Sun. Nov 17th, 2024

കളികളത്തിനുള്ളിൽ ക്രിക്കറ്റ് ആരാധകർ കണ്ടിട്ടുണ്ട് മുൻ ഇന്ത്യ – പാക് ക്രിക്കറ്റ് താരങ്ങളായ ഗൗതം ഗംഭീറിന്റെയും ഷാഹിദ് അഫ്രീദിയുടെയും വാക് പോര്. ട്വിറ്ററിൽ വീണ്ടും ഇരുവരും കൊമ്പുകോർക്കുകയാണ് എന്നാൽ, ഇത്തവണ റൺസിനെയോ വിക്കറ്റിനെയോ ചൊല്ലിയല്ല, ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിൻമേലാണെന്ന് മാത്രം.

കശ്മീരികൾക്ക് യു.എൻ അംഗീകരിച്ച അവരുടെ അവകാശങ്ങൾ വിട്ടുകൊടുക്കണമെന്നാണ് അഫ്രീദി ട്വിറ്ററിൽ രേഖപ്പെടുത്തിയത്. എല്ലാവരെയും പോലെ അവകാശങ്ങൾ കശ്മീരികൾക്കുമുണ്ട്. ഈയൊരു അവസരത്തിൽ ഉറക്കം നടിക്കാനാണെങ്കിൽ എന്തിനാണ് ഐക്യരാഷ്ട്ര സഭ രൂപീകരിച്ചിരിക്കുന്നതെന്നും അഫ്രീദി ചോദിച്ചു. മുൻപ് അറിയിച്ചത് പോലെ ട്രംപ് കശ്മീർ വിഷയത്തിൽ മധ്യസ്ഥ വഹിക്കണമെന്നാണ് തന്റെ അഭിപ്രായം താരം അറിയിച്ചു.

എന്നാൽ, ഇതിന് പ്രതികരണവുമായി വന്നത് ബി.ജെ.പി. എം.പി. കൂടിയായ ഗംഭീർ‌ ആയിരുന്നു. പതിവ് പോലെ അഫ്രീദി എത്തിയിരിക്കുകയാണെന്ന് പരിഹസിച്ചുകൊണ്ടാണ് ഗംഭീറിന്റെ തുടക്കം. പ്രകോപനമില്ലാതെ ആക്രമണം, മാനവികതക്ക് നേരെയുള്ള അതിക്രമം എല്ലാം കശ്മീരിലുണ്ട്, ഇത് ചർച്ചവിഷയമാക്കിയ അഫ്രീദി പ്രശംസയർഹിക്കുന്നു. എന്നാൽ ഇവയെല്ലാം നടക്കുന്നത്, പാക് അധീന കശ്മീരിലാണ്, താമസിക്കാതെ ഞങ്ങളത് പരിഹരിക്കുന്നതായിരിക്കുമെന്നും ഗംഭീർ, പരിഹസിക്കും വിധം പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *