Wed. Jan 22nd, 2025
തിരുവനന്തപുരം:

മദ്യപിച്ച് വാഹനമോടിച്ച് മാധ്യമ പ്രവര്‍ത്തകന്റെ മരണത്തിനിടയാക്കിയ സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെ നിയമക്കുരുക്കില്‍ നിന്നും രക്ഷിക്കാന്‍ എല്ലാ അടവുകളും പയറ്റി പോലീസിന്റെ ഒത്തുകളി. നിയമ നടപടികളില്‍ മനപൂര്‍വമായ വീഴ്ചകള്‍ വരുത്തിയാണ് പോലീസ് തെളിവുകള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കൊന്നും പോലീസിന് ഇതുവരെയും വ്യക്തമായ ഉത്തരങ്ങള്‍ നല്‍കാന്‍ കഴിഞ്ഞിട്ടില്ല.

മദ്യപിച്ച് വാഹനമോടിച്ചതിനുള്ള തെളിവ് എവിടെ ?

വാഹനമോടിച്ച് അപകടമുണ്ടാക്കിയ ശ്രീറാം വെങ്കിട്ടരാമന്റെ രക്തത്തില്‍ മദ്യത്തിന്റെ അംശമില്ലായിരുന്നുവെന്നാണ് പോലീസ് റിപ്പോര്‍ട്ട് നല്‍കിയത്. ആളപായമുണ്ടാക്കുന്ന വാഹനാപകടങ്ങളില്‍ കുറ്റകൃത്യം എത്ര ഗുരുതരമാണെന്ന് കോടതി തീരുമാനിക്കുന്നതില്‍ വാഹനം ഓടിച്ചയാളുടെ വൈദ്യപരിശോധനാ റിപ്പോര്‍ട്ടാണ് പ്രധാന തെളിവ്. വെള്ളിയാഴ്ച അര്‍ധരാത്രിയില്‍ ഒരുമണിയോടെയാണ് ബഷീറിന്റെ മരണത്തിനിടയാക്കിയ അപകടം നടന്നത്.

അപകടമുണ്ടായി ഒന്‍പതു മണിക്കൂറോളം കഴിഞ്ഞാണ് പോലീസ് ശ്രീറാമിന്റെ വൈദ്യ പരിശോധന നടത്തിയത്. കവടിയാറില്‍ നിന്നും അപകടയാത്ര തുടങ്ങുന്നതിന് ഏറെ സമയം മുന്‍പാണ് ശ്രീറാം മദ്യപിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ മണിക്കൂറുകള്‍ക്കു ശേഷം നടന്ന വൈദ്യപരിശോധനയില്‍ രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്താന്‍ കഴിയില്ലെന്ന് വ്യക്തം. എട്ടുമണിക്കൂറോളം കഴിയുമ്പോള്‍ തന്നെ രക്തത്തില്‍ മദ്യത്തിന്റെ അംശം ഇല്ലാതാവും എന്നാണ് ഡോക്ടര്‍മാര്‍ തന്നെ പറയുന്നത്.

സാധാരണ ഗതിയില്‍ ഇത്തരം അപകടമുണ്ടായാല്‍ എത്രയും വേഗം വൈദ്യ പരിശോധന നടത്താറുള്ള പോലീസ് അപകടത്തിന് കാരണക്കാരന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനാണെന്നറിഞ്ഞതോടെ വൈദ്യപരിശോധന പരമാവധി വൈകിപ്പിച്ചു. ആശുപത്രിയില്‍ വെച്ച് ശേഖരിച്ച രക്തസാമ്പിള്‍ കെമിക്കല്‍ എക്‌സാമിനേഷന്‍ ലാബില്‍ എത്തിച്ചാണ് പരിശോധന നടത്തിയത്. ഇതിലും അട്ടിമറി നടന്നിട്ടുണ്ടോ എന്നും സംശയിക്കപ്പെടുന്നുണ്ട്.

അപകട സ്ഥലത്തെത്തിയ പോലീസ് ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ചു പോലും ശ്രീറാമിന്റെ ശ്വാസ പരിശോധന നടത്താന്‍ തയ്യാറായില്ല. ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ മദ്യത്തിന്റെ ഗന്ധമുണ്ടെന്ന് പറഞ്ഞിരുന്നു. എന്നിട്ടും പോലീസ് വൈദ്യപരിശോധന നടത്താന്‍ ആവശ്യപ്പെട്ടില്ല. പിന്നീട് ശ്രീറാമിനെ കൊണ്ടുപോയ കിംസ് ആശുപത്രിയില്‍ വെച്ചും ഇങ്ങനെയൊരു പരിശോധന നടത്തിയില്ല. വൈദ്യപരിശോധനയില്‍ 100 മില്ലി ലിറ്റര്‍ രക്തത്തില്‍ മുപ്പത് ഗ്രാമോ അതിലധികമോ ആള്‍ക്കഹോളിന്റെ സാന്നിധ്യമുണ്ടെങ്കിലാണ് മദ്യലഹരിയിലായിരുന്നു എന്ന് കണക്കാക്കുക. ഇതോടൊപ്പം മൂത്രത്തിലെ മദ്യത്തിന്റെ അളവും പരിശോധനയ്ക്ക് വിധേയമാക്കണമെങ്കിലും പോലീസ് ഈ പരിശോധന നടത്തിയതായി സൂചനയില്ല.

ഇതോടെ മദ്യലഹരിയില്‍ വാഹനമോടിച്ച് നരഹത്യ നടത്തിയതിന്‌ തെളിവില്ലാത്ത സ്ഥിതിയാണ്. മദ്യപിച്ചിട്ടുണ്ടെന്നു മനസിലായാല്‍ അപകടമുണ്ടായ ഉടന്‍ തന്നെ സബ് ഇന്‍സ്‌പെക്ടര്‍ക്കു പോലും പ്രതിയെ അറസ്റ്റു ചെയ്ത് സര്‍ക്കാര്‍ ഡോക്ടര്‍ക്കു മുന്നില്‍ പരിശോധനക്കായി ഹാജരാക്കാം എന്നാണ് ചട്ടം. ഇതുണ്ടായില്ല എന്നതില്‍ നിന്നു തന്നെ പോലീസിന്റെ മനപൂര്‍വമുള്ള വീഴ്ച വ്യക്തം. ഒരു സാധാരണ പൗരനായിരുന്നെങ്കില്‍ ഈ വീഴ്ചകള്‍ ഉണ്ടാകുമായിരുന്നോ എന്ന ചോദ്യം പോലീസ് കേട്ടിട്ടേ ഇല്ല.

ശ്രീറാം മദ്യപിച്ചിരുന്നതായി ഒപ്പമുണ്ടായിരുന്ന പെണ്‍ സുഹൃത്ത് നല്‍കിയ മൊഴിയുടെ വിശ്വാസ്യത കോടതിയില്‍ ചോദ്യം ചെയ്യാം. അതോടൊപ്പം കുറ്റകൃത്യത്തില്‍ നിന്നും ഒഴിവാകാനാണ് ഇങ്ങനെ മൊഴി നല്‍കിയതെന്നു കൂടി വാദിച്ചാല്‍ പിന്നെ എല്ലാം എളുപ്പമായി. മദ്യപിച്ച് അമിതവേഗതയില്‍ വാഹനമോടിച്ച് നരഹത്യ നടത്തി എന്ന കുറ്റകൃത്യം ഒരു സാധാരണ വാഹനാപകട കേസ് മാത്രമാക്കി മാറ്റാം.

മാധ്യമങ്ങളുട സമ്മര്‍ദ്ദത്തെ തുടര്‍ന്നുള്ള കേസാണിതെന്ന് ശ്രീറാമിന്റെ ജാമ്യാപേക്ഷയില്‍ അഭിഭാഷകന്‍ ഉന്നയിച്ച വാദവും കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിലേക്ക് വിരല്‍ ചൂണ്ടുന്നു.

അമിത വേഗത്തിനും തെളിവില്ല

അമിത വേഗതയില്‍ വാഹനമോടിച്ചതിന് തെളിവില്ലെന്നാണ് പോലീസിന്റെ മറ്റൊരു വാദം. അപകടം നടന്ന മ്യൂസിയം ഭാഗത്തെ കാമറ പ്രവര്‍ത്തിച്ചിരുന്നില്ല എന്നാണ് പോലീസിന്റെ വാദം. കവടിയാറിലെ കാമറയില്‍ കാര്‍ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെങ്കിലും ഇതില്‍ വേഗത രേഖപ്പെടുത്താനുള്ള സംവിധാനമില്ല എന്നാണ് അടുത്ത വാദം.

വെള്ളയമ്പലം ഭാഗത്തുള്ളത് മോട്ടോര്‍ വാഹന വകുപ്പിന്റെ രണ്ടു കാമറകള്‍. ഇതിലും കാറിന്റെ വേഗത രേഖപ്പെടുത്തിയിട്ടില്ല. അറുപതു കിലോമീറ്ററില്‍ കുറവാണെങ്കില്‍ വേഗത രേഖപ്പെടുത്തില്ലെന്ന് പോലീസ് പറയുന്നു. ഈ കാമറയുടെ കാര്യത്തില്‍ പോലീസിന്റെ വാദം ശരിയാണെങ്കില്‍ ശ്രീറാമിന്റെ ഒപ്പമുണ്ടായിരുന്ന വഫ ഫിറോസിന്റെ മൊഴി കൂടി ചേര്‍ത്തു വായിച്ചാല്‍ ഒരു പക്ഷേ വെള്ളയമ്പലം കഴിഞ്ഞ ശേഷമാകാം ഇയാള്‍ ഡ്രൈവിങ് സീറ്റില്‍ കയറിയത്.

ഒരു ഡോക്ടര്‍ കൂടിയായ ശ്രീറാം വെങ്കിട്ടരാമന് താന്‍ കുടുങ്ങുന്ന കേസ് അട്ടിമറിക്കാനുള്ള ശ്രമം നടത്താനും വളരെ എളുപ്പമാണ്. വീഴ്ചകളെ കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ അതൊന്നും നിഷേധിച്ചിട്ടില്ല. തുടക്കം മുതലേ ഈ കേസില്‍ പോലീസിന്റെ മെല്ലെപ്പോക്ക് വളരെ വ്യക്തമായിരുന്നു. അപകടത്തില്‍ മരണമടഞ്ഞത് തലസ്ഥാനത്തെ അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തന്‍ ആയിരുന്നതിനാല്‍ മാധ്യമപ്രവര്‍ത്തകരുടെ ഇടപെടലാണ് കേസ് അട്ടിമറിക്കുന്നതില്‍ നിന്നും പോലീസിനെ ഒരുപരിധിവരെയെങ്കിലും തടഞ്ഞത്.

ബാക്കിയാകുന്ന ചോദ്യങ്ങള്‍

കിംസ് ആശുപത്രിയില്‍ വിരലടയാളം രേഖപ്പെടുത്താന്‍ ചെന്ന പോലീസിന് അതിനു കഴിഞ്ഞില്ല. എന്നാല്‍ അഭിഭാഷകന് ശ്രീറാം വക്കാലത്ത് ഒപ്പിട്ടു കൊടുത്തതെങ്ങനെ ?
അപകടമുണ്ടാക്കിയ വാഹനം ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിക്കും മുന്‍പെ സംഭവ സ്ഥലത്തു നിന്നും മാറ്റിയതെന്തിന് ?
ജനറല്‍ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്ത പ്രതിയെ സുഹൃത്തിനൊപ്പം സ്വകാര്യ ആശുപത്രിയിലേക്ക് വിട്ടതെന്തിന് ?
മദ്യത്തിന്റ സാന്നിധ്യം ന്യൂട്രലൈസ് ചെയ്യുന്ന മരുന്നുകള്‍ സ്വകാര്യ ആശുപത്രിയില്‍ നിന്നും നല്‍കിയോ ?

ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നില്ലെങ്കിലും മറ്റൊരു കേസിലും ഉണ്ടാകാത്ത മനപൂര്‍വമുള്ള വീഴ്ചകള്‍ ഈ കേസില്‍ പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളതായി വ്യക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *