തിരുവനന്തപുരം:
നാശം വിതയ്ക്കുന്ന മഴയിൽകെടുതിയിൽ, വയനാട്ടിലെ സ്ഥിതിഗതികള്‍ ഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വയനാട്ടില്‍ വീണ്ടും അതിതീവ്ര മഴയ്ക്കും ഉരുള്‍പൊട്ടലിനും സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന ദുരന്തനിവരാണ അതോറിറ്റി ഓഫീസില്‍ നിന്നും സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്തിതുവരെ 738 ദുരിതാശ്വാസ ക്യാമ്പുകളിലായി, ആകെ 60,413 പേരാണ് താമസിക്കുന്നത്, മുഖ്യമന്ത്രി അറിയിച്ചു. വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിവരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്തുടനീളം 28 പേര് മരിക്കുകയും ഏഴു പേരെ കാണാതാകുകയും 27 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. അപകട സാധ്യത മേഖലകളിൽ താമസിക്കുന്നവര്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നും ഇതുമായി ബന്ധപ്പെട്ടു അധികൃതര്‍ നല്കുന്ന എല്ലാ നിര്‍ദേശങ്ങളും പാലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് മാറണമെന്ന് നിർദ്ദേശിക്കുമ്പോൾ ചിലര്‍ അതിനോട് മുഖം തിരിഞ്ഞു നിൽക്കുന്നു, അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
വിവിധ പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനത്തിനായി സംസ്ഥാനം മുഴുവനും ദേശീയ ദുരന്തനിവാരണ സേനയുടെ 12 ടീമിനെ വിന്യസിച്ചിട്ടുണ്ടെന്നും. സര്‍ക്കാരിന്റെ എല്ലാ സംവിധാനങ്ങളും യോജിച്ചാണ് രക്ഷാപ്രവര്‍ത്തനങ്ങളും മറ്റ് അനുബന്ധപ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
തമിഴ്നാട്ടിലെ ആളിയാര്‍-കോണ്ടൂര് കനാല്‍ ഉടനടി പ്രവര്‍ത്തന ക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പലവിധ കാരണങ്ങളാല്‍ അവധിയിലായിരിക്കുന്ന സർക്കാർ ജീവനക്കാര്‍ നിലവിലെ സാഹചര്യം മനസിലാക്കി അവധി റദ്ദാക്കി, ഡ്യൂട്ടിയില്‍ തിരികെ പ്രവേശിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇനിയും കനത്ത മഴ തുടരുകയാണെങ്കില്‍ ബാണാസുര ഡാം തുറക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി വ്യക്തതമാക്കി.