കണ്ണൂർ:
കനത്തമഴയിൽ കണ്ണൂരിലെ കക്കാട് കോർജാൻ യു.പി.സ്കൂളിനു സമീപം തകർന്ന വീടിനുള്ളിൽ എത്തിയ രക്ഷാപ്രവർത്തകർ കണ്ടെത്തിയത്, സ്ത്രീയുടെ മൃതദേഹം. മാസങ്ങൾ പഴക്കമുണ്ടായിരുന്ന ശവശരീരത്തെ കൂടാതെ അവശനിലയിലായ മറ്റൊരു സ്ത്രീയും വീട്ടിലുണ്ടായിരുന്നു.
കോർജാൻ യു.പി.സ്‌കൂളിനു സമീപത്തെ, പ്രഫുൽനിവാസിൽ താമസിക്കുന്ന രൂപ എന്ന എഴുപതു വയസ്സുകാരിയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയിരിക്കുന്നത്. ഒപ്പമുണ്ടായിരുന്ന സഹോദരി പ്രഫുല്ല മാനസികാസുഖ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതായി നാട്ടുകാർ അറിയിച്ചു. അഗ്നിരക്ഷാസേനയാണ് ഇവരെ രക്ഷപ്പെടുത്തിയത്.
ഓടിട്ട കെട്ടിടം വെള്ളിയാഴ്ച ആറരയോടെ ശക്തമായ കാറ്റിലും മഴയിലും തകർന്നുവീഴുകയായിരുന്നു. വീട്ടിനുള്ളിൽ ആളുണ്ടെന്ന സംശയത്തിൽ നാട്ടുകാർ അഗ്നിരക്ഷാസേനയെ വിളിച്ചു. പിന്നീട്, സേനയും നാട്ടുകാരും ചേർന്ന് വാതിൽ പൊളിച്ച് ഉള്ളിലെത്തിയപ്പോഴാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം. മാസങ്ങൾക്കുമുൻപേ മരിച്ചതാകുമെന്ന് പോലീസ് പറഞ്ഞു. കണ്ണൂർ സ്പിന്നിങ് മിൽ ജീവനക്കാരിയാണ് രൂപ.