തിരുവനന്തപുരം :
യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് കേസ് പ്രതികളായ എസ്.എഫ്.ഐ നേതാക്കൾക്ക് പി.എസ്.സി പരീക്ഷ ക്രമക്കേടിനു സഹായിച്ചവരിൽ സിവിൽ പോലീസ് ഓഫീസറും യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാർത്ഥികളും ഉൾപ്പെട്ടിരുന്നതായി പി.എസ്.സി വിജിലൻസ് കണ്ടെത്തി.
പരീക്ഷാ സമയത്ത് രണ്ടു നമ്പറുകളിൽ നിന്ന് ശിവരഞ്ജിത്തിന്റെ ഫോണിലേക്ക് 96 എസ്.എം.എസുകളും പ്രണവിന്റെ ഫോണിലേക്ക് മൂന്നു നമ്പരുകളിൽ നിന്ന് 78 എസ്എംഎസും വന്നതായി സൈബർ സെല്ലിന്റെ സഹായത്തോടെ പിഎസ്‌സി വിജിലൻസ് കണ്ടെത്തിയിരുന്നു. ഇതിൽ ശിവരഞ്ജിത്തിന് എസ്.എം.എസ് അയച്ചവരിൽ ഒരാൾ യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാർത്ഥിയായ അർജുൻ ആണെന്ന് വിജിലൻസ് തിരിച്ചറിഞ്ഞു. എസ്.എഫ്.ഐയുടെ മുൻ യൂണിറ്റ് ഭാരവാഹിയാണ് മുട്ടത്തറ സ്വദേശിയായ അർജുൻ.
പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ പ്രണവിന്റെ ഫോണിലേക്ക് എസ്.എം.എസ് അയച്ചിരിക്കുന്നത് കല്ലറ സ്വദേശി ഗോകുൽ ആണ്. ഇയാൾ പേരൂർക്കട എസ്.എ.പി ക്യാംപിലെ സിവില്‍ പൊലീസ് ഓഫീസറാണ്. 2017-ൽ സർവീസിൽ പ്രവേശിച്ച ഇയാൾ പരീക്ഷയിൽ ക്രമക്കേട് നടത്തിയ പ്രണവിന്റെ സുഹൃത്താണ്. എസ്.എം.എസ് വന്ന മറ്റൊരു നമ്പർ പ്രണവിന്റെ തന്നെ പേരിൽ എടുത്തിരിക്കുന്നതാണ്. പരീക്ഷാ സമയത്ത് ഇതുപയോഗിച്ചിരിക്കുന്നത് യൂണിവേഴ്‌സിറ്റി കോളേജിലെ പ്രണവിന്റെ സുഹൃത്താണെന്നും വ്യക്തമായിട്ടുണ്ട്.
ആഭ്യന്തര വിജലന്‍സിന്റെ കണ്ടെത്തല്‍ ഡി.ജി.പി ക്കു കൈമാറും. കേസ് രജിസ്റ്റർ ചെയ്ത് പ്രത്യേക സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി നൽകുക. 22–07–2018ല്‍ നടന്ന ഏഴ് ബറ്റാലിയനിലേക്കുള്ള പരീക്ഷകളും 100 റാങ്കുവരെയുള്ളവരുടെ കോള്‍ലിസ്റ്റ് എടുക്കുമെന്നും പി.എസ്.സി വ്യക്തമാക്കി.