വയനാട്:
കഴിഞ്ഞ ദിവസം വയനാട് പുത്തുമലയിൽ ഉണ്ടായ വൻ ഉരുൾപൊട്ടൽ ഒരു പ്രദേശത്തെയാകെ മനുഷ്യരോടൊപ്പം മണ്ണിട്ടുമൂടുകയായിരുന്നു. എന്നാൽ, അവിടെ തുടർന്ന് കൊണ്ടിരിക്കുന്ന രക്ഷാപ്രവർത്തനത്തിനിടയിൽ, ഹൃദയ തുടിപ്പുമായി ഒരാളെ കണ്ടെത്തിയിരിക്കുന്നു. ഏകദേശം ഇരുപത്തിനാല് മണിക്കൂറോളം മണ്ണിനടിയിൽ കിടന്ന ആളെയാണ് രക്ഷാ പ്രവര്‍ത്തകര്‍ മണ്ണിനിടയിൽ നിന്നും വീണ്ടെടുത്തിരിക്കുന്നത്. രക്ഷപെട്ടയാളെ മാനന്തവാടി ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ വൈകിട്ടോടെയായിരുന്നു മേപ്പാടി പുത്തുമലയിൽ, ദേശത്തെയാകെ ഭീതിയിലാഴ്ത്തിയ ദുരന്തമുണ്ടായത്. വലിയൊരു മല അടർന്നു ഒരു പ്രദേശത്തെ മുഴുവനായും മണ്ണിൽ പൂഴ്ത്തി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് രക്ഷാ പ്രവര്‍ത്തകര്‍ക്ക് പുത്തുമലയിലേക്ക് എത്തിപ്പെടാൻ കഴിഞ്ഞത്. എട്ട് മൃതദേഹങ്ങളാണ് ഇതുവരെ പുത്തുമല ഉരുൾപൊട്ടിയയിടത്തുനിന്നും കണ്ടെത്തിയിട്ടുള്ളത്. അപ്രതീക്ഷിതമായാണ് അതിനിടയ്ക്ക് ഒരാളെ ജീവൻ അവശേഷിക്കുന്ന നിലയിൽ കണ്ടെടുത്തിരിക്കുന്നത്.
നിലവിൽ, തോട്ടം തൊഴിലാളികൾ താമസിക്കുന്ന പാടി അടക്കം വീടുകളും ആരാധനാലയങ്ങളും കടകളും വാഹനങ്ങളും എല്ലാം മാഞ്ഞുപോയ സ്ഥിതിയിലാണ് ഇപ്പോൾ പുത്തുമല ഉള്ളത്.