കോഴിക്കോട്:
ദുരിതമഴയിൽ തകർന്ന് തരിപ്പണമായ വയനാട്ടിലേക്ക്, മണ്ഡലം എം. പി. രാഹുല്‍ ഗാന്ധി നാളെയെത്തും. ഞായറാഴ്ച വൈകിട്ടോടെ കോഴിക്കോട്ടാവും രാഹുല്‍ എത്തുക. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്.
നേരത്തെ കേരളത്തിലെത്താന്‍ അദ്ദേഹം സന്നദ്ധത അറിയിച്ചിരുന്നെങ്കിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുമെന്ന റിപ്പോർട്ടിനെ തുടർന്ന് തീരുമാനം മാറ്റേണ്ടി വന്നു. സ്വന്തം ലോക്‌സഭാ മണ്ഡല പരിധിയില്‍ വരുന്ന വയനാട്, മലപ്പുറം എന്നീ ജില്ലകളിലെ കലക്‌ട്രേറ്റുകള്‍ കേന്ദ്രീകരിച്ചായിരിക്കും എം.പി. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
പ്രളയദുരിതം നേരിടുന്ന മലപ്പുറം വയനാട് പ്രദേശങ്ങൾ രാഹുല്‍ സന്ദര്‍ശിക്കും. കരിപ്പൂരില്‍ ഞായറാഴ്ച വൈകുന്നേരം വിമാനമിറങ്ങുന്ന രാഹുല്‍, മലപ്പുറം കലക്‌ട്രേറ്റില്‍ നടക്കുന്ന പ്രളയ അവലോകന യോഗത്തില്‍ പങ്കെടുക്കും. ശേഷം, തിങ്കളാഴ്ചയാകും വനയാട്ടിലെത്തുക.
എന്നാൽ, സംസ്ഥാനത്തെ മാറ്റ് ദുരിത ബാധിത പ്രദേശങ്ങളിൽ അദ്ദേഹം എത്തുമോ എന്ന കാര്യം വ്യക്തമല്ല. മഴക്കെടുതി ഇക്കൊല്ലം ഏറ്റവും കൂടുതല്‍ ബാധിച്ചത് രാഹുലിന്റെ മണ്ഡലമായ വയനാടിനെയാണ്. പ്രളയ ദുരന്തങ്ങളെ നേരിടാന്‍ രാഹുല്‍ ഗാന്ധി പ്രധാന മന്ത്രിയോട് സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
കേരളത്തിലെയും പ്രത്യേകിച്ച് വയനാട്ടിലെയും ഉരുൾ പൊട്ടലും മഴയും പരിഗണിച്ച് അടിയന്തിര സഹായം എത്തിക്കാനാണ് രാഹുല്‍ പ്രധാനമന്ത്രിയോട് ആവശ്യപെട്ടത്. രാഹുലിന്റെ അഭ്യര്‍ത്ഥന മാനിച്ച് എല്ലാ സഹായവും നല്‍കുമെന്ന് പ്രധാന മന്ത്രിനരേന്ദ്രമോദി ഉറപ്പ് നല്‍കിയതായും രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അറിയിച്ചു.
അതേസമയം, സംസ്ഥാനത്തെ പ്രതിപക്ഷ നേതൃത്വം ശനിയാഴ്ച നടത്താനിരുന്ന വയനാട് സന്ദര്‍ശനം മാറ്റി വച്ചു. പ്രളബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനായിരുന്നു പദ്ധതി. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് സന്ദര്‍ശനം മാറ്റിവച്ചത്.
കഴിഞ്ഞദിവസം , സ്വന്തം മണ്ഡലമായ വയനാട്ടില്‍ വലിയ ദുരന്തമുണ്ടായിട്ടും രാഹുല്‍ തിരിഞ്ഞുനോക്കിയില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു. അതിനിടെയാണ് രാഹുലിന്റെ സന്ദര്‍ശനം.