ശ്രീകണ്ഠാപുരം:
പ്രളയമുഖത്ത് വീണ്ടും രക്ഷകരായി മൽസ്യത്തൊഴിലാളികൾ. കണ്ണൂർ ശ്രീകണ്ഠാപുരത്ത് കഴിഞ്ഞ മൂന്ന് ദിവസമായി ആഹാരംപോലുമില്ലാതെ വീട്ടിനുള്ളിൽ കുടുങ്ങിപ്പോയ ഇതര സംസ്ഥാന തൊഴിലാളികളെയാണ് മത്സ്യത്തൊഴിലാളികൾ എത്തി രക്ഷിച്ചത്. ശക്തമായ മഴവെള്ളപാച്ചിലിനെതിരെ മുന്നോട്ടുപോകാനാവാതെ, കഴിഞ്ഞ ദിവസം ഫയർഫോഴ്‌സ് ഉപേക്ഷിച്ച ദൗത്യമായിരുന്നു മത്സ്യത്തൊഴിലാളികള്‍ പൂർത്തിയാക്കിയത്.
ആകെ ഏഴ് പേരെയാണ് ഇന്ന് രക്ഷിച്ചത്. സംഭവസ്ഥലത്തു കനത്ത മഴ തുടരുമ്പോഴും സ്വന്തം ജീവന്‍ പോലും വകവെയ്ക്കാതെയാണ് മത്സ്യത്തൊഴിലാളികളുടെ രക്ഷാപ്രവർത്തനം . കണ്ണൂരില്‍ നിന്നും ബോട്ടുമായി എത്തിയ മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നത്. കണ്ണൂർ ജില്ലയിൽ ഇപ്പോഴും കനത്ത മഴ തുടരുകയാണ്.
ജില്ലയിൽ 71 ക്യാമ്പുകളിലായി 8000ത്തിലധികം ആളുകൾ കഴിയുന്നുണ്ട്. പുഴയോട് ചേർന്ന നഗര പ്രദേശങ്ങൾ വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുകയാണ്. മലയോര മേഖലകളിൽ ഇപ്പോഴും ഭീതി തുടരുകയാണ്. ശ്രീകണ്ഠാപുരം, ഇരിട്ടി, കൊട്ടിയൂർ, ഇരിക്കൂർ ടൗണുകളിലും സമീപ പ്രദേശങ്ങളിലും വൈദ്യുതിയും ഗതാഗതവും തടസ്സപ്പെട്ടു.