Mon. Dec 23rd, 2024
ന്യൂഡല്‍ഹി :

ജമ്മു കശ്മീര്‍ വിഭജന വിഷയത്തില്‍ ശക്തമായ വാദ പ്രതിവാദങ്ങള്‍ക്കാണ് ചൊവ്വാഴ്ച ലോക്സഭ വേദിയായത്. പ്രതിപക്ഷ കക്ഷി നേതാക്കള്‍ ഉന്നയിച്ച പല ചോദ്യങ്ങള്‍ക്കും ബി.ജെ.പി. സര്‍ക്കാരിനും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ഉത്തരം മുട്ടി. എന്നാല്‍ മറുചോദ്യങ്ങളുന്നയിച്ച് അമിത് ഷാ പ്രതിപക്ഷാംഗങ്ങളെ നിശബ്ദരാക്കുകയായിരുന്നു.

കശ്മീര്‍ വിഷയത്തില്‍ ലോകസഭയില്‍ അവതരിപ്പിച്ച ബില്ലിനും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ പ്രമേയത്തിനുമെതിരെ കോണ്‍ഗ്രസും ഡി.എം.കെയുമാണ് ശക്തമായ പ്രതിഷേധം ഉയര്‍ത്തിയത്. കോണ്‍ഗ്രസ് ലോക്സഭ പാര്‍ട്ടി നേതാവായ അധീര്‍ രഞ്ജന്‍ ചൗധരിയാണ് ആദ്യം സംസാരിച്ചത്. 1948 മുതല്‍ ഐക്യരാഷ്ട്രസഭയുടെ നിരീക്ഷണത്തിലുള്ള വിഷയമാണ് ജമ്മു കശ്മീര്‍. അതിനാല്‍ ഈ തീരുമാനം എങ്ങനെ ആഭ്യന്തര കാര്യമാകും എന്നായിരുന്നു ചൗധരിയുടെ ചോദ്യം. ഇതിന് ഉത്തരം നല്‍കുന്നതിനു പകരം കാശ്മീരിനെ യു.എന്‍. നിയന്ത്രണത്തില്‍ വിടണമെന്നാണോ താങ്കളുടെ ആഗ്രഹം എന്നായി അമിത് ഷാ.

പാക്ക് അധിനിവേശ കശ്മീരിനെക്കുറിച്ച് എന്താണ് പരാമര്‍ശിക്കാത്തത് എന്ന് ചൗധരി ചോദിച്ചു. കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്നാണോ നിങ്ങള്‍ പറയുന്നത് എന്നായി അമിത് ഷായുടെ മറുചോദ്യം. ഇതോടെ വാക്കുകള്‍ കൊണ്ട് തന്നെ കുരുക്കിലാക്കാനുള്ള നീക്കമാണെന്ന് മനസിലാക്കിയ ചൗധരി നിശബ്ദനായി. ഉത്തരം മുട്ടുമ്പോള്‍ ദേശീയതയും വര്‍ഗീയതയും നിറഞ്ഞ ആരോപണങ്ങള്‍ കൊണ്ട് എതിരാളികളെ ഉത്തരം മുട്ടിക്കുന്ന ബി.ജെ.പി .നേതാക്കളുടെ തന്ത്രം ഇന്നും ആവര്‍ത്തിച്ചു. കശ്മീര്‍ എന്നു പറയുമ്പോള്‍ എല്ലാം ഉള്‍പ്പെടും എന്നായിരുന്നു അമിത് ഷായുടെ വാദം.

ഇതിനിടെ ലോകസഭയില്‍ മറുപടിയില്ലാതെ നില്‍ക്കേണ്ട സാഹചര്യമുണ്ടായതില്‍ രാഹുല്‍ ഗാന്ധിയും സോണിയാഗാന്ധിയും ചൗധരിയോട് അതൃപ്തി അറിയിച്ചു. ഇതോടെ കശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ അഭിപ്രായഭിന്നത എന്നായി വാര്‍ത്തകള്‍.

അതേസമയം ലോക്സഭയിലെ തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു എന്ന് കോണ്‍ഗ്രസ് ലോകസഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. പാക്ക് അധീന കശ്മീര്‍ തിരിച്ചു പിടിക്കണമെന്ന് 1994ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പ്രമേയം പാസാക്കിയതാണ്. അത് നമ്മുടെ രാജ്യത്തേക്ക് തിരികെ കൂട്ടിച്ചേര്‍ക്കണം. എന്നാല്‍ ഇപ്പോള്‍ ജമ്മു കശ്മീര്‍ വിഭജിക്കപ്പെട്ടിരിക്കുകയാണ്. എന്താകും ഇനി പാകിസ്ഥാന്റെ അധീനതയിലായ കശ്മീരിന്റെ സ്ഥിതി എന്നും ചൗധരി ചോദിച്ചു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് ഭരണഘടനാ നിര്‍മാണ സഭയുടെ അനുവാദം വേണമെന്നാണ് മനീഷ് തീവാരി അഭിപ്രായപ്പെട്ടത്. ജമ്മുകശ്മീരില്‍ നിലവില്‍ നിയമനിര്‍മാണസഭ ഇല്ലാത്തതിനാല്‍ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും മനീഷ് തീവാരി പറഞ്ഞു. കേന്ദ്രഭരണ പ്രദേശങ്ങള്‍ സംസ്ഥാനങ്ങളാക്കി മാറ്റിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു സംസ്ഥാനം കേന്ദ്രഭരണ പ്രദേശമാക്കുന്നതെന്നും തിവാരി കുറ്റപ്പെടുത്തി.

കശ്മീരിലെ ലോക്സഭാംഗമായ ഫറൂഖ് അബ്ദുള്ളയെ അറസ്റ്റു ചെയ്ത സംഭവത്തില്‍ ദയാനിധി മാരനും, മുന്‍ കേന്ദ്രമന്ത്രി ടി.ആര്‍. ബാലുവും പ്രതിഷേധം അറിയിച്ചു. ബില്ലിനെ അംഗീകരിക്കില്ലെന്ന് ബാലു വ്യക്തമാക്കി. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുധീപ് ബന്ദോപാധ്യായയും ബില്ലിനെ എതിര്‍ത്തു. ലോകസഭയില്‍ ഈ വിഷയത്തില്‍ ഇന്നു നടക്കുന്ന വോട്ടെടുപ്പില്‍ നിന്നും തൃണമൂല്‍ കോണ്‍ഗ്രസും വിട്ടു നില്‍ക്കും. പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ടെങ്കിലും ബി.ജെ.പി. സര്‍ക്കാരിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ തന്നെ ബില്ല് പാസാക്കിയെടുക്കാന്‍ കഴിയുമെന്നാണ് ഡല്‍ഹിയില്‍ നിന്നുള്ള സൂചന.

Leave a Reply

Your email address will not be published. Required fields are marked *