃത്തും കാറിൽ കൂടെയുണ്ടായിരുന്നു. വഫ ഫിറോസ് എന്ന ആ യുവതിയുടേതായിരുന്നു കാർ. സംഭവം നടന്ന ഉടനെ ആ യുവതിയെ മറ്റൊരു വാഹനം ഏർപ്പാടാക്കി വീട്ടിലേക്കു വിട്ടു. തുടർന്നായിരുന്നു ഏതൊരു പൗരന്റെയും യുക്തിയെ ചോദ്യം ചെയ്യുന്ന അസംബന്ധ നാടകങ്ങളുടെ ഘോഷയാത്ര ആരംഭിക്കുന്നത്.

താനല്ല വഫയായിരുന്നു വണ്ടി ഓടിച്ചതെന്നു ശ്രീറാം മൊഴി കൊടുക്കുന്നു. ദേഹപരിശോധനക്കായി ജനറൽ ആശുപത്രിയിൽ എത്തിച്ച ശ്രീറാമിനെ മദ്യം മണത്തിരുന്നു എന്ന് ഡോക്ടർ ഫയലിൽ എഴുതിയിട്ടും രക്ത പരിശോധന നടത്താൻ ശ്രീറാം കൂട്ടാക്കുന്നില്ല. പോലീസ് നിർബന്ധിക്കുന്നില്ല. പിന്നീട് ശ്രീറാമിനെ കിംസ് ആശുപത്രിയിൽ പോയി സ്വയം ചികിത്സ നേടാൻ അനുവദിക്കുന്നു. വഫയെ പോലീസ് പുലർച്ച തന്നെ വിളിച്ചു വരുത്തുന്നു. രക്ത പരിശോധന നടത്തുന്നു. ശ്രീറാം ആയിരുന്നു വണ്ടി ഓടിച്ചതെന്നും അദ്ദേഹം മദ്യപിച്ചിരുന്നെന്നും മൊഴി കൊടുക്കുന്നു.

സമയം വൈകുന്തോറും രക്തത്തിൽ മദ്യത്തിന്റെ അംശം കുറഞ്ഞു വരും എന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. അതിനിടയിൽ രക്തത്തിൽ മദ്യത്തിന്റെ അംശം ഇല്ലാതാക്കാനുള്ള മരുന്നുകൾ ശ്രീറാം കഴിക്കുന്നുണ്ടോ, ഡയാലിസിസ് ചെയ്യുന്നുണ്ടോ എന്നൊക്കെയുള്ള സംശയം മാധ്യമങ്ങൾ ഉയർത്തുന്നു.

അതോടെ ഒൻപതു മണിക്കൂറിനു ശേഷം ശ്രീറാമിനെ രക്ത പരിശോധനക്ക് വിധേയമാക്കുന്നു. മാധ്യമങ്ങളുടെ സമ്മർദ്ദം ശക്തമായപ്പോൾ വഫയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ശ്രീറാമിനെ അറസ്റ്റു ചെയ്യുന്നു. പതിന്നാലു ദിവസത്തേക്ക് റിമാൻഡ് ചെയ്യുന്നു.

പിന്നീട് നടന്നത് നാടകങ്ങളെ വെല്ലുന്ന സംഭവങ്ങൾ ആയിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശ്രീറാമിനെ കിംസ് ആശുപത്രിയിൽ നിന്നും ജയിലിലേക്ക് അയക്കാൻ മജിസ്‌ട്രേറ്റ് ഉത്തരവിടുന്നു. അപകടത്തിന് ശേഷം ജനറൽ ആശുപത്രിയിലേക്കും പിന്നീട് കിംസിലേക്കും സ്വന്തം കാലിൽ നടന്നു പോയ ശ്രീറാം കിംസിൽ നിന്നും പുറത്തു വരുന്നത് മാസ്ക് ധരിച്ച് സ്ട്രക്ച്ചറിൽ കിടത്തി അത്യാസന്ന നിലയിൽ എന്ന് തോന്നിപ്പിക്കുന്ന വിധത്തിലായിരുന്നു. അതോടെ വീണ്ടും ട്വിസ്റ്റ് ഉണ്ടാകുന്നു. ആംബുലൻസിൽ ജയിലിൽ എത്തിച്ച ശ്രീറാമിന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നു ചൂണ്ടിക്കാട്ടി ജയിൽ ഡോക്ടർ മെഡിക്കൽ കോളേജിലെ സെൽ വാർഡിലേക്ക് മാറ്റുന്നു. ശ്രീറാമിന്റെ ജയിൽ വാസം അങ്ങനെ ഒഴിവാകുന്നു.

രക്തപരിശോധന വൈകിയതിനാൽ പ്രതീക്ഷിച്ചതു പോലെ തന്നെ ശ്രീറാമിന്റെ രക്തത്തിൽ മദ്യത്തിന്റെ സാന്നിധ്യം ഇല്ലെന്നു പരിശോധന ഫലം വരുന്നു. മജിസ്‌ട്രേറ്റ് കോടതിയിൽ ശ്രീറാമിന്റെ ജാമ്യാപേക്ഷ എത്തുന്നു. പരിക്കിന്റെ പേരിൽ ശ്രീറാമിന്റെ വിരലടയാളം എടുക്കാൻ സമ്മതിക്കാതിരുന്ന ഡോക്ടർമാർ ജാമ്യാപേക്ഷയിൽ ഒപ്പിടാൻ ശ്രീറാമിനെ അനുവദിക്കുന്നു. ജാമ്യാപേക്ഷ സർക്കാർ വക്കീൽ എതിർക്കുന്നു. മദ്യപിച്ചതിന്റെ പരിശോധനാഫലം കോടതി ആവശ്യപ്പെടുന്നു. സി.സി. ടി.വി ദൃശ്യങ്ങൾ ആവശ്യപ്പെടുന്നു. എന്നാൽ ഇത് രണ്ടും നൽകാനാകാതെ പോലീസ് കൈ മലർത്തുന്നു. ശ്രീറാമിന് കോടതി ജാമ്യം അനുവദിക്കുന്നു.

സർക്കാരിനും പോലീസിനും സംഭവം നാണക്കേടായപ്പോൾ മുഖം രക്ഷിക്കാൻ സർക്കാർ നടപടികൾ എടുക്കുന്നു. മ്യുസിയം എസ്.ഐ ജയപ്രകാശിന്റെ ബലിയാടാക്കി സസ്‌പെൻഡ് ചെയ്യുന്നു. ശ്രീറാമിന്റെ ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കുന്നു. എന്നാൽ ഹൈക്കോടതിയിൽ നിന്നും കടുത്ത വിമർശനം പോലീസ് ഏറ്റുവാങ്ങുന്നു. എന്തുകൊണ്ട് അപകടം നടന്ന ഉടൻ രക്ത സാമ്പിൾ എടുത്തില്ലെന്നും കേസിലെ പ്രതിതന്നെ തെളിവ് നല്‍കുമെന്ന് കരുതിയോ എന്നും കോടതി ചോദിക്കുന്നു.

അതിനിടയിൽ വഫ ഏഷ്യാനെറ്റിന് അഭിമുഖം നൽകുന്നു. മദ്യത്തിന്റെ മണം ഞാൻ ജീവിതത്തിൽ അറിഞ്ഞിട്ടില്ല. അതുകൊണ്ട് ശ്രീറാമിന്റെ മണം മദ്യത്തിന്റെ ആണോ എന്ന് എനിക്ക് ഉറപ്പിക്കാനാകില്ല. ശ്രീറാമിനോട് വെറും ഫേസ്‌ബുക്ക് ചാറ്റിംഗ് പരിചയം മാത്രം. ഒരു വർഷം മുന്നേ പരിചയപ്പെട്ട ശ്രീറാമിനെ പിന്നെ കണ്ടിട്ടില്ല. ഒരുവർഷത്തിനു ശേഷം അന്ന് രാത്രി യാദൃശ്ചികമായി ഒരു ഗുഡ് നൈറ്റ് മെസ്സേജ് വഫ അയക്കുന്നു. തിരിച്ചു മറുപടിയിൽ എന്നെ ഡ്രോപ്പ് ചെയ്യാമോ എന്ന് ശ്രീറാം ചോദിക്കുന്നു.

വേറൊന്നും ചിന്തിക്കാതെ വഫ രാത്രി ഒരു മണിക്ക് സ്വന്തം മകളെ ഒറ്റക്കാക്കി ശ്രീറാമിനെ കൂട്ടാൻ പോകുന്നു. ശ്രീറാം ബെഞ്ചിൽ ഇരിക്കുന്നു. പകുതി വഴിയിൽ ശ്രീറാം കാർ ഓടിക്കുന്നു. അപകടം വരുത്തുന്നു. വഫയെ ശ്രീറാം ഒരു യൂബറിൽ കയറ്റി വിടുന്നു. ഈ യൂബർ തനിക്കു യാത്ര ചെയ്യാൻ എന്തെ ശ്രീറാം വിളിച്ചില്ലെന്ന് നമ്മൾ ന്യായമായും സംശയിക്കുന്നു.

ഈ നാടകങ്ങളുടെയെല്ലാം ക്ളൈമാക്സിൽ ശ്രീറാം വെങ്കിട്ടരാമന് ‘റെട്രൊഗ്രേഡ് അംനേഷ്യ’ ആണെന്ന പുതിയ വാദവുമായി എത്തിയിരിക്കുകയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാർ. ഏതെങ്കിലും ഒരു പ്രത്യേക സംഭവത്തെ കുറിച്ച് പൂര്‍ണ്ണമായും ഓര്‍ത്തെടുക്കാനാകാത്ത അവസ്ഥയാണ് റെട്രൊഗ്രേഡ് അംനേഷ്യ. ചുരുക്കി പറഞ്ഞാൽ അപകടം നടന്ന സമയത്തെ സംഭവങ്ങൾ ഓർമ്മയില്ലെന്നു ശ്രീറാം പറഞ്ഞു തടിയൂരും എന്നർത്ഥം.

മൂന്നാർ കയ്യേറ്റ ഒഴിപ്പിക്കലിലൂടെ ശ്രീറാം മലയാളികളുടെ മനസ്സിൽ മമ്മുട്ടി ചിത്രമായ “ദി കിംഗ്”ലെ ജോസഫ് അലക്സ് ഐ.എ.എസ് ആയെങ്കിൽ, മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയതിലൂടെ മോഹൻലാലിൻറെ ‘തന്മാത്ര’ എന്ന ചിത്രത്തിലെ അംനേഷ്യ രോഗിയായ രമേശൻ ആയി മാറുന്നു.

കണ്ണടച്ചു ഇരുട്ടാക്കുന്ന അധികാരികൾ:

ഒരു സാധാരണക്കാരൻ മദ്യപിച്ച് വാഹനം ഓടിച്ചാൽ ഒരു അപകടവും വരുത്തിയില്ലെങ്കിൽ തന്നെ പോലീസുകാർ കാണിക്കുന്ന ശുഷ്‌കാന്തി എല്ലാവർക്കും അറിയാം. ബ്രീത്തിങ് ടെസ്റ്റും, തുടർന്ന് രക്തപരിശോധനയും കേസും കൂട്ടവും. എന്നാൽ ഇവിടെ ഒരാൾ മരണപ്പെട്ടിട്ടും പോലീസ് ഇതിനൊന്നും മുതിരഞ്ഞത് യാദൃശ്ചികമല്ല.

ശ്രീറാമിനെ കേസിൽ നിന്നും ഊരിയെടുക്കാനുള്ള ഉന്നത ഉദ്യോഗസ്ഥ ലോബികളുടെ ശ്രമമാണ് സംഭവം നടന്ന ആദ്യ മണിക്കൂർ മുതൽ ഉണ്ടായത്. ആദ്യം തന്നെ താനല്ല വാഹനം ഓടിച്ചതെന്നു വരുത്തി തീർക്കാൻ ശ്രമിച്ചെങ്കിലും മാധ്യമങ്ങളുടെ ജാഗ്രത ആ ശ്രമം പൊളിച്ചു. സത്യത്തിൽ തങ്ങളിൽ ഒരുവനായ ഒരു മാധ്യമപ്രവർത്തകനല്ല കൊല്ലപ്പെട്ടതെങ്കിൽ മാധ്യമങ്ങൾ ഇത്തരം ജാഗ്രത കാണിക്കുമോ എന്ന് സംശയമാണ്. ഈ കേസ് വെറുമൊരു വാഹനാപകടം മാത്രമായി മാറിയേനെ.

മാധ്യമ സമ്മർദ്ദത്തിൽ ശ്രീറാമിനെ പ്രതിയാക്കി കേസെടുത്തപ്പോൾ പിന്നെ അതിൽ നിന്നും ഊരിയെടുക്കാനായിരുന്നു ശ്രമം. മദ്യപിച്ച് വാഹനം നോട്ടീസിച്ചെന്നു തെളിഞ്ഞാൽ മനപ്പൂർവ്വമായ നരഹത്യക്കുള്ള കേസായി തീരും. അതിനു ശിക്ഷ കൂടുതലാണ്. എന്നാൽ മദ്യപിച്ചില്ലെന്നു തെളിയിക്കാനായാൽ മനപൂർവ്വമല്ലാത്ത നരഹത്യയും, അതൊരു മോട്ടോർ വാഹന അപകട കേസ് മാത്രമാകുകയും ചെയ്യും. അങ്ങനെ മദ്യപിച്ചില്ലെന്നു തെളിയിക്കാനാണ് ഈ അട്ടിമറികളെല്ലാം നടന്നിട്ടുള്ളത്.

ഈ കേസ് അട്ടിമറി ഉന്നതങ്ങളിൽ നിന്നും നടന്നതാണ് എന്ന് സുവ്യക്തമാണ്. കാരണം അപകടം നടന്നു ഉടൻ തന്നെ മാധ്യമപ്രവർത്തകർ ഇക്കാര്യം മുഖ്യമന്ത്രിയുടെ പ്രസ്സ് സെക്രട്ടറിയും മാധ്യമ പ്രവർത്തകനുമായ പി.എം. മനോജിന്റെ ശ്രദ്ധയിലും അത് വഴി ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും കാര്യങ്ങൾ അറിയാമായിരുന്നു. അതിനാൽ തന്നെ മ്യൂസിയം പോലീസ് സ്റ്റേഷനിലെ എസ്.ഐ ശ്രീറാമിന്റെ രക്ത പരിശോധന നടത്തിക്കാതെ വീഴ്ച വരുത്തിയത് മേലെ നിന്നുള്ള നിർദ്ദേശ പ്രകാരം തന്നെയെന്ന് ഉറപ്പാണ്.

ഈ കേസ് വിവാദമായതോടെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. അപ്പോൾ സമഗ്രമായ അന്വേഷണത്തിൽ അഥവാ മദ്യപിച്ചിരുന്നുവെന്നോ മറ്റു ലഹരി മരുന്നുകൾ ഉപയോഗിച്ചിരുന്നുവെന്നോ കണ്ടെത്തിയാൽ അതിൽ നിന്നും ഊരിയെടുക്കാനാണ് ഇപ്പോൾ ഇറക്കിയിട്ടുള്ള ‘റെട്രൊഗ്രേഡ് അംനേഷ്യ’.

ഈ കേസിൽ ഏറ്റവും അത്ഭുതപ്പെടുത്തുന്നത് ഗവർണറും മന്ത്രിമാരും നിരന്തരം യാത്ര ചെയ്യുന്ന തിരുവന്തപുരത്തു മ്യുസിയം ജങ്ഷനിൽ ഒരു സി.സി.ടി.വി ക്യാമറ പോലും പ്രവർത്തിക്കുന്നില്ല എന്ന് പറയുമ്പോൾ ആണ്. അതോടെ ആരാണ് കാർ ഓടിച്ചതു എന്നതിൽ വ്യക്തത വരുന്നില്ല. ആഭ്യന്തര വകുപ്പിന്റെ മൂക്കിന് താഴെ ജനങ്ങളെ വിഡ്ഢികളാക്കി ഇത്തരം നാടകങ്ങൾ തുടരുമ്പോൾ ഈ നാടിനെ ‘വെള്ളരിക്കാപ്പട്ടണം’ എന്നല്ലാതെ എന്ത് വിളിക്കും.

Leave a Reply

Your email address will not be published. Required fields are marked *