തിരുവല്ല :
ദുരിതാശ്വാസ പ്രവർത്തനത്തിനിടയിൽ സദുദ്ദേശത്തോടെ ഇട്ട ഒരു ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരിൽ പോലീസ് സ്റ്റേഷൻ കയറിയിറങ്ങേണ്ട ഗതികേടിലാണ് ‘റൈറ്റ്സ്’ എന്ന ദലിത് ആദിവാസി സംഘടനയുടെ സംസ്ഥാന കോ-ഓര്‍ഡിനേറ്ററായ രഘു ഇരവിപേരൂർ.
രഘുവും ഭാര്യയും തിരുവല്ലയിലെ ദുരിതാശ്വാസ ക്യാമ്പിൽ പോയപ്പോൾ ക്യാമ്പിലുള്ള സ്ത്രീകള്‍ക്ക് അടിവസ്ത്രങ്ങള്‍ സംഘടിപ്പിക്കണമെന്നു ഭാര്യയുടെ സുഹൃത്ത് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ദുരിതാശ്വാസ ക്യാമ്പിലുള്ള സ്ത്രീകള്‍ക്കായി അടിവസ്ത്രം വേണമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട രഘുവിനെതിരെ തിരുവല്ല നഗരസഭാ കൗൺസിലർ അജിതയുടെ പരാതി പ്രകാരം പോലീസ് കേസെടുക്കുകയായിരുന്നു.
രഘുവിന്‍റെ പോസ്റ്റ് ക്യാമ്പിലുള്ള സ്ത്രീകളുടെ അന്തസ്സിന് കോട്ടം തട്ടുന്നതാണെന്നാണ് പരാതിയിലെ ആരോപണം. ഇന്നലെ തിരുവല്ല പൊലീസ് അറസ്റ്റ് രഘുവിനെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന് പിന്നില്‍ ദുരുദ്ദേശപരമായ ഒന്നുമുണ്ടായിരുന്നില്ലെന്നും പോസ്റ്റില്‍ സ്ത്രീകളുടെ അന്തസ്സിനെ അപമാനിക്കാന്‍ എന്താണ് ചെയ്തതെന്ന് അറിയില്ലെന്നും രഘു വ്യക്തമാക്കി. കേസിന്‍റെ പിന്നാലെ തല്‍ക്കാലം പോകാനില്ലെന്നും തന്‍റെ സേവനം ആവശ്യമുള്ള നിരവധിപ്പേരുണ്ട്, അവര്‍ക്ക് ആവുന്ന സഹായമെത്തിച്ച ശേഷം കേസിന്‍റെ തുടര്‍നടപടികള്‍ നോക്കുമെന്നും രഘു പറഞ്ഞു.
ദേശീയ തലത്തിൽ തന്നെ ശ്രദ്ധേയനായ ഒരു ദളിത് ആക്ടിവിസ്റ്റിനാണ് ഈ ദുര്യോഗം. പരാതി കിട്ടിയപ്പോൾ എടുത്തു ചാടി കേസെടുത്ത പോലീസിന്റെ നടപടിയും ഒരു പൊതുപ്രവർത്തകന്റെ മനോവീര്യം തകർക്കുന്ന വിധമാണ്. അറസ്റ്റിനെ തുടർന്ന് ദേശാഭിമാനി ഉൾപ്പടെയുള്ള പത്രങ്ങളിൽ ഫോട്ടോ സഹിതം വാർത്ത വന്നിരുന്നു. ‘ഞരമ്പ് രോഗി’ എന്നർത്ഥത്തിലാണ് പല ഓൺലൈൻ മാധ്യമങ്ങളും വാർത്ഥ പ്രസിദ്ധീകരിച്ചത്. അറസ്റ്റിനെതിരെ ജില്ലാ കളക്ടറെ സമീപിക്കാനൊരുങ്ങുകയാണ് ‘റൈറ്റ്സ്’ സംഘടനാ പ്രവർത്തകർ.
ഈ വിഷയത്തെ കുറിച്ച് ദലിത് ക്രിസ്ത്യന്‍ ആക്ടിവിസ്റ്റായ ഷിബി പീറ്റര്‍ ഫേസ്‌ബുക്കിലിട്ട കുറിപ്പിന്റെ പൂർണ്ണ രൂപം :
കേരളം വീണ്ടും വലിയൊരു ദുരിതത്തെ ഒറ്റക്കെട്ടായി അതിജീവിക്കാൻ ശ്രമിക്കുന്ന വേളയിൽ അങ്ങേയറ്റം നിരാശാജനകവും അപലപനീയവും ആയ ഒരു വാർത്തയാണ് ഇന്നലെ വൈകിട്ട് കേട്ടത്. ദലിത് ചിന്തകനും സാമൂഹിക പ്രവർത്തകനുമായ രഘു ഇരവിപേരൂർ തീർത്തും മാനുഷികമായ ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടത്തിന്റെ പേരിൽ ഇന്നലെ അറസ്റ്റ് ചെയ്യപ്പെട്ടു. പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വൈകിട്ട് തന്നെ വിട്ടയക്കപ്പെട്ടെങ്കിലും ദുരിതാശ്വാസ രംഗത്ത് പ്രവർത്തിക്കുന്ന ഒട്ടനവധി പേർക്ക് ഇത് പ്രയാസം സൃഷ്ടിക്കും എന്നതിൽ സംശയമില്ല.
കഴിഞ്ഞ വർഷം ദുരിതം ആരംഭിച്ച നാൾ മുതൽ ഇന്നേ വരെ വിശ്രമ രഹിതമായി പ്രവൃത്തിക്കുന്ന ഒരാൾക്ക് ആണ് ഈ അവസ്ഥ നേരിടേണ്ടി വന്നത് എന്നത് ഗൗരവമായി കാണേണ്ടതുണ്ട്. തിരുവല്ല കേന്ദ്രീകരിച്ച് ദുരിതാശ്വാസ/രക്ഷാ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച ഒരാൾ എന്ന നിലയ്ക്ക് രാവും പകലും നേരിട്ട ബുദ്ധിമുട്ടുകൾ എനിക്ക് നേരിട്ട് അറിയാം. പ്രത്യേകിച്ച് ദലിത് ആദിവാസി മേഖലകളിൽ സഹായവും ആശ്വാസവും എത്തിക്കാൻ ഏറ്റവും അധികം പരിശ്രമിച്ചതും ഇന്നും അത് തുടരുന്നതും രഘു ഇരവിപേരൂർ ഉൾപ്പെടുന്ന RIGHTS എന്ന സംഘമാണ്. സോഷ്യൽ മീഡിയ കാമ്പയിൻ അതിന് വലിയൊരു അളവിൽ നിർണ്ണായകം ആയിട്ടുണ്ട്. അതിന്റെ ഭാഗമായിരുന്നു രഘുവിന്റെ പോസ്റ്റും. ഇതിനെ വക്രീകരിച്ച് ഒരു പൊതു പ്രവർത്തകന്റെ മനോവീര്യത്തെ ആര് കെടുത്താൻ ശ്രമിച്ചാലും അത് വിലപ്പോകില്ല.
കേരളത്തിൽ മാത്രമല്ല, ദേശീയ തലത്തിൽ തന്നെ ശ്രദ്ധേയനായ ദലിത് സാന്നിധ്യമാണ് രഘു ഇരവിപേരൂർ. ഇത് എടുത്ത് പറയുന്നത് ഇടതുപക്ഷത്തിന്റെ ഭാഗമായ ആരെങ്കിലും ഇതിന് പിന്നിൽ അറിഞ്ഞോ അറിയാതെയോ പ്രവർത്തിച്ചെങ്കിൽ ശ്രദ്ധയിൽ കൊണ്ടുവരാനാണ്. മുൻപ് ചെങ്ങറ സമര വേളയിൽ രഘു ഭാഗമായ ഡൈനാമിക് ആക്ഷൻ സംഘത്തിന് എതിരെ വ്യാജ വാർത്തകൾ നിരത്തിയ ചില മാധ്യമ പ്രവർത്തകർ ഇപ്പോഴും സംഘി മനോഭാവത്തിൽ നിന്നും പുറത്ത് വന്നിട്ടില്ല എങ്കിൽ ഇടതുപക്ഷം തന്നെ അത് ഗൗരവമായി കാണേണ്ടതാണ്.
സാക്ഷാൽ ഇ. എം.സും പി. ഗോവിന്ദപ്പിള്ളയും മുതൽ ഇന്നത്തെ സംസ്ഥാന/ ദേശീയ രാഷ്ട്രീയത്തിൽ വരെ പ്രവർത്തിക്കുന്ന നേതാക്കൾ വരെ ചിന്തയിലും പ്രയോഗത്തിലും സഹകരിച്ചിട്ടുള്ള ഒരു സംഘം കൂടിയാണ് ഡൈനാമിക് ആക്ഷൻ. സംശയം ഉളളവർ ഇ.എം.എസ്സിന്റെ സമ്പൂർണ്ണ കൃതികൾ ഒന്ന് വായിച്ചാൽ മതി. ഇടതുപക്ഷത്തിന്റേയും ഇടതുപക്ഷം ആകണം എന്ന് പറഞ്ഞ ഡോ. എം.എം. തോമസും ഡോ. നൈനാൻ കോശിയും ജീവിതാന്ത്യം വരെ ഇടതുപക്ഷത്തോട് വിമർശനാത്മക ബന്ധം പുലർത്തിയിരുന്ന റവ.എം.ജേ. ജോസഫ്, ബിഷപ്പ് പൗലോസ് മാർ പൗലോസ് എന്നിവരും നിർണ്ണയിച്ച ഇടമാണ് ഡൈനാമിക് ആക്ഷൻ എന്നോർമ്മിക്കുന്നത് നല്ലതാണ്.
വ്യവസ്ഥാപിത ഇടത് ബോധത്തിൽ നിന്നും ദലിത് ആദിവാസി ചിന്തകളിലേക്കും പ്രയോഗത്തിലേക്കും ഡൈനാമിക് ആക്ഷൻ സംഘത്തെ ഗതി തിരിച്ചുവിട്ട പിൽക്കാല തലമുറയിലെ നിർണ്ണായക ധൈഷണിക സാന്നിധ്യമാണ് രഘു ഇരവിപേരൂർ. ഇൗ ജ്ഞാന വ്യതിയാനത്തെ വൈരാഗ്യത്തോടെ ഉൾക്കൊണ്ടവർക്ക് അപവാദങ്ങൾ അല്ലാതെ മറ്റ് പ്രചരണ വഴികൾ കാണില്ല. പശ്ചിമഘട്ടസംരക്ഷണത്തിനായി ജനകീയ സംഘങ്ങളെ ഏകോപിപ്പിക്കുന്ന ഒരിടം കൂടിയാണ് ഡൈനാമിക് ആക്ഷൻ എന്നത് ഇൗ ദുരന്ത വേളയിൽ വിപരീത ബുദ്ധിയിൽ സഞ്ചരിക്കുന്നവർ ആലോചിക്കുന്നത് ഉചിതമായിരിക്കും.
https://www.facebook.com/shibi.peter.9/posts/2683232055043322