മലപ്പുറം:
മഴ ദുരന്തത്തിൽ, മലപ്പുറത്തെ കവളപ്പാറയിലുണ്ടായ വൻ ഉരുൾ പൊട്ടലിൽ മരിച്ചവരുടെ എണ്ണം പത്തായി. ഇന്നലെ രാത്രി എട്ടരയോടെ ഉണ്ടായ ദുരന്തം പുറംലോകമറിഞ്ഞത്, ഇന്ന് ഉച്ചതിരിഞ്ഞായാരുന്നു. പോത്തുകല്ലിനു സമീപമുള്ള വലിയ മല ഇടിഞ്ഞു മുപ്പതോളം വീടുകള്‍ക്ക് മുകളിലൂടെ വീഴുകയായിരുന്നു.
വീടുകളിലുണ്ടായിരുന്നവരെക്കുറിച്ചു ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. ഉരുൾ പൊട്ടിയസമയത് വീടുകളിൽ താമസക്കാർ ഉണ്ടായിരുന്നതായാണ് നാട്ടുകാർ തരുന്ന വിവരം. അങ്ങനെയെങ്കില്‍ മരണസംഖ്യ വീണ്ടും ഉയരാന്‍ സാധ്യതയുണ്ട്.
നൂറേക്കറോളം സ്ഥലത്താണ് ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഒരുമിച്ചുണ്ടായത്. ഒരു ഭാഗത്ത് ഉരുള്‍പൊട്ടലും മറുഭാഗത്ത് മണ്ണിടിച്ചലും ഉണ്ടായതോടെ ഇവിടത്തെ കുടുംബങ്ങള്‍ ദയനീയമായി ദുരന്തത്തിനു കീഴടങ്ങുകയായിരുന്നു.
ഇരുനില കെട്ടിടങ്ങളുടെ മേൽക്കൂരകൾ വരെ കാണാത്ത വിധം മണ്ണ് മൂടിയിരിക്കുകയാണ്. മരങ്ങളുടെ അഗ്രങ്ങൾ ഇടയ്ക്കിടെ കാണാം. ഒരു കിലോമീറ്ററോളം പ്രദേശമാണ് ഇപ്പോൾ പൂർണ്ണമായും മണ്ണിൽ പുതഞ്ഞിരിക്കുന്നത്.
ഒരു ജെ.സി.ബി. മാത്രമാണ് ഇതുവരെ രക്ഷാപ്രവര്‍ത്തനത്തിനായ് ഇവിടെയെത്തിക്കാന്‍ സാധിച്ചിട്ടുള്ളത്. ദേശീയ ദുരന്ത നിവാരണ സേനയുടെ ചെറിയ സംഘമാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
സമീപ പ്രദേശങ്ങളിലൊക്കെ മണ്ണിടിച്ചില്‍ ഭീഷണിതുടരുന്നതിനാൽ, സന്ധ്യയോടെ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചേക്കും.
ശക്തമായ മഴ തുടരുന്നതിനാൽ, കുതിര്‍ന്ന മണ്ണ് രക്ഷാ പ്രവര്‍ത്തനത്തെ തടസപ്പെടുത്തിയിരുന്നു. ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിൽ ഭയാനകമായ, ഒരു ഉരുള്‍പൊട്ടലിന് കേരളം സാക്ഷിയാകുന്നത്.
നേരത്തെ, പോലീസും സര്‍ക്കാരുദ്യോഗസ്ഥരും ഇവുടത്തെ ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ ശ്രമിച്ചപ്പോഴും വീട്ടുകാരില്‍ പലരും അതിന് തയ്യാറായില്ല എന്ന് സ്വദേശവാസികൾ അറിയിച്ചു.