തിരുവനന്തപുരം:
കാലവര്‍ഷക്കെടുതിയില്‍ പെട്ടവര്‍ക്ക് സഹായം അഭ്യര്‍ത്ഥിച്ച് സംസ്ഥാന പോലീസ് ആസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന 112 എന്ന നമ്പറിലേയ്ക്ക് വിളിക്കാവുന്നതാണെന്നു സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ അറിയിച്ചു.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് എമര്‍ജന്‍സി റെസ്പോണ്‍സ് സെന്‍ററില്‍ ലഭിക്കുന്ന ഓരോ സന്ദേശവും എവിടെനിന്നാണെന്നു വളരെ കൃത്യമായി മനസ്സിലാക്കാനാകും. ഈ സംവിധാനം എല്ലാ കണ്‍ട്രോള്‍ റൂം വാഹനങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ വിളിക്കുന്ന ആളുടെ സമീപപ്രദേശത്തുള്ള വാഹനം ഉടന്‍ തന്നെ സ്ഥലത്തെത്തും. ഇതുവഴി എത്രയും പെട്ടെന്ന് രക്ഷാപ്രവര്‍ത്തകരെ സ്ഥലത്തേയ്ക്ക് എത്തിക്കാനും കഴിയും. ഈ നമ്പറിലേക്ക് എസ് എം എസ് സന്ദേശങ്ങള്‍ അയയ്ക്കുവാന്‍ സാധിക്കും. സംസ്ഥാനത്തിന്‍റെ ഏതു ഭാഗത്തുനിന്നും ഈ നമ്പറിലേക്ക് വിളിച്ച് സഹായം അഭ്യര്‍ത്ഥിക്കാവുന്നതാണ്.
‘112 ഇന്ത്യ’ എന്ന മൊബൈല്‍ ആപ്പ് ഉപയോഗിച്ചും സ്റ്റേറ്റ് എമര്‍ജന്‍സി റെസ്പോണ്‍സ് സെന്‍ററിന്‍റെ സഹായം തേടാവുന്നതാണ്. ഈ ആപ്പിലെ പാനിക്ക് ബട്ടണ്‍ അമര്‍ത്തിയാല്‍ സ്റ്റേറ്റ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് ആ നമ്പറിലേക്ക് തിരികെ വിളിച്ച് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് സഹായം ലഭ്യമാക്കും.
വി.പി. പ്രമോദ് കുമാര്‍
ഡെപ്യൂട്ടി ഡയറക്ടർ
സ്റ്റേറ്റ് പോലീസ് മീഡിയ സെന്റർ