കൊച്ചി :
കോതമംഗലത്ത് ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞു. കുട്ടമ്പുഴ നൂറേക്കറില്‍ ഇന്നു പുലര്‍ച്ചയോടെയാണ് സംഭവം നടന്നത്. രാത്രിയില്‍ ഭക്ഷണം തേടി നാട്ടിലിറങ്ങിയ കാട്ടാനയാണ് തെങ്ങ് കുത്തിമറിച്ചിടുന്നതിനിടെ വൈദുതാഘാതമേറ്റ് ചെരിഞ്ഞത്.
കാടിറങ്ങിയ ആന പാലക്കുന്നേല്‍ ലക്ഷ്മണന്റെ പുരയിടത്തിലെത്തി തെങ്ങ് കുത്തിമറിച്ചിട്ടു. സമീപത്തുള്ള ഇലക്ട്രിക് പോസ്റ്റിലെ വൈദ്യുത കമ്പിയിലേക്ക് തെങ്ങു വീണതോടെ കമ്പി പൊട്ടുകയും ഈ കമ്പിയില്‍ നിന്ന് ആനയ്ക്ക് ഷോക്കേല്‍ക്കുകയുമായിരുന്നു.
രാത്രിയില്‍ തെങ്ങ് മറിഞ്ഞു വീഴുന്ന ശബ്ദവും ആനയുടെ അലര്‍ച്ചയും നാട്ടുകാര്‍ കേട്ടെങ്കിലും ഭയം മൂലം ആരും പുറത്തിറങ്ങിയില്ല. രാവിലെ ശബ്ദം കേട്ട ഭാഗത്ത് ചെന്നു നോക്കിയപ്പേഴാണ് കൊമ്പന്‍ ഷോക്കേറ്റ് ചെരിഞ്ഞതായി കണ്ടെത്തിയത്. പിന്നീട് നാട്ടുകാര്‍ കുട്ടമ്പുഴ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനപാലകര്‍ സ്ഥലത്തെത്തി. റേഞ്ച് ഓഫീസര്‍ എസ് രാജന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്ന് പ്രാഥമിക പരിശോധനകള്‍ പൂര്‍ത്തിയാക്കി തുടര്‍നടപടികള്‍ സ്വീകരിച്ചു. വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും വിവരം കൈമാറിയിട്ടുണ്ട്.
സ്ഥിരമായി ആനയിറങ്ങാറുള്ള പ്രദേശമാണ് കുട്ടമ്പുഴ. മുന്‍പ് ഈപ്രദേശങ്ങളില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പലര്‍ക്കും ജീവന്‍ നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ആന അപകടപ്പെടുന്നത് വളരെ അപൂര്‍വമാണ്.