Fri. Nov 22nd, 2024
തിരുവനന്തപുരം:

വാഹനാപകടത്തിൽ മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ പോലീസിന് വീഴ്ച പറ്റിയെന്നു തുറന്നു സമ്മതിച്ചു മുഖ്യമന്ത്രി. കൃത്യസമയത്ത് വൈദ്യ പരിശോധനയും രക്തപരിശോധയും നടത്തുന്നതിലും എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുന്നതിലുമാണ് വീഴ്ച വന്നിട്ടുള്ളത്. ഇക്കാര്യങ്ങള്‍ ഇനി, പ്രത്യേക സംഘം അന്വേഷിക്കും. കേസ് അട്ടിമറിക്കാന്‍ ആരെയും അനുവദിക്കില്ല, മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

വാഹനാപകടത്തില്‍ മരണമടഞ്ഞ മാധ്യമ പ്രവര്‍ത്തകന്റെ കുടുംബം സഹായം അര്‍ഹിക്കുന്നുണ്ട്. പ്രതി ഐ.എ.എസ്. ഉദ്യോഗസ്ഥൻ, ശ്രീറാം ഓടിച്ച കാര്‍ അമിത വേഗത്തിലായിരുന്നു എന്ന കാര്യം എല്ലാവര്‍ക്കും വ്യക്തമാണ്. ശ്രീറാം മദ്യപിച്ചാണ് വാഹനം ഓടിച്ചത് എന്ന കാര്യം വ്യക്തമായതിനാലും വഫ ഫിറോസിന് കുറ്റകൃത്യത്തില്‍ പങ്കുണ്ട് എന്നതിനാലും കൃത്യമായ വകുപ്പുകള്‍ ചേര്‍ത്ത് അന്വേഷണം പുരോഗമിക്കുകയാണ്.

കേസുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകർ നൽകിയ നിവേദനം സര്‍ക്കാര്‍ പരിഗണിക്കുന്നതായിരിക്കും. കേസന്വേഷണത്തില്‍ അട്ടിമറി നടത്തുവാൻ ആരെയും അനുവദിക്കില്ല. റോഡ് സുരക്ഷ വിഷയങ്ങള്‍ സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത് വേണ്ട നടപടികള്‍ സ്വീകരിക്കും.

മാധ്യമ പ്രവര്‍ത്തനം നടത്തുന്നവരുടെ , ജോലി സ്വഭാവം പരിഗണിച്ച് പരിരക്ഷ ഉറപ്പുവരുത്തുവാനുള്ള ഇന്‍ഷുറന്‍സ് പദ്ധതിയെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട പല കാര്യങ്ങളും അന്വേഷണത്തിലാണ്. കേസിനെ സംബന്ധിച്ച് ഒരു തരത്തിലുള്ള ആശങ്കയും ആവശ്യമില്ല. റോഡ് നിയമങ്ങള്‍ അറിയാത്ത ആളല്ല ശ്രീറാം. കാര്യങ്ങള്‍ അറിയാവുന്ന ആള്‍ അത് ലംഘിക്കുമ്പോള്‍ അതിന് ഗൗരവം കൂടുകയാണ്, മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

മദ്യപിച്ച കാര്യം ശ്രീറാം സമ്മതിച്ചില്ലെങ്കിലും അത് സത്യമല്ലെന്ന് എല്ലാര്‍ക്കും അറിയാം. മദ്യപിക്കാത്ത ആൾക്കെങ്ങനെയാണ് ഇത്ര വേഗതയില്‍ വാഹനം ഓടിക്കാൻ തോന്നുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. രക്തപരിശോധനയില്‍ മദ്യത്തിന്റെ അംശം തെളിയാതിരിക്കാനുള്ള മരുന്നുകള്‍ ശ്രീറാം ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *