കൊച്ചി :
സംസ്ഥാനത്തെ മഴയുടെ ശക്തി, ശനിയാഴ്ച രാത്രിയോടെ കുറയുമെന്ന് സ്വകാര്യ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ‘കേരള വെതർ’ എന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഇപ്പോൾ കാറ്റിന്റെ വേഗതയിലും ദിശയിലും ഉള്ള മാറ്റം മഴയുടെ ശക്തി കുറയ്ക്കാനാണ് സാധ്യത. പുലർച്ചെ വരെ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യതയില്ല എന്നാണ് കേരള വെതറിന്റെ നിരീക്ഷണം.
നിലവിൽ, ന്യൂന മർദ്ദം ഗുജറാത്ത് ഭാഗത്തേക്ക് നീങ്ങികൊണ്ടിരിക്കുന്നതിനാൽ, കാറ്റിന്റെ ഗതിയിൽ നേരിയ മാറ്റമുണ്ടാകുന്നുണ്ട്. നാളെയോടെ കാറ്റ് കൂടുതൽ പടിഞ്ഞാറേക്ക് സഞ്ചരിക്കുന്നതോടെ മഴ തീരദേശത്തേക്ക് നീങ്ങുകയും ചെയ്യും.
ലോ – ലെവൽ വിന്റിന്റെ ദിശയും വേഗതയും കുറഞ്ഞതായാണ് കേരള വെതറിന്റെ റഡാർ നൽകുന്ന സൂചന. എന്നാൽ മിഡ് – ലെവലിൽ കാറ്റിന് ഇപ്പോഴും ശക്തിയുണ്ട്. ശനിയാഴ്ച രാവിലെയും കാറ്റിന് പഴയ ശക്തിയുണ്ടായിരിക്കില്ലെങ്കിലും മഴ തുടരും.