#ദിനസരികള്‍ 843
പലരും വിളിക്കുന്നു. സുരക്ഷിതമാണോയെന്ന് ചോദിക്കുന്നു. ഇപ്പോള്‍ സുരക്ഷിതമാണ് എന്നല്ലാതെ ഒരു മറുപടി പറയാന്‍ അസാധ്യമായ സാഹചര്യമാണ് ചുറ്റിനുമുള്ളതെന്നതാണ് വസ്തുത.
ആഗസ്ത് ഏഴാംതീയതി ഉച്ചയോടെ തുടങ്ങിയ മഴയാണ്. എട്ടാം തീയതി പുലര്‍ച്ചെയായപ്പോഴേക്കും വീടുകള്‍ക്കു ചുറ്റിലും വെള്ളം നിറഞ്ഞിരിക്കുന്നു. ഒമ്പതാം തിയതിയായപ്പോഴേക്കും കഴിഞ്ഞ പ്രളയകാലത്തെക്കാള്‍ ഏകദേശം ഒന്നരയടി കൂടുതല്‍ വെള്ളം ജനവാസ കേന്ദ്രങ്ങളിലേക്ക് എത്തിയിരിക്കുന്നു. ഇന്നുച്ചയ്ക്കു ശേഷം മഴയ്ക്ക് ഒരല്പം ശമനമുണ്ടായിരുന്നുവെങ്കിലും ആറുമണിയോടെ വീണ്ടും ശക്തിപ്പെടുന്ന അവസ്ഥയായിട്ടുണ്ട്. അങ്ങനെ വന്നാല്‍ ഇന്നത്തെ രാത്രി ഇരുണ്ടു വെളുക്കുക എന്തൊക്കെ വാര്‍ത്തകളുമായിട്ടായിരിക്കുമെന്നത് അപ്രവചനീയമാണ്.
അതുകൊണ്ടുതന്നെ ദൂരെയുള്ള ആളുകളെ ശ്രദ്ധിക്കാനും അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാനും ശ്രമിക്കുന്നതിനു പകരം തൊട്ടടുത്ത വീടുകളിലെ ആളുകള്‍ സുരക്ഷിതരാണോയെന്ന് ഉറപ്പാക്കുകയാണ് നമുക്ക് ചെയ്യാനുള്ളതെന്ന് കരുതുന്നു. അങ്ങനെ സ്നേഹത്തോടെയും കരുതലോടെയും പ്രവര്‍ത്തിക്കുന്ന ഒരു ചങ്ങലയാകാന്‍ കഴിഞ്ഞാല്‍ പരസ്പരം വലിയ ആശ്വാസം പകരാന്‍ കഴിയുമെന്നു തന്നെയാണ് കരുതുന്നത്.
ഏഴാം തീയതി വെളുപ്പിനെതന്നെ കൈയ്യില്‍ കിട്ടിയതും വാരിപ്പിടിച്ചെടുത്ത് ജീവിതങ്ങള്‍ കാമ്പുകളിലേക്ക് ഓടുന്ന കാഴ്ച സങ്കടകരമായിരുന്നു. മഴയുണ്ടാകുമെങ്കിലും കഴിഞ്ഞ തവണത്തെപ്പോലെയുണ്ടാകില്ല എന്നതായിരുന്നു പലരുടേയും പ്രതീക്ഷ. എന്നാല്‍ പ്രതീക്ഷയെ തെറ്റിച്ചുകൊണ്ട് വളരെ വേഗത്തിലാണ് വെള്ളം കയറിയെത്തിയത്. ഒരു മുന്നോടിയായി പലരും നേരത്തെത്തന്നെ ഒരുങ്ങിയിരുന്നുവെങ്കിലും വീടുവിട്ടിറങ്ങുക എന്നൊതൊരു വലിയ അങ്കലാപ്പുതന്നെയാണല്ലോ!
വര്‍ദ്ധിച്ച അപകടങ്ങളുടെ വാര്‍ത്തയാണ് ഓരോ ഇടത്തുനിന്നും ചെവിക്കു ചെവി പകര്‍ന്ന് എത്തപ്പെടുന്നത്. അതില്‍ ചിലര്‍ തന്നിഷ്ടം പോലെ പൊടിപ്പും തൊങ്ങലും ചേര്‍ക്കുന്നുമുണ്ട്. അതുപോലെ ലഭിക്കുന്ന ചില സഹായ സന്ദേശങ്ങളൊക്കെ കഴിഞ്ഞ പ്രളയ കാലത്ത് അയക്കപ്പെട്ടതാണെന്നതുപോലും അവരെ ബന്ധപ്പെട്ടു നോക്കുമ്പോഴാണ് മനസ്സിലാകുക. ആരേയും കുറ്റപ്പെടുത്തുന്നില്ല. കൈയ്യില്‍ കിട്ടിയ ഒരു സന്ദേശം ശരിയാണോ തെറ്റാണോ എന്ന് നോക്കാതെ കൈമാറുന്നത് ആപത്തില്‍ പെട്ടിരിക്കുന്നവര്‍ക്ക് എത്രയും വേഗം സഹായമാകട്ടെ എന്ന ചിന്തയിലാകാം. പക്ഷേ അത്തരം സന്ദേശങ്ങളെ ഒന്നു കൂടി പരിശോധിച്ചതിനു ശേഷം അയക്കുക എന്നേ പറയാനുള്ളു. അതല്ലെങ്കില്‍ ഒരുപാടാളുകളുടെ സമയത്തെ വെറുതെ കളയുന്നതാകും. ചില സഹായമനസ്കര്‍ക്ക് അത്തരം ചില സാഹചര്യങ്ങളുണ്ടായിട്ടുണ്ട്.
വയനാട്ടില്‍ ഒരു സ്ഥലവും സുരക്ഷിതമായിട്ടുണ്ടെന്ന് കരുതുന്നില്ല. മണ്ണിളക്കങ്ങളുടെ സാധ്യത എല്ലായിടത്തും ഒരു പോലെയാണ്. അതുകൊണ്ട് സഹായമാവശ്യപ്പെട്ടു വരുന്നവരോടെ വണ്ടിയില്‍ എണ്ണയില്ല തുടങ്ങിയുള്ള ന്യായങ്ങള്‍ കഴിവതും ഒഴിവാക്കുക. എണ്ണയില്ലെന്ന് അച്ഛന്‍ പറഞ്ഞതിനു ശേഷം ഞാനിന്നലെ ഫുള്‍ ടാങ്ക് അടിച്ചതല്ലേ അച്ഛാ എന്നു മകന്‍ ആളുകളുടെ മുമ്പില്‍ വെച്ചു ചോദിക്കുന്ന അവസ്ഥ അതിദയനീയമാണ്. അതുകൊണ്ട് ആവര്‍ത്തിക്കട്ടെ കഴിയുന്നത്ര മറ്റൊരാളുടെ കൈപിടിക്കാനുള്ള ഒരവസരം പാഴാക്കാതിരിക്കുക. ചെറിയ ചെറിയ നഷ്ടങ്ങള്‍ സഹിക്കാന്‍ തയ്യാറായിരിക്കുക.
വയനാട്ടിലെ പുത്തുമലയില്‍ ഇപ്പോഴും കുറച്ചേറെയാളുകള്‍ മണ്ണിനടിയില്‍ പൂണ്ടു കിടക്കുന്നുവെന്ന വാര്‍ത്ത വരുന്നു.കൂടുതലായി പറഞ്ഞ് പരിഭ്രാന്തിയുണ്ടാക്കേണ്ടതില്ലെന്ന് കരുതുന്നു. ഒരു പുത്തുമല എവിടേയും സംഭവിക്കാം. അതുകൊണ്ട് കഴിയുന്നത്ര ജാഗ്രതയും കരുതലും ഒട്ടും അസ്ഥാനത്താകില്ലെന്ന് എല്ലാവരേയും ഓര്‍മ്മപ്പെടുത്തുന്നു.
മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.
അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.