തിരുവനന്തപുരം:
കഴിഞ്ഞ വർഷം വയനാട്ടിലെ പ്രളയം രൂക്ഷമാക്കിയ ബാണാസുര സാഗര്‍ ഡാം തുറക്കേണ്ടി വരുമെന്ന് കെ.എസ്. ഇ.ബി. അറിയിച്ചു. എന്നാൽ, ശക്തമായ മഴ തുടരുന്നില്ലെങ്കിൽ തീരുമാനത്തിൽ മാറ്റമുണ്ടായേക്കും. നിലവില്‍ 771.2 മീറ്റര്‍ അളവിലാണ് ഡാമിൽ വെള്ളം നിറഞ്ഞിട്ടുള്ളത്. ഇപ്പോഴത്തെ നിലയിൽ നിന്നും 773.9 മീറ്ററിലേക്ക് അളവുയർന്നാൽ, നിയന്ത്രിതമായ അളവില്‍ ഡാമില്‍ നിന്ന് വെള്ളം തുറന്നുവിടും. 775.6 മീറ്ററാണ് ബാണാസുര സാഗറിന്റെ സംഭരണ ശേഷി. കഴിഞ്ഞ വർഷം ബാണാസുര ഡാം പെട്ടെന്ന് തുറന്ന് വിടേണ്ടി വന്നതാണ് വയനാട്ടിൽ പ്രളയത്തിന്റെ കാഠിന്യം വർധിപ്പിച്ചത്.
എന്നാൽ, എല്ലാ നിയന്ത്രണങ്ങളും പാലിച്ച് ബാണാസുര സാഗറില്‍ നിന്ന് വെള്ളം പുറത്തുവിട്ടാലും അവ ഒഴുകി പോകുന്നത്, കര്‍ണാടകയിലെ ബീച്ചനഹള്ളി ഡാമിലെ വെള്ളത്തിനൊപ്പമാണ്. ബീച്ചനഹള്ളി ഡാമിൽ നിന്ന് നിലവിൽ, പരമാവധി വെള്ളം പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ്. സെക്കന്‍ഡില്‍ ഒരു ക്യുസെക്‌സ് വെള്ളമാണ് ബീച്ചനഹള്ളിയില്‍ നിന്ന് പുറത്തുവിടുന്നത്. ആ ഡാമിലെ വെള്ളത്തിനൊപ്പം ബാണാസുരയുടെ വെള്ളം പുറത്തുപോയില്ലെങ്കില്‍ സ്വാഭാവികമായും വെള്ളം തിരിച്ചുകയറുന്ന അവസ്ഥയുണ്ടാകും. ഇങ്ങനെയൊരു ചെറിയ ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
ശക്തമായ മഴ തുടരുകയാണെങ്കിൽ , വെള്ളം പുറത്തുവിടുന്നതിന്റെ അളവ് കൂട്ടേണ്ടി വരും. ഡാമിന്റെ സുരക്ഷയാണ് പ്രധാനമെന്നും കെ.എസ്.ഇ.ബി. അറിയിച്ചു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഡാമിലേക്കുള്ള നീരൊഴുക്ക് തുടര്‍ന്നാല്‍, നാളെ രാവിലെ എട്ട് മണിക്ക് ശേഷം എപ്പോള്‍ വേണമെങ്കിലും അണക്കെട്ട് തുറക്കാമെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കി. അതേസമയം, വലിയ ഡാമുകളായ ഇടുക്കി, ഇടമലയാര്‍, ഷോളയാര്‍, കക്കി, പമ്പ തുടങ്ങിയ അണക്കെട്ടുകളിൽ, നിലവിലെ രീതിയില്‍ മഴ പെയ്താലും പരമാവധി സംഭരണ ശേഷിയിലെത്താന്‍ ദിവസങ്ങള്‍ പിടിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
ആകെ 59 ഡാമുകളാണ് കേരളത്തിലുള്ളത്. അതില്‍ 17 എണ്ണത്തിന് മാത്രമാണ് ഷട്ടറുള്ളത്. 17 ഡാമുകളില്‍ ചെറിയ ഡാമുകളായ ഇരട്ടയാര്‍, കല്ലാര്‍, കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍, പെരിങ്ങല്‍കുത്ത് തുടങ്ങിയ ഡാമുകള്‍ നേരത്തെ തന്നെ തുറന്നിരുന്നു. ഇവയില്‍ നിന്ന് ഇപ്പോൾ, നിയന്ത്രിതമായ നിലയിൽ വെള്ളം പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ്.
എന്നാൽ, നീരൊഴുക്ക് വര്‍ധിച്ചതിനെത്തുടർന്ന്, അരുവിക്കര ഡാമില്‍നിന്നും കൂടുതല്‍ ജലം പുറത്തേക്ക് തുറന്ന് വിടും. ഇപ്പോള്‍ 15 സെ.മി. ആണ് ഷട്ടര്‍ ഉയര്‍ത്തിയിട്ടുള്ളത്. ഇത് 35 സെ.മി. ആയിട്ടായിരിക്കും ഉയര്‍ത്തുക. കരമനയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം.
കനത്ത മഴ തുടരുന്ന ഈ സാഹചര്യത്തിൽ, ജലസേചന വകുപ്പും കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.
ഫോണ്‍ നമ്പര്‍: 0471-2324150