Mon. Dec 23rd, 2024
ബെയ്ജിങ്:

സ്മാര്‍ട്‌ഫോണുകള്‍ക്കായുള്ള 64 മെഗാപിക്‌സല്‍ ക്യാമറ സാങ്കേതിക വിദ്യ അവതരിപ്പിച്ചു ഷാവോമി. ബെയ്ജിങില്‍ ബുധനാഴ്ച നടന്ന ചടങ്ങിലായിരുന്നു ഷാവോമി, 64 മെഗാപിക്‌സല്‍ ക്യാമറ പരിചയപ്പെടുത്തിയത്. ഇതോടെ , 64 മെഗാപിക്‌സലിന്റെ സ്മാര്‍ട്‌ഫോണ്‍ ക്യാമറ സാങ്കേതിക വിദ്യ പരിചയപ്പെടുത്തുന്ന ആദ്യത്തെ സ്മാര്‍ട്‌ഫോണ്‍ കമ്പനിയായി ഷാവോമി മാറുകയാണ്.

സാംസങിന്റെ ജി.ഡബ്ല്യൂ. വണ്‍ 64 എംപി സെന്‍സർ ഉപയോഗിച്ച് കൊണ്ടുള്ളതാണ് ഷാവോമിയുടെ ഈ പുതിയ ഫീച്ചർ. 2019 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ ഇന്ത്യയുടെ വിപണിയിൽ വരുന്ന ഒരു റെഡ്മി സ്മാര്‍ട്‌ഫോണിലാണ് 64 എം.പി ക്യാമറ ഉണ്ടാവുക.

മികച്ച ചിത്രങ്ങള്‍ പകര്‍ത്തുന്നതിനായി സാംസങ് ജി.ഡബ്ല്യൂ. വണ്‍ സെന്‍സറിൽ ഉപയോഗിച്ചിരിക്കുന്നത്‌ ഐ.എസ്.ഒ. സെല്‍ ടെക്‌നോളജിയാണ്.

ഡ്യുവല്‍ കര്‍വേര്‍ഷന്‍ ഗെയ്ന്‍ (ഡി സി ജി) സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള സ്മാര്‍ട് ഐ.എസ്.ഒ. സംവിധാനം ഈ സെന്‍സറിലുണ്ട്. ഇതുവഴി ചുറ്റുപാടിലെ പ്രകാശത്തിന്റെ തീവ്രവതയ്ക്കനുസരിച്ച്‌ ഐ.എസ്.ഒ. ക്രമീകരിക്കപ്പെടുന്നു. പ്രകാശമധികമുള്ളയിടങ്ങളില്‍ താഴ്ന്ന ഐ.എസ്.ഒ.യും പ്രകാശം കുറഞ്ഞയിടങ്ങളിൽ ഉയർന്ന ഐ.എസ്.ഒ.യും വരും, ഇങ്ങനെ പ്രശ്‌നങ്ങളില്ലാതെ മികച്ച ചിത്രങ്ങളെടുക്കാന്‍ സാധിക്കും.

9248 x 6936 പികസല്‍ റസലൂഷനിലൂള്ള 64 മെഗാപിക്‌സല്‍ ചിത്രങ്ങളാണ് ജി.ഡബ്ല്യൂ. സെന്‍സറിൽ നിന്നും ലഭിക്കുക. സാധാരണ സെന്‍സറുകള്‍ക്ക് 60 ഡെസിബല്‍ വരെ മാത്രം ഹൈ ഡൈനാമിക് റേയഞ്ചു (എച്ച്‌ഡിആര്‍) ഉണ്ടാകുമ്പോൾ, ജി.ഡബ്ല്യൂ. സെന്‍സറിനു 100 ഡെസിബല്‍ വരെയുള്ള എച്ച്‌.ഡി.ആര്‍. ലഭിക്കും. ഏകദേശം 120 ഡെസിബല്‍ ഹൈ ഡൈനാമിക് റേയ്ഞ്ചാണ് മനുഷ്യന്റെ കണ്ണുകൾക്കുള്ളതെന്ന് കണക്കാക്കപ്പെടുന്നു. ആയതിനാൽ, യാഥാര്‍ത്ഥമായ ചിത്രങ്ങള്‍ പകര്‍ത്താന്‍ ഈ സെന്‍സറിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

എന്നാൽ, ഷവോമി മാത്രമല്ല, ചൈനീസ് ബ്രാന്റായ റിയല്‍മി കൂടി, ഈ 64 മെഗാപിക്‌സല്‍ ക്യാമറയുള്ള സ്മാര്‍ട്‌ഫോണുകൾ പുറത്തിറക്കാൻ പദ്ധതിയിടുന്നുണ്ട്. ഓഗസ്റ്റ് എട്ടിന് പുറത്തിറക്കാനൊരുങ്ങുന്ന റിയല്‍മി 5 ല്‍ 64 എംപി ക്യാമറയായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ക്വാഡ് ക്യാമറ സംവിധാനമാണ് ഈ സ്മാര്‍ട്‌ഫോണിലുണ്ടാവുക.

Leave a Reply

Your email address will not be published. Required fields are marked *