കൊടുങ്ങല്ലൂര്‍ :
പ്രളയ ദുരിതമനുഭവിക്കുന്ന വടക്കന്‍ കേരളത്തിലെ ജനങ്ങള്‍ക്കു വേണ്ടി പെരുന്നാള്‍ ദിനത്തില്‍ പ്രത്യേക പ്രാര്‍ത്ഥനയുമായി ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം ദേവാലയം.
കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദില്‍ നടന്ന പെരുന്നാള്‍ നിസ്‌കാരത്തില്‍ പ്രളയവും ഉരുള്‍ പൊട്ടലും മൂലം കഷ്ടപ്പെടുന്നവര്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു. ചേരമാന്‍ പള്ളി ഇമാം സൈഫുദ്ദീന്‍ അല്‍ഖാസിമി പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. പെരുന്നാളിന്റെ ഈ ദിവസത്തിലും വരും ദിനങ്ങളിലും നാമെല്ലാം അതിജീവനത്തിന്റെ സംസം ഉറവകളായി മാറണമെന്നും അദ്ദേഹം പെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു.
ആഘോഷങ്ങളുടെ നിറം കുറച്ച് സേവന പാതയിലേക്കിറങ്ങാനുള്ള തീരുമാനത്തോടുകൂടിയാണ് വിശ്വാസികളും ബലിപെരുന്നാളിനെ വരവേറ്റത്.
ഇത്തവണ ബലി പെരുന്നാളെത്തുമ്പോള്‍ കേരളം വലിയൊരു പ്രകൃതി ക്ഷോഭത്തിനു കൂടി ഇരകളായിരിക്കുകയാണ്. സംസ്ഥാനത്തെ വടക്കന്‍ ജില്ലകള്‍ മുഴുവന്‍ വെള്ളപ്പൊക്കത്തിന്റെയും ഉരുള്‍ പൊട്ടലിന്റെയും കെടുതി അനുഭവിക്കുന്നു. മലപ്പുറത്ത് ഉരുള്‍ പൊട്ടലിലും മണ്ണിടിച്ചിലിലും പെട്ട് കാണാതായവരെ ഇനിയും കണ്ടെത്താനുണ്ട്. അതുകൊണ്ടുതന്നെ ആര്‍ഭാടം ഒട്ടുമില്ലാതെയാണ് ഇന്നത്തെ പെരുന്നാള്‍ ആഘോഷങ്ങള്‍.
കഴിഞ്ഞ വര്‍ഷം മധ്യകേരളം പ്രളയത്തില്‍ മുങ്ങിയപ്പോള്‍ കൂടുതല്‍ സഹായമെത്തിയത് മലബാറില്‍ നിന്നുമാണ്. അവശ്യ സാധനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിക്കാനും പ്രളയത്തില്‍ മുങ്ങിയ വീടുകള്‍ ശുചീകരിക്കാനും മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ മുന്നില്‍ തന്നെയുണ്ടായിരുന്നു. അവരാണ് ഇന്ന് ദുരിതത്തില്‍ മുങ്ങിയിരിക്കുന്നത്.
കൊടുങ്ങല്ലൂര്‍ മതിലകം മുസ്ലിം ജമാ അത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പെരുന്നാള്‍ നമസ്‌കാരത്തിനു ശേഷം അവശ്യ സാധനങ്ങളുടെ കളക്ഷന്‍ സെന്റര്‍ ആരംഭിച്ചിട്ടുണ്ട്. ഇവിടെ നിന്നും ശേഖരിക്കാന്‍ കഴിയുന്ന സാധനങ്ങളുമായി വോളണ്ടിയര്‍മാര്‍ ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെ പുറപ്പെടും.
ഇതിനിടെ കഴിഞ്ഞ പ്രളയകാലത്ത് രൂപം കൊടുത്ത കൊടുങ്ങല്ലൂരിലെ സന്നദ്ധ പ്രവര്‍ത്തകരുടെ സംഘമായ കൊടുങ്ങല്ലൂര്‍ കൂട്ടായ്മ രണ്ടു വലിയ ലോറി നിറയെ അവശ്യ വസ്തുക്കളുമായി ഇന്നലെ മലബാറിലേക്ക് തിരിച്ചിരുന്നു. മലപ്പുറം നിലമ്പൂരിലേക്കും വയനാട്ടിലേക്കുമാണ് വാഹനങ്ങള്‍ പുറപ്പെട്ടത്.
സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയ പ്രചാരണത്തിലൂടെയാണ് ഇവര്‍ അവശ്യ വസ്തുക്കള്‍ സമാഹരിച്ചത്. കൊടുങ്ങല്ലൂര്‍ കൂട്ടായ്മ ശേഖരിച്ച സാധനങ്ങള്‍ തിങ്കളാഴ്ച ഉച്ചയോടെ മാനന്തവാടി ഡിവിഷന്‍ ഫോറസ്‌റ്റോഫീസിലെ കളക്ഷന്‍ സെന്ററില്‍ എത്തിച്ചു.